ഷൈനി ജോലി തേടിയെത്തിയത് 12 ഓളം ഹോസ്പിറ്റലുകളിൽ .. മരണത്തിന് പിന്നിലെ കാരണം ?

കുട്ടികളുടെ ചിരി കണ്ടാൽ ആർക്കാണ് സങ്കടം തോന്നാതിരിക്കുക ! ഇനി ഇല്ലല്ലോ ഈ ചിരി എന്ന് ഓർക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു. ! രണ്ട് പൊന്നോമനകൾക്കൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ, ഏറ്റുമാനൂരിലെ ഷൈനി കുര്യാക്കോസ് എന്ന 42 കാരി ഗാർഹിക പീഡനത്തിനു ഇരയായിരുന്നുവോ?


ഈ മക്കളെ പ്രസവിച്ച് , കഷ്ടപ്പെട്ട് വളർത്തി ഇത്രയും വലുതാക്കിയ ഈ അമ്മ എന്തിനായിരിക്കും ഇത്രയും വലിയ ക്രൂരത ചെയ്തത്? അത്രയേറെ മാനസിക പ്രയാസം അവർക്കുണ്ടായതു കൊണ്ടായിരിക്കുമല്ലോ! കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് ആകുമല്ലോ ! അല്ലെങ്കിൽ ഒരു അമ്മയും ഇങ്ങനെ ചെയ്യില്ല !

വളരെ ഗൗരവമായി ഇവരുടെ മരണകാരണത്തെക്കുറിച്ച് പോലീസും വനിതാ കമ്മീഷനും അന്വേഷിക്കേണ്ടിയിരിക്കുന്നു! അത്രയേറെ സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നതുകൊണ്ട് ആകുമല്ലോ രണ്ടു മക്കളെയും കൂട്ടി അവർ ജീവനൊടുക്കിയത്. അതും ട്രെയിനിനു മുമ്പിൽ ചാടിയുള്ള ദയനീയ മരണം. തങ്ങളുടെ മൃതദേഹം പോലും കിട്ടരുതെന്ന് അവർ ഒരു പക്ഷെ ആഗ്രഹിച്ചിട്ടുണ്ടാകും. 

ബിഎസ്‌സി നഴ്‌സിംഗ് ബിരുദധാരിയായ ഷൈനിയെ ജോലിക്ക് അപേക്ഷിക്കാൻ ഭർത്താവ്  അനുവദിച്ചിരുന്നില്ല എന്ന് പറഞ്ഞു കേൾക്കുന്നു. അതു സത്യമാണോ എന്നത് വീട്ടുകാർക്ക് മാത്രമേ അറിയൂ. ഒരു നഴ്‌സ് ആകാൻ അവർ ഒരുപാട് ആഗ്രഹിച്ചു കാണും. സ്വന്തമായി വരുമാനം എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണല്ലോ ഈ കാലത്ത്. അതിനായിരിക്കുമല്ലോ ഷൈനി ഒരു ജോബ് ഓറിയന്റഡ് കോഴ്സ് ആയ നഴ്സിംഗ് തെരഞ്ഞെടുത്തതും. കൂടെ പഠിച്ചവർ എല്ലാം സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നത് അവരുടെ മനസിൽ നഷ്ടബോധം ഉണ്ടാക്കി കാണും! അത് സങ്കടമായി വളർന്നു വലുതായി കാണും.

സ്വന്തമായി വരുമാനം ഇല്ലാതെ, ഒരു നൈറ്റി വാങ്ങണമെങ്കിൽ പോലും ഭർത്താവിന്റെ മുമ്പിൽ കൈ നീട്ടേണ്ടിവരുന്ന ഭാര്യമാർ ഒരുപാടുണ്ട് നമുക്ക് ചുറ്റും. അവരുടെ മാനസികാവസ്ഥ നമുക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല. തന്റെ മക്കൾ അവരുടെ കൂട്ടുകാർ ധരിക്കുന്നത് പോലെ നല്ല ഭംഗിയുള്ള വസ്ത്രം ധരിച്ച് അവരോടൊപ്പം നടക്കണമെന്ന് ഏതൊരു അമ്മയും ആഗ്രഹിച്ചു പോകുക സ്വാഭാവികമാണ്. അമ്മയ്ക്ക് വരുമാനം ഉണ്ടെങ്കിൽ ആരോടും ചോദിക്കാതെ അതൊക്കെ വാങ്ങിച്ച് മക്കൾക്ക് കൊടുക്കുവാൻ കഴിയും. വേലയും കൂലിയും ഇല്ലാത്ത ഒരു വീട്ടമ്മയ്ക്ക് അവളുടെ ഇഷ്ടത്തിനനുസരിച്ച് എന്തെങ്കിലും വാങ്ങുക എന്നത് ഒരു സ്വപ്നം മാത്രമാണല്ലോ !

മനയ്ക്കപ്പാടം അതിരമ്പുഴ റെയില്‍വേഗേറ്റിനു സമീപമാണ്  അമ്മയെയും രണ്ടു മക്കളെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് . പാറോലിക്കല്‍ 101 കവലയ്ക്കു സമീപം വടകരയില്‍ ഷൈനി കുര്യന്‍(41), മക്കളായ അലീന എലിസബത്ത് നോബി (11), ഇവാന മരിയ നോബി (10) എന്നിവരാണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 5.20നു കോട്ടയം -നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചായിരുന്നു മരണം. ട്രെയിനിനു മുന്നിലേക്കു മൂവരും ചാടിയെന്നാണു ലോക്കോ പൈലറ്റ് പോലീസിനു നല്‍കിയ മൊഴി. റെയില്‍വേ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നു പോലീസ് സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു.


ഭര്‍ത്താവ് തൊടുപുഴ ചുങ്കം ചേരിയില്‍വലിയപറമ്പില്‍ നോബി ലൂക്കോസുമായി അകന്നു കഴിയുകയാണു ഷൈനി. ഇവര്‍ തമ്മിലുള്ള വിവാഹ മോചന കേസ് ഏറ്റുമാനൂര്‍ കുടുംബകോടതിയില്‍ നടക്കുകയാണ്. എന്നാൽ ഭർത്താവ് ഹിയറിങ്ങിനു എത്തിയില്ല എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. കുറെ നാളുകളായി ഷൈനി പാറോലിക്കലെ സ്വന്തം വീട്ടില്‍ താമസിക്കുകയാണ്. 

ബി.എസ്.സി. നഴ്‌സിങ് കഴിഞ്ഞെങ്കിലും ജോലിക്കു ശ്രമിച്ചു ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു ഷൈനിയെന്നു പറയപ്പെടുന്നു. കുടുംബപ്രശ്‌നങ്ങളുമുണ്ടായിരുന്നു. പുലര്‍ച്ചെ പള്ളിയിലേക്കെന്നു പറഞ്ഞാണു ഷൈനിയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നു മാതാപിതാക്കള്‍ പറഞ്ഞു. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ഷൈനിക്ക് എഡ്വിന്‍ (14)എന്ന ഒരു മകന്‍ കൂടിയുണ്ട്. എഡ്വിന്‍ എറണാകുളത്ത് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. 

ഷൈനി ജോലി തേടിയെത്തിയത് 12 ഓളം  ഹോസ്പിറ്റലുകളിൽ എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഷൈനിയുടെ മരണം സമുദായ ഗ്രൂപ്പുകളിലെല്ലാം ചര്‍ച്ചയായി. വിദ്യാഭ്യാസം ഉണ്ടായിട്ടും സ്വന്തം സമുദായത്തിന്റെ സ്ഥാപനത്തില്‍ നിന്നും ഒരു തൊഴിലവസരത്തിനുള്ള കരുണ പോലും ലഭിക്കാതെ ജീവിതം വഴി മുട്ടിയപ്പോള്‍ ഇവര്‍ ചെയ്ത് പോയതാണ് എന്ന വിധത്തിലാണ് ചര്‍ച്ചകള്‍. എന്നാൽ  റിപ്പോർട്ടുകൾ തള്ളി കാരിത്താസ് ഹോസ്പിറ്റൽ PRO. ഇതിൽ കാരിത്താസ് PRO  പുറത്തിറക്കിയത് എന്നുപറയുന്ന വിശദീകരണ കുറിപ്പുകൾ ചില സത്യങ്ങൾ അടിവരയിടുന്നു.  സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സൈബറിടത്തില്‍ പലവിധത്തില്‍ പ്രചരിക്കുന്നുണ്ട്. ഷൈനിയുടെ ജോലി വിഷയത്തില്‍ കാരിത്താസിന്റെ വിശദീകരണം ഇങ്ങനെ  

ഇതില്‍ ഒന്ന് കോട്ടയം കാരിത്താസ് ആശുപ്രത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടും ജോലി ലഭിക്കാത്തതു കൊണ്ടാണെന്ന വിധത്തിലായരുന്നു. ഈ പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കാരിത്താസ് ആശുപത്രി അധികൃതര്‍ അറിയിച്ചു.  ഷൈനി ആശുപത്രിയില്‍ ജോലിക്കായി അപേക്ഷിച്ചിരുന്നു എന്ന് സ്ഥിരീകരിക്കുന്ന കാരിത്താസ് എന്നാല്‍, അവര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചിരുന്നതായും വ്യക്തമാക്കി. നഴ്‌സിംഗ് ജോലി ഷൈനിക്ക് നല്‍കാന്‍ നിബന്ധനകള്‍ അനുസരിച്ച് സാധിക്കുമായിരുന്നില്ല. എന്നാല്‍, അവരുടെ പ്രത്യേക സാഹചര്യം മനസ്സിലാക്കി നഴ്‌സിംഗ് അസിസ്റ്റന്‍സ് എന്ന ജോലി നല്‍കാമെന്ന് അറിയിച്ചതാണെന്നു ആശുപത്രി അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചു. എന്നാല്‍ വീടിനടുത്തുള്ള മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചു എന്നാണ് പിന്നീട് അറിയുവാന്‍ സാധിച്ചതെന്നും കാരിത്താസ് മാനേജ്‌മെന്റ് വ്യക്തമാക്കി. നമ്മുടെ സമൂഹത്തെ ഒന്നടങ്കം വേദനിപ്പിച്ച ഷൈനിയുടെയും മക്കളുടെയും വേദനാജനകമായവിയോഗത്തില്‍ കാരിത്താസ് ആശുപത്രി പങ്കുചേരുകയും ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ജനകമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിക്ഷിപ്ത താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്നു. 'ഷൈനി എന്ന സഹോദരി ഈ ആശുപത്രിയില്‍ ജോലിക്കായി അപേക്ഷിച്ചിരുന്നു എന്നാല്‍ നല്‍കിയില്ല' ഇത്തരമൊരു പ്രസ്താവനയോട് കൂടി ചിലര്‍ പ്രചരിപ്പിക്കുന്ന വസ്തുത വിരുദ്ധമായകാര്യങ്ങളുടെ സത്യാവസ്ഥ ഇപ്രകാരമാണ്. കാരിത്താസ് NABH, NABH Nursing Excellence അംഗീകാരമുള്ള ആശുപത്രി ആയതിനാല്‍അതിന്റെ നിബന്ധന അനുസരിച്ച് 9 വര്‍ഷത്തിലധികമായി നഴ്‌സിംഗ് ജോലി ചെയ്യാതിരുന്ന ഈസഹോദരിക്ക് പ്രസ്തുത ജോലി നല്‍കുവാന്‍ സാധിക്കുമായിരുന്നില്ല. എങ്കിലും ഈ സഹോദരിയുടെ പ്രത്യേക സാഹചര്യം മനസ്സിലാക്കി നഴ്‌സിംഗ് അസിസ്റ്റന്‍സ് എന്ന ജോലി നല്‍കാമെന്ന് അറിയിച്ചതാണ്. എന്നാല്‍ വീടിനടുത്തുള്ള മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചു എന്നാണ് പിന്നീട് അറിയുവാന്‍ സാധിച്ചത്.

എന്നാൽ പ്രചരിക്കുന്ന കാര്യങ്ങൾ അനുസരിച്ചു ഭര്‍തൃവീട്ടില്‍ താമസിച്ചിരുന്ന കാലത്ത് ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി ഷൈനി ലോണെടുത്ത് പണം നല്‍കിയിരുന്നു. ഈ പണം തിരിച്ചടക്കേണ്ട ബാധ്യതയും ഷൈനിയുടെ തലയിലായി. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ജോലി തേടിയിറങ്ങിയപ്പോഴും ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി എടുത്ത പണവുമായി ബന്ധപ്പെട്ട പോലീസ് കേസ് ഒതുക്കാൻ ശ്രമിച്ചപ്പോഴും തടസവുമായി രംഗത്തെത്തിയവരിൽ ബന്ധുവായ വൈദികന്നും ഉണ്ടെന്നാണ് ആരോപണം. 

മുൻപ് എടുത്തിരുന്ന കടങ്ങൾ തിരിച്ചടയ്ക്കാത്തതിനാൽ അതാത് സ്ഥാപനങ്ങൾ നിയമനടപടികൾ സ്വീകരിച്ചു തുടങ്ങി എന്നതും ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പലരും വിരൽ ചൂണ്ടുന്നത്. എന്നാൽ എന്തൊക്കെയാണ് ഈ മരണത്തിന് പിന്നിലെ കാരണം എന്ന് ഷൈനിയുടെ വീട്ടുകാർക്കും ഭർതൃ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും മാത്രമേ അറിയൂ. പോലീസ് അത് അന്വേഷിച്ച് കണ്ടെത്തി ഭാവിയിൽ ഇതുപോലെ ആത്മഹത്യകൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. സങ്കടം ഉള്ളിലൊതുക്കി നീറി പുകഞ്ഞ് ജീവിതം തള്ളിനീക്കുന്ന ഒരുപാട് വീട്ടമ്മമാർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. മക്കളോടുള്ള സ്നേഹം കൊണ്ട് ആത്മഹത്യചെയ്യാതെ ചത്തതിന് ഒക്കുമേ ജീവിച്ചിരിക്കിലും എന്നപോലെ ജീവച്ഛവമായി കഴിഞ്ഞു പോകുന്നു എന്ന് മാത്രം! ഭർത്താവ് മദ്യപാനിയാണെങ്കിൽ പറയുകയും വേണ്ട ആ കുടുംബത്തിന്റെ അവസ്ഥ !

കേരളത്തിലെ മൊത്തം ആത്മഹത്യയുടെ കണക്കും ഞെട്ടിക്കുന്നത്. 2019 മുതൽ 2024 മാർച്ച് 31 വരെ അഞ്ചുവർഷത്തിൽ കേരളത്തിലെ 365 പോലീസ്‌സ്റ്റേഷൻ പരിധിയിൽ ജീവനൊടുക്കിയവർ 36,213. 

21,476 പുരുഷന്മാരും 5,585 സ്ത്രീകളും 595 കുട്ടികളും. കെ.പി.സി.സി. സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്താണ് ആത്മഹത്യക്കണക്ക് വിവരാവകാശനിയമപ്രകാരം ശേഖരിച്ചത്. സംസ്ഥാനത്തെ 485 പോലീസ്‌സ്റ്റേഷനിലേക്കും വിവരാവകാശനിയമപ്രകാരം കത്തയച്ചെങ്കിലും 365 സ്റ്റേഷനിൽനിന്നേ മറുപടി കിട്ടിയുള്ളൂ. എല്ലാ സ്റ്റേഷനിലെയും കണക്കു കിട്ടുമ്പോൾ ആത്മഹത്യ ശരാശരി 45,000 എത്തുമെന്ന് ഷാജി പറയുന്നു.

  • സ്റ്റേഷൻപരിധിയിൽ കൂടുതൽ‍ ആത്മഹത്യ പാലക്കാട് ആലത്തൂർ സ്റ്റേഷന്റെ പരിധിയിൽ- 479 പേർ
  • രണ്ടാമത് തൃശ്ശൂർ ഒല്ലൂർ സ്റ്റേഷൻ പരിധിയിൽ- 466
  • ഏറ്റവും കൂടുതൽ ആത്മഹത്യ തിരുവനന്തപുരത്ത്. അഞ്ചുവർഷത്തിൽ 4,282 പേർ
  • കുറവ് കാസർകോട്ട്- 1,293 പേർ
  • കൂടുതൽ കുട്ടികൾ ജീവനൊടുക്കിയത് തിരുവനന്തപുരത്ത്- 56
  • കുറവ് പത്തനംതിട്ടയിൽ- 21.

(ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056)



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !