തലശ്ശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) കൊല്ലപ്പെട്ട കേസിൽ സിപിഎം പ്രവർത്തകരായ ഒൻപതു പ്രതികൾ കുറ്റക്കാരെന്നു തലശ്ശേരി കോടതി. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി.കെ.രജീഷ് ഉൾപ്പെടെയുള്ളവരെയാണു പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദ് കുറ്റക്കാരെന്നു കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
പത്തായക്കുന്ന് കാരായിന്റവിട ടി.കെ.രജീഷ് (45), കാവുംഭാഗം പുതിയേടത്ത് എൻ.വി.യോഗേഷ് (45), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കെ.ഷംജിത്ത് എന്ന ജിത്തു, കൂത്തുപറമ്പ് നരവൂർ പി.എം.മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റവളപ്പിൽ നെയ്യോത്ത് സജീവൻ (56), പണിക്കന്റവിട വി.പ്രഭാകരൻ (65), പുതുശ്ശേരി വീട്ടിൽ കെ.വി.പത്മനാഭൻ (67), മന്ദമ്പേത്ത് രാധാകൃഷ്ണൻ (60), എടക്കാട് കണ്ണവത്തിൻമൂല നാഗത്താൻ കോട്ട പ്രകാശൻ (56) എന്നീ പ്രതികളാണു കുറ്റക്കാർ.
ഒന്നാം പ്രതി മുഴപ്പിലങ്ങാട് പള്ളിക്കൽ പി.കെ.ഷംസുദീൻ, 12–ാം പ്രതി മക്രേരി കിലാലൂർ ടി.പി.രവീന്ദ്രൻ എന്നിവർ വിചാരണയ്ക്കു മുൻപ് മരിച്ചിരുന്നു. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. 2005 ഓഗസ്റ്റ് 7ന് രാവിലെ 8.40ന് മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുൻപിൽ ഓട്ടോറിക്ഷയിലെത്തിയ സംഘം സൂരജിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.
കേസിൽ 28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകൾ ഹാജരാക്കി. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 2 പ്രതികളെ ഇനിയും കണ്ടെത്താൻ സാധിച്ചില്ലെന്നും തുടരന്വേഷണം വേണമെന്നും കാണിച്ചാണു കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നത്.ടി.കെ.രജീഷ് നൽകിയ കുറ്റസമ്മത മൊഴി പ്രകാരം രജീഷിനെയും പി.എം.മനോരാജിനെയും കേസിൽ ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം നൽകുകയായിരുന്നു.
2010ൽ വിചാരണ തുടങ്ങാനിരുന്നെങ്കിലും സാക്ഷികൾ ഹാജരാവാത്തതിനാൽ വിചാരണ തുടങ്ങിയില്ല. ഇതിനുശേഷം സൂരജിന്റെ അമ്മ സതി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് അഡ്വ. പി.പ്രേമരാജനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. പ്രതിഭാഗത്തിനു വേണ്ടി അഡ്വ.സി.കെ.ശ്രീധരൻ, അഡ്വ.എൻ.ആർ.ഷാനവാസ് എന്നിവർ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.