കോഴിക്കോട്∙ മേപ്പയൂരിൽ പത്താം ക്ലാസ് വിദ്യാർഥിയെ പൊലീസ് മർദിച്ച് വാനിൽ കയറ്റിക്കൊണ്ടുപോയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ നടത്താനൊരുങ്ങുകയാണ് നാട്ടുകാർ. പുറക്കാമല കരിങ്കൽ ഖനനം നടത്താനെത്തിയവരെ ജമ്യം പാറയിൽ സമരസമിതി പ്രവർത്തകർ തടയുന്നതു കാണാനെത്തിയ പത്താം ക്ലാസുകാരനെയാണ് വലിച്ചിഴച്ച് വാനിൽ കയറ്റിക്കൊണ്ടുപോയത്.
മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കീഴ്പയൂർ വാളിയിൽ മിസ്ഹബിനെയാണ് പൊലീസ് മർദിച്ചത്. സംഭവസ്ഥലത്ത് സംഘർഷം ഉണ്ടായപ്പോൾ കാഴ്ചക്കാരനായിരുന്ന മിസ്ഹബിനെ പൊലീസുകാർ വലിച്ചിഴച്ച് വാനിലേക്ക് കയറ്റുകയായിരുന്നു. കോളറിൽ പിടിച്ചു മിസ്ഹബിനെ വലിച്ചിഴച്ചു വാനിലേക്കു തള്ളിക്കയറ്റുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മിസ്ഹബിനെ കൊണ്ടുപോകരുതെന്നും പരീക്ഷ ഉള്ളതാണെന്നും പറഞ്ഞ് സ്ത്രീകൾ നിലവിളിക്കുന്നുണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ 11ന് കസ്റ്റഡിയിൽ എടുത്ത മിസ്ഹബ്, താൻ നിരപരാധിയാണെന്നും കാഴ്ചക്കാരനായി എത്തിയതാണെന്നും പിറ്റേന്ന് പരീക്ഷ എഴുതേണ്ടതാണെന്നു പറഞ്ഞിട്ടും മേപ്പയൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.കെ. ഷിജു വിട്ടയച്ചില്ലെന്ന് പിതാവ് നൗഷാദ് പറഞ്ഞു. നാട്ടുകാർ പ്രശ്നമുണ്ടാക്കിയപ്പോൾ വൈകിട്ടോടെയാണ് വിട്ടയച്ചത്. ഇന്നലെ പരീക്ഷ കഴിഞ്ഞ ശേഷം മിസ്ഹബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിസ്ഹബിന്റെ കൈക്ക് പരുക്കേറ്റു.വാനിലുള്ളിൽ വച്ച് പൊലീസ് ബൂട്ടിട്ട് ചവിട്ടുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. പ്രതികാര ബുദ്ധിയോടെയാണ് പൊലീസ് പെരുമാറിയത്. സമരം ഏതുവിധേനെയും പൊളിക്കാനാണ് ശ്രമം നടത്തുന്നതെന്നും നൗഷാദ് പറഞ്ഞു.
മുഖ്യമന്ത്രി, ബാലാവകാശ കമ്മിഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. ബാലാവകാശ കമ്മിഷൻ അംഗങ്ങൾ എത്തി മൊഴി രേഖപ്പെടുത്തി. കുട്ടിയെ കൗൺസിലിങ്ങിനു വിധേയനാക്കിയെന്നും നൗഷാദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.