തൃശ്ശൂർ: ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്രമായ പരാതിയിൽ പോലീസ് നടപടി വിവാദത്തിലേക്ക്. പ്രാഥമിക അന്വേഷണം നടത്താതെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടപടിക്കെതിരെ ഉന്നതതല അന്വേഷണത്തിന് തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു.
കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുന്ന ഭർത്താവ് ഭാര്യക്കെതിരെ നൽകിയ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് പ്രാഥമിക അന്വേഷണം നടത്താതെയാണ് കേസെടുത്തത്. ഈ നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തൃശ്ശൂർ ജില്ലാ പോലീസ് മേധാവി, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി.യെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കൊടുങ്ങല്ലൂർ പോലീസിന് ലഭിച്ച പരാതിയിൽ പ്രാഥമിക പരിശോധന നടത്താതെ കേസ് എടുത്ത രീതി സമൂഹത്തിന് തെറ്റായ സന്ദേശം നൽകിയെന്ന് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് ചൂണ്ടിക്കാട്ടി. തുടർന്ന് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്.
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി കുട്ടിയുടെ മാതാവ് എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിരിഞ്ഞു കഴിയുന്ന ഭർത്താവിൻ്റെ പരാതിയിൽ ആഴ്ചകൾക്ക് മുമ്പ് കൊടുങ്ങല്ലൂർ പോലീസ് മാതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മുലകുടി മാറാത്ത കുഞ്ഞിനെ മാതാവ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച് ഇവർ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഭർത്താവിൻ്റെ പരാതി.
ഈ സംഭവങ്ങളൊന്നും പരിശോധിക്കുകയോ പരിഗണിക്കുകയോ ചെയ്യാതെയാണ് കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തത്. കുട്ടിയുടെ മാതാവിനെ പ്രതിയാക്കിയതോടെ അവർ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച ഹൈക്കോടതി, ഇത്തരം കേസ് വിശ്വസിക്കാൻ കഴിയില്ലെന്ന് വിമർശിക്കുകയും പോലീസിനെതിരെ ശക്തമായ താക്കീത് നൽകുകയും ചെയ്തു.
ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ മാതാവ് പീഡിപ്പിച്ചെന്ന പരാതി വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. മുലകുടി മാറാത്ത കുഞ്ഞിനെ മാതാവ് പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത പോലീസ് നടപടിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ആശ്ചര്യം പ്രകടിപ്പിച്ചു. കേസിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പോലീസിന് നിർദ്ദേശം നൽകി.
പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹർജിക്കാരിയും ഭർത്താവും തമ്മിൽ വൈവാഹിക തർക്കത്തിന് പുറമെ കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച കേസും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടിക്കെതിരെ മാതാവിൽ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്ന് പിതാവ് പരാതി നൽകിയത്.
കുട്ടിയുടെ മാതാവിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി, പോക്സോ കേസ് തെറ്റെന്ന് തെളിഞ്ഞാൽ പിതാവിനെതിരെ നടപടിയെടുക്കണമെന്ന് പോലീസിനോട് നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് പോലീസ് തലത്തിലും അന്വേഷണത്തിന് വഴി തുറക്കുന്നത്.
പ്രാഥമിക അന്വേഷണം നടത്താതെ പോക്സോ കേസെടുത്ത പോലീസ് നടപടിയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.