ചാലിശ്ശേരി: കേരള സാഹിത്യ അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായി ചീഫ് ലൈബ്രേറിയൻ പദവിയിലെത്തിയ പി.കെ. ശാന്തയെ ചാലിശ്ശേരി ജി.സി.സി. ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആദരിച്ചു. കഴിഞ്ഞ നാലര പതിറ്റാണ്ടായി ഗ്രാമത്തിൽ കായിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്ന ക്ലബ്ബാണ് ജി.സി.സി. ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്. ക്ലബ്ബ് സെക്രട്ടറി ജിജു ജേക്കബ് പി.കെ. ശാന്തയ്ക്ക് ഉപഹാരം നൽകി. ക്ലബ്ബ് രക്ഷാധികാരി പി.എസ്. വിനു, വൈസ് പ്രസിഡൻ്റ് സി.വി. മണികണ്ഠൻ, ജോയിൻ്റ് സെക്രട്ടറി ബാബു പി. ജോർജ്, ഭരണസമിതി അംഗങ്ങളായ റോബർട്ട് തമ്പി, എ.സി. ജോൺസൻ, ബോബൻ സി. പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അക്ഷരങ്ങളുടെയും അറിവിൻ്റെയും ലോകത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശാന്ത പി.കെ., സ്ത്രീശക്തിയുടെ പ്രതീകമായി തലയുയർത്തി നിൽക്കുന്നു. കേരള സാഹിത്യ അക്കാദമിയുടെ 69 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ചീഫ് ലൈബ്രേറിയൻ പദവിയിലെത്തിയ ശാന്ത, പുസ്തകങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു മാതൃകാ വനിതയാണ്. 1956-ൽ സ്ഥാപിതമായ കേരള സാഹിത്യ അക്കാദമിയിൽ 2007-ലാണ് ശാന്ത ലൈബ്രേറിയൻ ഗ്രേഡ് IV ആയി ജോലിയിൽ പ്രവേശിക്കുന്നത്. 14 വർഷത്തെ കഠിനാധ്വാനത്തിലൂടെ 2021 സെപ്റ്റംബറിൽ അക്കാദമിയിലെ ആദ്യ വനിതാ ഫസ്റ്റ് ഗ്രേഡ് ലൈബ്രേറിയനായി സ്ഥാനക്കയറ്റം നേടി. പിന്നീട് ചീഫ് ലൈബ്രേറിയൻ പദവിയിലെത്തിയതോടെ കേരള സാഹിത്യ അക്കാദമിയുടെ ചരിത്രത്തിൽ ശാന്ത പി.കെ തൻ്റെ പേര് സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്തിരിക്കുകയാണ്.
ചീഫ് ലൈബ്രേറിയൻ എന്ന നിലയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ അക്കാദമി ലൈബ്രറിയെ ശാന്ത നവീകരിച്ചു. അക്കാദമിയുടെ വെബ്സൈറ്റിൽ ലൈബ്രറിക്കായി പ്രത്യേക പേജ് ആരംഭിക്കുകയും ഒന്നര ലക്ഷത്തോളം പുസ്തകങ്ങളുടെ വിവരങ്ങളും ചരിത്രവും ആനുകാലികങ്ങളും ഡിജിറ്റൈസ് ചെയ്ത് പുതുതലമുറയ്ക്ക് ഉപയോഗപ്രദമാക്കുകയും ചെയ്തു. വായനയെ കൂടുതൽ ജനകീയമാക്കാനും ഗവേഷകരെ പ്രോത്സാഹിപ്പിക്കാനും നവമാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനും ശാന്തയ്ക്ക് സാധിച്ചു.
ബാല്യത്തിൽ പുസ്തകങ്ങൾക്കിടയിൽ വളർന്ന ശാന്ത, അക്കാദമിയുടെ ഉയർന്ന സ്ഥാനത്തേക്ക് എത്തിയപ്പോൾ ഗ്രന്ഥശാലകളെ പഠനത്തിൻ്റെയും അറിവിൻ്റെയും ക്ഷേത്രമായി കണ്ടു. 1772-ൽ പ്രസിദ്ധീകരിച്ച 'സംക്ഷേപവേദാർത്ഥം' എന്ന മലയാളത്തിലെ ആദ്യ പുസ്തകം ഉൾപ്പെടെ അക്കാദമിയിലെ അമൂല്യമായ താളിയോല ഗ്രന്ഥങ്ങളുടെയും പുസ്തകങ്ങളുടെയും പേരുകൾ ഓർത്തെടുക്കാനുള്ള അറിവിൻ്റെ ഖനിയാണ് ശാന്ത. രാവിലെ 10 മണിക്ക് ഓഫീസിലെത്തിയാൽ മൂന്ന് നിലകളിലായി സ്ഥിതി ചെയ്യുന്ന ഒന്നര ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ശേഖരത്തിലേക്ക് ശാന്ത എത്തിനോക്കും. റഫറൻസിനായി ലൈബ്രറിയിലെത്തുന്നവരുമായി സൗമ്യമായി ഇടപെഴകി ആവശ്യമായ സഹായങ്ങൾ നൽകും. പഠനകാലത്ത് വായിച്ചറിഞ്ഞ പുസ്തകങ്ങൾ എഴുതിയവരെ കാണാനും സൗഹൃദം നിലനിർത്താനും കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണെന്ന് ശാന്ത പറയുന്നു.
ചാലിശ്ശേരി പൊട്ടംകുളങ്ങരയിലെ പരേതരായ കോരൻ-കാളി ദമ്പതികളുടെ മകളാണ് ശാന്ത. ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഗുരുവായൂർ എൽ.എഫ്. കോളേജിൽ നിന്ന് പ്രീഡിഗ്രിയും ബിരുദവും, കോഴിക്കോട് സർവകലാശാലയിൽ നിന്ന് എം.എസ്.സി. സുവോളജിയും ലൈബ്രറി സയൻസ് ബിരുദവും, മാവേലിക്കര പീറ്റ് മെമ്മോറിയൽ കോളേജിൽ നിന്ന് ലൈഫ് സയൻസിൽ ബി.എഡും, അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദവും യു.ജി.സി. നെറ്റും ശാന്ത നേടിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ എം.ഇ.എസ്. സ്കൂൾ, പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളേജ്, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ഹോർട്ടിക്കൾച്ചറൽ കോളേജ്, ഒറ്റപ്പാലം മുനിസിപ്പൽ ലൈബ്രറി, കോഴിക്കോട് കിർത്താഡ്സ്, കുന്നംകുളം ഗവ. ഗേൾസ് സ്കൂൾ, പട്ടാമ്പി ഹൈസ്കൂൾ, കൊപ്പം കരുണ ടി.ടി.ഐ. കോളേജ്, വളാഞ്ചേരി മർക്കസ് ടി.ടി.ഐ. കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് 2007 ഏപ്രിൽ മാസത്തിൽ ശാന്ത കേരള സാഹിത്യ അക്കാദമിയിൽ എത്തിയത്.
18 വർഷത്തെ സേവനത്തിനുശേഷം മെയ് മാസത്തിൽ വിരമിക്കുന്ന ശാന്ത, വിരമിച്ച ശേഷം ഗ്ലാസ് പെയിൻ്റിംഗ്, ഫ്ലവർ മേക്കിംഗ്, ബോട്ടിൽ ആർട്ട് എന്നിവയിൽ സജീവമാകാനാണ് ആഗ്രഹിക്കുന്നത്. സോളമൻ മാണിയാണ് ഭർത്താവ്. ലക്ഷ്മി സോളമൻ ഏക മകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.