പത്തനംതിട്ട: പാർട്ടിക്കകത്ത് ഒരു വെല്ലുവിളിയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആരോഗ്യകരമായ ചർച്ചയും സ്വയംവിമർശനവുമാണ് സമ്മേളന ദിവസങ്ങളിൽ നടന്നത്. പാർട്ടിക്കകത്ത് ഒരു അപസ്വരവുമില്ല. പൂർണമായും യോജിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. പത്‍മകുമാറൊന്നും പാർട്ടിക്കു പ്രശ്നമുള്ള കാര്യമല്ലെന്നും എം.വി.ഗോവിന്ദൻ തുറന്നടിച്ചു.
അതേസമയം, പത്‍മകുമാർ സമൂഹമാധ്യമത്തിൽ പ്രതിഷേധക്കുറിപ്പ് ഇടാനുള്ള സാഹചര്യം പാർട്ടി ഗൗരവത്തോടെ പരിശോധിക്കുമെന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. പത്‍മകുമാർ പോസ്റ്റ് പിൻവലിച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ ഇല്ലെങ്കിൽ ക്ഷണിതാവാക്കുകയെന്നതു കീഴ്‌വഴക്കമാണെന്നും രാജു ഏബ്രഹാം പറഞ്ഞു.
‘‘വീണാ ജോർജ് ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിലാണ് പാർട്ടിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ക്ഷണിതാവാക്കിയത്. സംസ്ഥാന കമ്മിറ്റി മന്ത്രിമാർക്കു സംസാരിക്കാനുള്ള വേദിയാണ്.മറ്റു മന്ത്രിമാർ സംസ്ഥാന കമ്മിറ്റിയിൽ അംഗങ്ങളാണ്. പത്‍മകുമാർ പാർട്ടിക്കു വലിയ സംഭാവന നൽകിയ ആളാണ്. പാർട്ടി ഭരണഘടന പ്രകാരം ഇത്തരം അഭിപ്രായങ്ങൾ പാർട്ടി ഘടകത്തിലാണു പറയേണ്ടത്.’’ – രാജു ഏബ്രഹാം വ്യക്തമാക്കി.

‘‘മന്ത്രിയെന്ന നിലയിൽ വീണയുടെ പ്രവർത്തനം മികച്ചതാണ്. ആറന്മുള പോലെ ജയിക്കാൻ ബുദ്ധിമുട്ടുള്ള മണ്ഡലത്തിൽ തുടർച്ചയായി രണ്ടു തവണ മിന്നും വിജയം വീണ നേടി. വീണാ ജോർജിന്റെ പ്രവർത്തനം എല്ലാവരും അംഗീകരിക്കുന്നു. 12ന് ജില്ലാ കമ്മിറ്റിയിൽ ഈ വിഷയം പരിശോധിക്കും. സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യും.’’ – രാജു ഏബ്രഹാം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.