വാഷിങ്ടണ്‍: യുഎസ് ഉന്നതോദ്യോഗസ്ഥരുടെ ചാറ്റ് ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ അബദ്ധത്തില്‍ ചേര്‍ത്തു. യെമനിലെ ഹൂത്തികളുടെ താവളങ്ങള്‍ ആക്രമിക്കുന്നതിന്റെ വിശദമായ പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുള്ള സിഗ്നല്‍ ആപ്പിലെ ഗ്രൂപ്പിലാണ് 'ദി അറ്റ്ലാന്റിക്' മാഗസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ജെഫെറി ഗോള്‍ഡ്ബെര്‍ഗിനെ അബദ്ധത്തില്‍ ചേര്‍ത്തത്. 3500 വാക്കുള്ള ലേഖനത്തിലൂടെ ജെഫറി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൈക്കിള്‍ വാള്‍ട്ട്സ് എന്നൊരാളില്‍ നിന്നാണ് തനിക്ക് ചാറ്റ് ഗ്രൂപ്പിലേക്കുള്ള ക്ഷണം ലഭിച്ചതെന്ന് ജെഫറി പറയുന്നു. ഇത് വ്യാജമാണെന്നാണ് താന്‍ ആദ്യം കരുതിയത്. എന്നാല്‍ ഇത് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്കിള്‍ വാള്‍ട്ട്സ് തന്നെയാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. ഹൂത്തികളെ ആക്രമിക്കുന്നതിനുള്ള വിശദമായ പദ്ധതി 'ഹൂത്തി പിസി സ്മോള്‍ ഗ്രൂപ്പ്' എന്ന് പേരുള്ള ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്നത് കണ്ടതോടെയാണ് ഇക്കാര്യം മനസിലായതെന്നും ജെഫറി പറഞ്ഞു.
യുഎസ്സിന്റെ യെമന്‍ ആക്രമണ പദ്ധതിയുടെ വിശദാംശങ്ങള്‍ ജെഫറി പുറത്തുവിട്ടില്ല. എങ്കിലും യെമനില്‍ ആക്രമണം നടത്തേണ്ട ഇടങ്ങള്‍, ഏതെല്ലാം ആയുധങ്ങളാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ വിവരങ്ങള്‍ തനിക്ക് ലഭിച്ചുവെന്ന് ജെഫെറി തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് യെമനില്‍ ആക്രമണം നടന്നത്. ഇസ്രായേലിനാൽ ആക്രമിക്കപ്പെടുന്ന പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹൂത്തികൾ ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കാൻ ആരംഭിച്ചിരുന്നു. ഇതിനെതിരായാണ് യുഎസ് യെമനിൽ ആക്രമണം നടത്തുന്നത്.
ആക്രമണത്തിനോടുള്ള എതിര്‍പ്പ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഗ്രൂപ്പില്‍ പ്രകടിപ്പിച്ചു. ഒരുഘട്ടത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വാന്‍സ് വിമര്‍ശിക്കുകയും ചെയ്തുവെന്ന് ജെഫെറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് ചാറ്റിലെ പല വിവരങ്ങളും താന്‍ പുറത്തുവിടുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ ജെഫറി വ്യക്തമാക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് ഉൾപ്പെടെയുള്ളവർ ഗ്രൂപ്പ് ചാറ്റിലുണ്ടായിരുന്നു.
തന്നെ ഗ്രൂപ്പില്‍ ചേര്‍ത്തത് പോലുള്ളൊരു സുരക്ഷാവീഴ്ച താന്‍ ഇതുവരെ കണ്ടിട്ടില്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സിഗ്നല്‍ ആപ്പില്‍ ആശയവിനിമയം നടത്താറുണ്ട്. എന്നാല്‍ അത് യോഗങ്ങള്‍ ആസൂത്രണം ചെയ്യാനും മറ്റുമാണ്. ഇതുപോലെ സൈനിക നടപടിയെ കുറിച്ചുള്ള അതീവ രഹസ്യമായ വിവരങ്ങള്‍ ഇത്ര വിശദമായി ചര്‍ച്ച ചെയ്യാനല്ല. ഒരു മാധ്യമപ്രവര്‍ത്തകനെ ഇത്തരം ചര്‍ച്ചയിലേക്ക് 'ക്ഷണിച്ച' സംഭവവും ഇതുവരെ കേട്ടിട്ടില്ലെന്നും ജെഫെറി പറയുന്നു.
താന്‍ സ്വയം ആ ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയെന്നും ജെഫറി വ്യക്തമാക്കി. താന്‍ പുറത്തുപോയ വിവരം ഗ്രൂപ്പുണ്ടാക്കിയ മൈക്കിള്‍ വാള്‍ട്ട്സിന് നോട്ടിഫിക്കേഷനായി ലഭിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അങ്ങനെ ചെയ്തത്. താന്‍ ആ ഗ്രൂപ്പില്‍ അത്രയും സമയം ഉണ്ടായിരുന്നതായി ഒരാള്‍ പോലും ശ്രദ്ധിച്ചില്ലെന്നും താന്‍ ആരാണെന്നോ എന്താണ് പുറത്തുപോയതെന്നോ ചോദിച്ചില്ല എന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അതേസമയം മാധ്യമപ്രവര്‍ത്തകനെ ആക്രമണവിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ ചേര്‍ത്തതിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അറ്റ്ലാന്റിക് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.
'അതിനെ കുറിച്ച് എനിക്കൊന്നുമറിയില്ല. ഞാന്‍ 'ദി അറ്റ്ലാന്റിക്കി'ന്റെ ആരാധകനല്ല. എന്നെ സംബന്ധിച്ച് അത് തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മാഗസിനാണ്. അവര്‍ക്ക് എന്ത് കിട്ടിയെന്നാണ് നിങ്ങള്‍ പറയുന്നത്?' -ട്രംപ് പറഞ്ഞു.
വിഷയത്തില്‍ ട്രംപിന്റെ വക്താവ് കരോലിന് ലീവിറ്റ് പിന്നീട് പ്രസ്താവനയിറക്കി. ട്രംപിന് മൈക്കിള്‍ വാള്‍ട്ട്സ് ഉള്‍പ്പെടെയുള്ള തന്റെ ദേശീയ സുരക്ഷാ സംഘത്തെ കുറിച്ച് വലിയ ആത്മവിശ്വാസമുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.