ചണ്ഡിഗഢ്: യൂത്ത് കോൺഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളിന്റെ (22) കൊലപാതകത്തിൽ ഒരാൾ അറസ്റ്റിലായതായി ഹരിയാന പൊലീസ്. കേസ് അന്വേഷണത്തിനായി ഹരിയാന പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒരാൾ അറസ്റ്റിലായത്.
പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഹരിയാന പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 4 പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
മാർച്ച് ഒന്നിനാണ് റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൻ ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്.
റോഹ്തക്ക് വിജയ് നഗർ സ്വദേശിനിയാണ് ഹിമാനി നർവാൾ. അതിനിടെ മകളുടെ കൊലയാളിയെ പിടികൂടുന്നതു വരെ മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കില്ലെന്നു ഹിമാനിയുടെ കുടുംബം അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ മകള്‍ക്കു രാഷ്ട്രീയത്തിൽ ഉണ്ടായ ഉയർച്ചയിൽ പാർട്ടിയിലെ ചില നേതാക്കൾ അസൂയപ്പെട്ടിരുന്നുവെന്നും ഹിമാനിയുടെ അമ്മ സവിത ആരോപിച്ചു.‘‘അവസാനമായി ഞാൻ മകളോട് സംസാരിച്ചത് ഫെബ്രുവരി 27 നാണ്. അടുത്ത ദിവസം ഒരു പാർട്ടി പരിപാടിയുമായി ബന്ധപ്പെട്ട തിരക്കിലായിരിക്കുമെന്ന് അവൾ പറഞ്ഞിരുന്നു, പക്ഷേ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടു. എന്റെ മകൾക്ക് നീതി ലഭിക്കുന്നതുവരെ ഞങ്ങൾ അവളെ ദഹിപ്പിക്കില്ല. എന്റെ മൂത്ത മകൻ വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഞങ്ങൾക്കു ഇതുവരെ നീതി ലഭിച്ചില്ല.’’ – അമ്മ സവിത ആരോപിച്ചു.രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ ഹിമാനി നർവാള്‍ പങ്കെടുത്തിരുന്നു. അതേസമയം സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത സംസ്ഥാനമായി ഹരിയാന മാറിയെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ ഹൂഡയും രംഗത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.