ന്യൂഡൽഹി: ഗുജറാത്തിലെ ഇന്ത്യ-പാക് അതിർത്തിക്കടുത്തുള്ള അദാനി ഗ്രൂപ്പിന്റെ പുനഃരുപയോഗ ഊർജ പദ്ധതിക്കുവേണ്ടി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ലോക്‌സഭയുടെ നടുത്തളത്തിൽ പ്രതിപക്ഷ പ്രതിഷേധം. സർക്കാർ അദാനിക്കുവേണ്ടി ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് അവർ ആരോപിച്ചു.
പാർട്ടി ഇതുവരെ പാർലമെന്റിന് പുറത്ത് ഉന്നയിച്ചിരുന്ന വിഷയം കോൺഗ്രസ് എം.പി മനീഷ് തിവാരി ചോദ്യോത്തര വേളയിൽ ഉയർത്തി. പദ്ധതിയുടെ ഗണഭോക്താവിന്റെ പേര് തിവാരി പറഞ്ഞില്ല. പക്ഷേ, കോൺഗ്രസ് നേതാക്കൾ അദാനി ഗ്രൂപിന്റെ പേര് സഭക്ക് പുറത്ത് പറഞ്ഞു. പാകിസ്താൻ അതിർത്തിക്കടുത്തുള്ള പദ്ധതിക്ക് അംഗീകാരം നൽകി നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്റെ സുരക്ഷയുമായി കളിക്കുകയാണെന്ന് ആരോപിച്ചു.ഖാവ്ഡയിലെ വരാനിരിക്കുന്ന പുനഃരുപയോഗ ഊർജ്ജ പദ്ധതി ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വരെ നീളുമെന്ന് തിവാരി പറഞ്ഞു. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ പരിധിയിലുള്ള വലിയ അടിസ്ഥാന സൗകര്യ പദ്ധതികളെ സുരക്ഷാ പ്രോട്ടോക്കോൾ വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിക്ക് അനുമതി നൽകുന്നതിന് സുരക്ഷാ പ്രോട്ടോക്കോളുകൾ ഇളവ് ചെയ്തിട്ടുണ്ടോ എന്ന് സഭയോട് പറയാൻ അദ്ദേഹം ബന്ധപ്പെട്ട മന്ത്രിയോട് ആവശ്യപ്പെട്ടു. പുനഃരുപയോഗ ഊർജ മന്ത്രി പ്രഹ്ലാദ് ജോഷി ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയത് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായി.‘മിസ്റ്റർ സ്പീക്കർ, തന്ത്രപരമായ സുരക്ഷയും ഊർജ സുരക്ഷയും പരസ്പരം കൈകോർത്ത് പോകേണ്ടത് വളരെ പ്രധാനമാണ്. ഖാവ്ഡയിൽ വളരെ വലിയ ഒരു പുനഃരുപയോഗ ഊർജ സൗകര്യം സ്ഥാപിക്കപ്പെടുന്നു. ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വരെ ഈ സൗകര്യം വ്യാപിക്കും. അതിർത്തിയിൽനിന്ന് 10 കിലോമീറ്ററിനുള്ളിൽ ഒരു വലിയ അടിസ്ഥാന സൗകര്യ പദ്ധതിയും സ്ഥാപിക്കാൻ കഴിയില്ലെന്ന് ദേശീയ സുരക്ഷാ പ്രോട്ടോക്കോളുകൾ പറയുന്നു’ -ചോദ്യോത്തര വേളയിൽ തിവാരി പറഞ്ഞു.
‘ഖാവ്ഡയിൽ ഈ പദ്ധതി സ്ഥാപിക്കുന്നതിന് ദേശീയ സുരക്ഷാ പ്രോട്ടോക്കോളുകളിൽ ഇളവ് വരുത്തിയിട്ടുണ്ടോ എന്ന് ബഹുമാനപ്പെട്ട മന്ത്രിയോട് ഞാൻ ചോദിക്കുന്നു. രണ്ടാമതായി, ഈ പുനഃരുപയോഗ ഊർജ പദ്ധതിക്ക് സർക്കാർ എത്ര ഇളവ് നൽകിയിട്ടുണ്ട്? -കോൺഗ്രസ് എം.പി ജോഷിയോട് ചോദിച്ചു. പ്രധാന ചോദ്യവുമായി ഈ ചോദ്യത്തിന് ബന്ധമില്ലെന്ന് ആദ്യം പറഞ്ഞ ജോഷി, എന്നാൽ, ആവശ്യമായ എല്ലാ അനുമതികളും നേടിയതിനുശേഷം മാത്രമേ പദ്ധതി അംഗീകരിച്ചിട്ടുള്ളൂ എന്ന് സഭയെ അറിയിച്ചു.
ജോഷിയുടെ മറുപടി അപര്യാപ്തമാണെന്ന് പ്രതിപക്ഷം വിശേഷിപ്പിക്കുകയും വിശദമായ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. കോൺഗ്രസിൽ നിന്നും ഡി.എം.കെയിൽ നിന്നുമുള്ള പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലേക്ക് ഓടിക്കയറി മുദ്രാവാക്യങ്ങൾ മുഴക്കി. കുറച്ചുനേരം മുദ്രാവാക്യം വിളിച്ച ശേഷം പ്രതിപക്ഷ അംഗങ്ങൾ വാക്ക്ഔട്ട് നടത്തി. ‘ഖാവ്ഡയിൽ അദാനി പവറിന്റെ പുനഃരുപയോഗ ഊർജ പദ്ധതി സ്ഥാപിക്കുന്നുണ്ടെന്ന് മാധ്യമങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി. അപ്പോൾ ചോദ്യം... അദാനി ദേശീയ സുരക്ഷക്ക് മുകളിലാണോ? അദാനിയുടെ ലാഭത്തിനായി സൈന്യം ഉന്നയിച്ച ആശങ്കകൾ അവഗണിച്ചോ?’ ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വിഷയത്തിൽ മോദി സർക്കാറിനെ ഞങ്ങൾ ശക്തമായി അപലപിക്കുകയും സർക്കാരിൽ നിന്ന് ശരിയായ പ്രതികരണം ആവശ്യപ്പെടുകയും ചെയ്യുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗതം അദാനിയും അദ്ദേഹത്തിന്റെ അനന്തരവൻ സാഗറും കഴിഞ്ഞ വർഷം കൈക്കൂലി ആരോപണങ്ങളിൽ യു.എസിൽ കുറ്റാരോപിതരായിരുന്നു. ഖാവ്ഡയിൽ ലോകത്തിലെ ഏറ്റവും വലിയ പുനഃരുപയോഗ ഊർജ പ്ലാന്റ് നിർമ്മിക്കുന്നതിനായി അദാനി ഗ്രൂപ്പിനുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ കേന്ദ്രം ലഘൂകരിച്ചതായി ബ്രിട്ടീഷ് ദിനപത്രമായ ‘ദി ഗാർഡിയൻ’ ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൈക്കൂലി ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിക്കുകയും ഖാവ്ഡ പദ്ധതി എല്ലാ നിയമങ്ങൾക്കും അനുസൃതമാണെന്ന് വാദിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.