കോട്ടയം: റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി അനുമതി നൽകാത്തതിനെ തുടർന്ന് നിർമ്മാണം തടസ്സപ്പെട്ട നാട്ടകം കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി ദേശീയ പാതാ മുറിച്ച് പൈപ്പ് സ്ഥാപിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൽ നിന്നും അനുമതി ലഭിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിക്ക് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര മന്തിയുടെ പ്രതിനിധിയായി കോട്ടയത്ത് എത്തി എസ്.കെ. പാണ്ടെ മോർത്ത് റീജണൽ ഓഫീസർ വി.ജെ ചന്ദ്രഗോറെ മോർത്ത് സൂപ്രണ്ടിങ്ങ് എൻജിനീയർ ബി.റ്റി.ശ്രീധർ,വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ദിലീപ് ഗോപാൽ,പി ഡബ്ലു ഡി നാഷണൽ ഹൈവേ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ രാകേഷ് .സി എന്നിവർ പൈപ്പുകൾ സ്ഥാപിക്കേണ്ട റോഡുകൾ പരിശോധിച്ച് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനുമതി ലഭിച്ചത്.
ദേശീയപാത മുറിച്ച് പൈപ്പ് സ്ഥാപിക്കാൻ കേന്ദ്ര അനുമതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മുടങ്ങി കിടന്ന കുടിവെള്ള പദ്ധതി പൂർത്തി ആക്കണമെങ്കിൽ പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള 28 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കേണ്ടതുണ്ട്. ഈ തുക അനുവദിച്ച് എത്രയും വേഗം പദ്ധതി പൂർത്തീകരിക്കുന്നതിനായി ബന്ധപ്പട്ടവരുടെ യോഗം വിളിച്ച് കൂട്ടണമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നൽകിയ നിവേദനത്തിൽ ഫ്രാൻസിസ് ജോർജ് എം.പിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും അവശ്യപ്പെട്ടു.
കോട്ടയം നഗരസഭയിലെ നാട്ടകം പ്രദേശത്തെ 30 മുതൽ 44 വരെയുള്ള 15 വാർഡുകളിലെ ആറായിരത്തോളം വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുൻകൈ എടുത്ത് 2016 ൽ ആരംഭിച്ചതാണ് നാട്ടകം കുടിവെള്ള പദ്ധതി. കിഫ്ബി പദ്ധതി പ്രകാരമുള്ള 21 കോടി രൂപയുടെ പദ്ധതി ആയിരുന്നു ഇത്.
ആദ്യഘട്ടത്തിൽ 12 കോടി ചെലവ് ചെയ്ത് വെള്ളൂപ്പറമ്പ് പമ്പിങ്ങ് സ്റ്റേഷൻ മുതൽ സംസ്ഥാന ജില്ലാ റോഡുകളുടെ അതിർത്തിവരെ പൈപ്പുകൾ സ്ഥാപിച്ചും മറിയപള്ളി ഓവർഹെഡ് ടാങ്കിൻ്റെ ക്ഷമത 7 ലക്ഷം ലിറ്ററിൽ നിന്നും 13 ലക്ഷം ലിറ്റർ ആയി ഉയത്തിയും 90 ശതമാനം പണികൾ പൂർത്തിയാക്കി.
2020 മുതൽ കോട്ടയം കളക്ട്രേറ്റ് മുതൽ കഞ്ഞിക്കുഴി, മണിപ്പുഴ മുതൽ മറിയപള്ളി ,മറിയ പള്ളി മുതൽ കോടിമത എന്നിങ്ങനെയുള്ള 4 കിലോ മീറ്റർ നീളം പൈപ്പ് ഇടാൻ ദേശിയ പാത അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും അനുമതി നൽകിയില്ല. മറ്റ് പണികൾ പൂർത്തീകരിച്ചതിനു ശേഷം 2022 ൽ അനുമതി നൽകാൻ ആവശ്യപ്പെട്ടങ്കിലും ദേശീയപാത അധികൃതർ അനുമതി നൽകിയില്ല.ഇതിനെ തുടർന്ന് പദ്ധതി പൂർണ്ണമായും മുടങ്ങി. ഇതിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.