ന്യൂഡല്‍ഹി: നികുതി ഒഴിവാക്കാന്‍ ടെലികോം അനുബന്ധ ഉപകരണങ്ങളുടെ ഇറക്കുമതി തെറ്റായി തരംമാറ്റിയതിന് നികുതിയും പിഴയുമായി സാംസങിനോട് 60.1 കോടി ഡോളര്‍ (5150 കോടി രൂപ) നികുതിയടക്കാന്‍ ഉത്തരവിട്ട് ഇന്ത്യ. മുകേഷ് അംബാനിയുടെ റിലയന്‍സിന് വേണ്ടിയാണ് സാംസങ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തത്.
2021-ല്‍ സാംസങിന്റെ മുംബൈയിലെ ഓഫീസില്‍ വരുമാന നികുതി ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സാംസങിനെതിരെ അന്വേഷണം ആരംഭിച്ചത്. പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ വിവിധ രേഖകളും, ഇമെയിലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്തു.
4ജി ടെലികോം നെറ്റ്വര്ക്കിന് വേണ്ടിയുള്ള റിമോട്ട് റേഡിയോ ഹെഡ് എന്ന ഉപകരണം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കൊറിയയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നുമായി 78.4 കോടി ഡോളര്‍ (6717.63 രൂപ) മൂല്യമുള്ള യൂണിറ്റുകളാണ് നികുതി ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളതാണെന്ന് കാണിച്ച് നികുതി നല്‍കാതെ സാംസങ് ഇറക്കുമതി ചെയ്തത്. എന്നാല്‍ ഈ ഉപകരണങ്ങള്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ നികുതിക്ക് വിധേയമാണെന്ന് കണ്ടെത്തിയ കസ്റ്റംസ് അധികൃതര്‍ സാംസങ് മനപ്പൂര്‍വം രേഖകള്‍ മാറ്റിയതാണെന്ന് ആരോപിച്ചു.
ടെലികോം ടവറുകളില്‍ സിഗ്നലുകള്‍ ട്രാന്‍സ്മിറ്റ് ചെയ്യുന്നതിനായി ഘടിപ്പിക്കുന്ന ഉപകരണമാണ് റിമോട്ട് റേഡിയോ ഹെഡ്. ഇത് നികുതിക്ക് വിധേയമാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ സാംസങ് ഇത് നിഷേധിച്ചു. ഈ ഉപകരണം ഒരു ട്രാന്‍സീവറിന്റെ ജോലി ചെയ്യുന്നില്ലെന്നും നികുതിക്ക് വിധേയമല്ലെന്നുമാണ് സാംസങ് വാദിച്ചത്. എന്നാല്‍ 2020 ല്‍ സാംസങ് സര്‍ക്കാരിനയച്ച കത്തുകളില്‍ ഈ ഉപകരണം ട്രാന്‍സീവര്‍ എന്ന നിലയിലാണ് കമ്പനി വിവരിക്കുന്നതെന്ന് വരുമാന നികുതി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
ഉത്തരവനുസരിച്ച് സാംസങ് നികുതിയും പിഴയുമായി നല്‍കേണ്ടത് 52 കോടി ഡോളറാണ് (4455 കോടി രൂപ). അതേസമയം കമ്പനിയുടെ ഇന്ത്യ നെറ്റ്വര്‍ക്ക് ഡിവിഷന് വൈസ് പ്രസിഡന്റും സിഎഫ്ഓയും ഉള്‍പ്പടെ ഏഴ് ഉന്നത ഉദ്യോഗസ്ഥരും അധിക പഴിയായി 8.1 കോടി ഡോളര്‍ (694 കോടി രൂപ) നല്‍കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.