തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയ്ക്കു വെള്ളം നല്കാന് ജല അതോറിറ്റി അനുമതി കൊടുത്തിട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയില്‍. ഇതുസംബന്ധിച്ച് മുന്‍പ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നതിനു കടകവിരുദ്ധമാണു മന്ത്രിയുടെ മറുപടി.
മദ്യനിര്‍മാണശാല ആരംഭിക്കാന്‍ ഒയാസിസ് കമ്പനിക്കു പ്രാരംഭ അനുമതി നല്‍കിക്കൊണ്ട് അഡി. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ജനുവരി 16ന് പുറത്തിറക്കിയ ഉത്തരവില്‍ പദ്ധതിക്ക് ആവശ്യമായ വെള്ളം നല്കാന് കേരള ജല അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ടെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതു സംബന്ധിച്ച് എക്സൈസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.എന്നാല്‍ പാലക്കാട് കിന്‍ഫ്ര ജലവിതരണ പദ്ധതിയില്‍നിന്ന് ഒയാസിസ് കമ്പനിക്കു ജലം നല്കാന് പാലക്കാട് ജല അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് എംഎല്‍എമാര്‍ക്കു നല്കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു. ഒയാസിസ് കമ്പനിക്ക് പൊതുമേഖല എണ്ണ കമ്പനികളുടെ എഥനോള്‍ ഉല്പാദനവുമായി ബന്ധപ്പെട്ടു ക്ഷണിക്കുന്ന ദര്‍ഘാസിന്റെ ഭാഗമായ എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റില്‍ പങ്കെടുക്കുന്നതിനായി ജലലഭ്യത സംബന്ധിച്ച സാധ്യത കിന്‍ഫ്രയ്ക്കു വേണ്ടി നിര്‍മാണം പുരോഗമിച്ചു വരുന്ന വ്യവസായിക ജല വിതരണ പദ്ധതിയിലൂടെ തേടാവുന്നതാണെന്ന കത്ത് മാത്രമാണു സൂപ്രണ്ടിങ് എന്‍ജിനീയര്‍ പാലക്കാട് ഓഫിസില്‍നിന്നു നല്‍കിയത്. 2015ല്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധമായി കിന്‍ഫ്ര ജലവിതരണ പദ്ധതിയില്‍നിന്നും മദ്യക്കമ്പനിക്കു ജലം നല്‍കാനുള്ള തീരുമാനം ജല അതോറിറ്റി കൈക്കൊണ്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
കമ്പനിക്ക് പ്രതിദിനം 80 ദശലക്ഷം ലീറ്റര്‍ വെള്ളം ആവശ്യം വരുമെന്നാണു കരുതുന്നത്. ജല അതോറിറ്റിയുടെ വെള്ളത്തിനു പുറമേ കമ്പനി മഴവെള്ള സംഭരണികള്‍ കൂടി ഉപയോഗപ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ജല അതോറിറ്റി കഞ്ചിക്കോട്ടെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്കു മലമ്പുഴയില്‍നിന്നു വെള്ളമെത്തിക്കുന്ന പദ്ധതിയില്‍നിന്ന് മദ്യനിര്‍മാണശാലയ്ക്കു വെള്ളം നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കിന്‍ഫ്രയ്ക്ക് പ്രതിദിനം 10 ദശലക്ഷം ലീറ്റര്‍ വെള്ളം അനുവദിച്ച് 2015ലാണ് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്. ഈ പദ്ധതി തന്നെ നാലു വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.