പട്ടാമ്പി : പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ വേങ്ങശ്ശേരിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 2025-ലെ മഹോത്സവത്തിന് കൊടിയേറി. കുംഭം 15-ന് (ഫെബ്രുവരി 27) വ്യാഴാഴ്ച കൂത്ത് കൂറയിട്ടതോടെ 18 ദിവസം നീളുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. കൊടിയേറ്റത്തിന് ശേഷം കളമെഴുത്ത് പാട്ട്, തുകൽ പാവക്കൂത്ത് തുടങ്ങിയ അനുഷ്ഠാന കലകൾ അരങ്ങേറും. മാർച്ച് 16-ന് (മീനം 2) ആണ് അവസാന കളംപാട്ട്.
പതിനെട്ടര ദേശത്തെ ഭക്തജനങ്ങൾക്ക് അനുഗ്രഹ ആശിർവാദങ്ങൾ നൽകി അഭീഷ്ടവരദായിനിയായി വാണരുളുന്ന ശ്രീ വേങ്ങശ്ശേരിക്കാവിലമ്മയുടെ ഈ ക്ഷേത്രം വള്ളുവനാട്ടിലെ സുപ്രധാന ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണ്. ആയിരം വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം ഒരു ദേശത്തെ മുഴുവൻ ജനങ്ങളുടെയും ആയുരാരോഗ്യ സമ്പൽസമൃദ്ധിക്ക് നിദാനമായി നിലകൊള്ളുന്നു. ശൈവ-വൈഷ്ണവ ചൈതന്യങ്ങൾ പണ്ടുമുതലേ ഇവിടെ നിലനിന്നിരുന്നു. ഭദ്രകാളി ക്ഷേത്രത്തിൽ ഗണപതി ഉപദേവനാണ്.
ഈ വർഷത്തെ താലപ്പൊലി മഹോത്സവം ഫെബ്രുവരി 27-ന് തുടങ്ങി മാർച്ച് 17-ന് പൂരാഘോഷത്തോടെ സമാപിക്കും. ക്ഷേത്രാചാര അനുഷ്ഠാനങ്ങൾ കൃത്യമായി പാലിച്ച് വർഷംതോറും നടത്തിവരാറുള്ള പൂരാഘോഷം ഈ വർഷവും സുഗമമായി നടത്തുന്നതിന് പതിനെട്ടര ദേശത്തെ മുഴുവൻ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകൾ:
പുലർച്ചെ നാലുമണിക്ക് ക്ഷേത്രനട തുറക്കുന്നതോടെ ഉത്സവത്തിന് തുടക്കമാകും. അഞ്ചുമണിക്ക് ഗണപതിഹോമവും തുടർന്ന് പത്തുമണിവരെ വിശേഷാൽ പൂജകളും (നവകം, പഞ്ചഗവ്യം), അഷ്ടപദി, കേളി, ഉച്ചപൂജ, ഉച്ചപ്പാട്ട് എന്നിവയും നടക്കും. പതിനൊന്നു മണിക്ക് ക്ഷേത്രത്തിൽ നിന്നും ശ്രീമൂലസ്ഥാനമായ വേങ്ങശ്ശേരിമനയിലേക്ക് ദേവിയുടെ പുറപ്പാട് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മൂന്ന് ഗജവീരന്മാരുടെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തുനിന്നും ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളിപ്പ് നടക്കും. മൂന്നുമണിക്ക് ക്ഷേത്രനടയിൽ മേജർ സെറ്റ് പഞ്ചവാദ്യം അരങ്ങേറും. വൈകീട്ട് അഞ്ചുമണിക്ക് കലാമണ്ഡലം ശിവദാസ് മാരാരുടെ മേളം നടക്കും. ആറരയ്ക്ക് ദീപാരാധന, അഷ്ടപദി, കേളി എന്നിവയും ഏഴുമണിക്ക് ഓങ്ങല്ലൂർ ശങ്കരൻകുട്ടി നായരുടെയും പാർട്ടിയുടെയും നാദസ്വരം കച്ചേരിയും നടക്കും. ഒമ്പതരയ്ക്ക് ത്രിബിൾ തായമ്പക അരങ്ങേറും. പതിനൊന്നരയ്ക്ക് കൊമ്പ് പറ്റ്, കുഴൽ പറ്റ് എന്നിവ നടക്കും. രാത്രി പന്ത്രണ്ടുമണിക്ക് പുരാതന സ്ഥാനത്തുനിന്നും താലം കൊളുത്തി ആനയും നാദസ്വരവും ഉൾപ്പെടുന്ന ആയിരത്തിരി എഴുന്നെള്ളത്ത് നടക്കും. ഒരുമണിക്ക് പഞ്ചവാദ്യവും പുലർച്ചെ മൂന്നരയ്ക്ക് ചെണ്ടമേളവും അഞ്ചരയ്ക്ക് ഇടക്ക പ്രദിക്ഷണവും നടക്കും. കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.
പതിനെട്ടര ദേശങ്ങളിലെ ഭക്തജനങ്ങൾക്ക് ഒത്തുചേരാനും ആഘോഷവും ഭക്തിയും സമ്മേളിക്കുന്ന വേങ്ങശ്ശേരിക്കാവ് പൂരം പ്രദേശവാസികളുടെ ആവേശത്തിന്റെ പൂരം കൂടിയാണ് . വിവിധ ദേശങ്ങളിൽ നിന്നുള്ള വരവ് പൂരങ്ങൾ പൂരത്തിന് മാറ്റേകും , ക്ഷേത്രപൂജാരികൾ, കലാകാരന്മാർ, ഭക്തജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ നടക്കുന്ന ഈ ഉത്സവം നാടിൻ്റെ സാംസ്കാരിക പാരമ്പര്യവും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിച്ച് കൊണ്ട് വിപുലമായി ആഘോഷിക്കുന്ന പൂരത്തെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങി നിൽക്കുകയാണ്. .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.