ഹരിയാണ: പോക്സോ കേസില്‍ ഹാസ്യതാരത്തിന് 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഹരിയാണ സ്വദേശിയും യൂട്യൂബിലെ ഹാസ്യവീഡിയോകളിലൂടെ ശ്രദ്ധേയനുമായ ഹാസ്യതാരം ദര്‍ശനെയാണ് ഹിസാര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സുനില്‍ ജിന്‍ഡാല്‍ ശിക്ഷിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ദര്‍ശനെ കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചതിന് പുറമേ മറ്റു വകുപ്പുകളിലായി ആറുവര്‍ഷം കൂടി തടവ് വിധിച്ചിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിക്ക് പ്രതി രണ്ടുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2020 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. യൂട്യൂബില്‍ ഹാസ്യവീഡിയോകള് ചെയ്ത് പ്രശസ്തനായ ദര്ശന് തന്റെ വീഡിയോയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയത്. വീഡിയോ ചിത്രീകരണത്തിന് ശേഷം തനിക്കൊപ്പം ചണ്ഡീഗഢിലേക്ക് വരണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടി ഇതിന് വിസമ്മതിച്ചെങ്കിലും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ചണ്ഡീഗഢിലെ ഹോട്ടലില്‍വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു. ഇതിനായി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കാനായി വ്യാജരേഖകളും നിര്‍മിച്ചു. ഇതിനിടെ പ്രതിയില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി അമ്മയോട് ദുരനുഭവം തുറന്നുപറയുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് ദര്‍ശനെ നേരത്തെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങി. കഴിഞ്ഞദിവസം കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ പ്രതിയെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.