പാലാ ; സ്ഥിരം ഡ്രൈവർ അവധിയിലായതിനാൽ പകരക്കാരനായാണ് ഇന്നലെ കൂറ്റാരപ്പള്ളിൽ ബസ് ഓടിക്കാൻ രാജേഷ് എത്തിയത്. മുൻപ് ഇതേ ബസിന്റെ ഡ്രൈവറായിരുന്ന രാജേഷ് പിന്നീട് ഇടമറ്റത്തെ ഓട്ടോ ഡ്രൈവറായി.
എങ്കിലും പല ബസുകളിലും താൽക്കാലിക ഡ്രൈവറായി പോകാറുണ്ട്. നിർത്തിയിടുന്ന പിണ്ണാക്കനാട്ടുനിന്ന് രാവിലെ 6.40നു ബസ് എടുത്ത് 7.15ന് ഇടമറ്റം ചീങ്കല്ല് ജംക്‌ഷനു സമീപം എത്തിയപ്പോഴേക്കും രാജേഷ് കുഴഞ്ഞുവീഴുകയായിരുന്നു.നിയന്ത്രണംവിട്ട ബസ് മതിലിലും തെങ്ങിലും ഇടിച്ച് 30 പേർക്കു പരുക്കേറ്റു. ബസ് ഡ്രൈവർ ഇടമറ്റം മുകളേൽ (കൊട്ടാരത്തിൽ) എം.ജി.രാജേഷ് (41) ആണു മരിച്ചത്. രാജേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിയന്ത്രണം വിട്ട ബസ് മതിൽ ഇടിച്ചു തകർത്തശേഷം തെങ്ങിലിടിച്ചാണു നിന്നത്. തെങ്ങ് മറിഞ്ഞുവീണു. പൈക-ഭരണങ്ങാനം റൂട്ടിൽ ഇടമറ്റം ചീങ്കല്ല് ജംക്‌ഷനു സമീപം ഇന്നലെ രാവിലെ 7.15ന് ആണ് അപകടം. ചേറ്റുതോട്-ഭരണങ്ങാനം-പാലാ റൂട്ടിലോടുന്ന ‘കൂറ്റാരപ്പള്ളിൽ’ ബസ് പാലായിലേക്കു വരുമ്പോഴാണ് അപകടം. ആരുടെയും പരുക്ക് ഗുരുതരമല്ല.
രാജേഷിന്റെ സംസ്‌കാരം ഇന്നു 11 നു വീട്ടുവളപ്പിൽ. പിതാവ്: ഗോപാലകൃഷ്ണൻ നായർ. അമ്മ: ലീലാമ്മ. ഭാര്യ: തിടനാട് ചാരാത്ത് കുടുംബാംഗം അഞ്ജു എസ്.നായർ. മക്കൾ: അനശ്വര, ഐശ്വര്യ (ഇടമറ്റം കെടിജെഎം ഹൈസ്‌കൂൾ വിദ്യാർഥികൾ). സഹോദരൻ: അംബ രാജീവ്.
ഇടമറ്റം കെടിജെഎം സ്കൂളിലേക്ക് എസ്എസ്എൽസി പരീക്ഷയെഴുതാൻ പോയ വിദ്യാർഥികൾ ഉൾപ്പെടെ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരുക്കേറ്റവരെയെല്ലാം പാലായിലെയും സമീപപ്രദേശങ്ങളിലെയും ആശുപത്രികളിലാണു പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമല്ലാത്തതിനാൽ മിക്കവരും ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.