തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട സമരം കണ്ടില്ലെന്നു നടിച്ച സര്‍ക്കാരിനു കടുത്ത താക്കീതുമായി തലസ്ഥാന വീഥികളില്‍ അണപൊട്ടി സ്ത്രീരോഷം. നൂറുകണക്കിന് ആശാ വര്‍ക്കര്‍മാരാണു കൊടുംചൂടില്‍ തളരാതെ അവകാശപ്പോരാട്ടത്തിനായി നിയമസഭാ മാര്‍ച്ചില്‍ അണിനിരന്നത്.
സമരം 22-ാം ദിവസത്തിലേക്കു കടക്കുന്ന ഘട്ടത്തില്‍ നിയമസഭാ സമ്മേളനം തുടങ്ങിയതു കണക്കിലെടുത്താണ് ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഓണറേറിയവും ഇന്‍സന്റീവ് കുടിശികയും സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഓണറേറിയം വര്‍ധിപ്പിക്കുക, ഉപാധികള്‍ പിന്‍വലിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി. കോണ്‍ഗ്രസ് ഉള്‍പ്പെടെ സമരത്തിനു പിന്തുണയുമായി രംഗത്തെത്തി.
അതേസമയം, ആശ (അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്) എന്നത് കേന്ദ്ര പദ്ധതിയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാരെ സന്നദ്ധപ്രവര്‍ത്തകരായാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അവരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓണറേറിയമായ 7000 രൂപ നല്‍കുന്നത് കേരളത്തിലാണ്. ഇതുകൂടാതെ 3000 രൂപ ഫിക്സഡ് ഇൻസെന്റീവ് ഉണ്ട്. ഇതിനു പുറമേയാണ് സേവനങ്ങള്‍ക്കുള്ള പ്രതിഫലം. കേരളത്തില്‍ ജനുവരിയിലെ കണക്കനുസരിച്ച് 90% ആശമാര്‍ക്കും 10,000-13,000 രൂപ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണറേറിയം ലഭിക്കുന്നതിനുള്ള 10 മാനദണ്ഡങ്ങള്‍ മാറ്റണമെന്നു സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനനുസരിച്ചു മാനദണ്ഡങ്ങള്‍ എല്ലാം മാറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആശമാര്‍ക്ക് കൊടുക്കേണ്ട 100 കോടി രൂപയില്‍ ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതിനിടെ, പൊരിവെയിലത്തും മഞ്ഞത്തും മഴയത്തും സമരം ചെയ്യുന്ന ആശമാരോട് സര്‍ക്കാരിന് അനുകമ്പ തോന്നിയില്ലെങ്കില്‍ പിന്നെ അവരൊക്കെ എങ്ങനെയാണ് മനുഷ്യരാകുന്നതെന്ന് സമരത്തിനെത്തിയ ഒരു സ്ത്രീ ചോദിച്ചു. നിങ്ങള്‍ എന്തു കമ്യൂണിസ്റ്റാണെന്നാണ് മുഖ്യമന്ത്രിയോടു ചോദിക്കാനുള്ളതെന്ന് ആശമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ചോദിച്ചു. സമരം ചെയ്യുന്ന തൊഴിലാളികളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതാണോ കമ്യൂണിസ്റ്റ് രീതി. ആരോടാണ് യുദ്ധപ്രഖ്യാപനം. തീവ്ര വലതുപക്ഷ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും സമരസ്ഥലത്തെത്തിയ വി.ഡി.സതീശന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.