ചട്ടിപ്പറമ്പ് : കോഡൂർ, പൊന്മള, കുറുവ, പഞ്ചായത്തുകളിലെ മിക്കപ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായതോടെ കാർഷികരംഗം ഉപേക്ഷിക്കാനൊരുങ്ങുകയാണ്ഗ്രാമീണ കർഷകർ. വയലുകളിലും പറമ്പുകളിലും ചെയ്ത കൃഷി സുരക്ഷിതമായി വിളയിച്ചെടുക്കാനാവാത്ത സാഹചര്യത്തിൽ ചില കർഷകർ ഇപ്പോൾത്തന്നെ കാർഷികവൃത്തി നിർത്തിയിട്ടുണ്ട്.
പറമ്പുകളിൽ കൃഷിചെയ്യുന്ന വാഴ, മരച്ചീനി, ചേമ്പ്, ചേന, കൈതച്ചക്ക, വിവിധയിനം പച്ചക്കറികൾ, തെങ്ങുംതൈകൾ എന്നിവയെല്ലാം കാലങ്ങളായി പന്നികൾ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാത്രിയാകുന്നതോടെ പത്തും പതിനഞ്ചും പന്നികളടങ്ങുന്ന കൂട്ടങ്ങൾ ഒന്നിച്ചെത്തിയാണ് വിളകൾ നശിപ്പിക്കുന്നത്.
വീടുകളിലും വിദ്യാലയങ്ങളിലുമൊല്ലാം ഒരുക്കിയിട്ടുള്ള അടുക്കളത്തോട്ട കൃഷികൾപോലും സുരക്ഷിതമല്ല. ടെറസ്സുകളിലെ കൃഷിക്ക് മാത്രമമാണ് പന്നികളുടെ ശല്യത്തിൽനിന്ന് അല്പം ആശ്വാസമുള്ളത്. പാടശേഖരങ്ങളിലെ കൃഷിക്കും പന്നിക്കൂട്ടം വൻ ഭീഷണിയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഒറ്റത്തറയിലെ കറുകമണ്ണിൽ മുഹമ്മദാലിയുടെ നെൽക്കൃഷിയാണ് പന്നിക്കൂട്ടം പാടേ നശിപ്പിച്ചത്. ഒന്നര മാസത്തിനകം വിളവെടുക്കാൻ പ്രായമായ നെൽക്കൃഷിയാണ് നശിപ്പിക്കപ്പെട്ടത്.
ഇവിടെ രണ്ട് ഹെക്ടറോളം പാടശേഖരത്തിലാണ് കൃഷി ഇറക്കിയിട്ടുള്ളത്. കർഷകക്കൂട്ടായ്‌മയായ കോഡൂർ കാർഷിക കർമസേനയും ഒറ്റത്തറ പാടശേഖരത്തിൽ നെൽക്കൃഷി ചെയ്തിട്ടുണ്ട്. അത്യുത്പാദനശേഷിയുള്ള പൊൻമണി വിഭാഗത്തിലെ നെല്ലാണ് ഇപ്രാവശ്യം കൃഷി ഇറക്കിയിട്ടുള്ളത്. ഇവയുടെയെല്ലാം നിലനിൽപ്പ് കാട്ടുപന്നികളുടെ ഭീഷണിയിലാണ്. കർഷകർ ജൈവ കൃഷിയിലേക്ക് മടങ്ങിയതോടെ പാടശേഖരങ്ങളിൽ മണ്ണിരയും മറ്റുസൂക്ഷ്‌മ ജീവികളും ധാരാളമായി വളരാൻ തുടങ്ങിയതോടെ ഇവയെ ഭക്ഷിക്കാനാണ് പന്നികൾ കൂട്ടത്തോടെ വയലിൽ ഇറങ്ങി വിളകൾ വേരോടെ കുത്തിമറിച്ച് നശിപ്പിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ വാർഷികപദ്ധതികളിൽ കൃഷിക്കാവശ്യമായ വിത്തും വളവുമെല്ലാം നൽകുന്നുണ്ടെങ്കിലും ഇത്തരം നശീകരണങ്ങളിൽ പിടിച്ചുനിൽക്കാനാകുന്ന സാമ്പത്തികസഹായങ്ങളോ ഇൻഷുറൻസ് പരിരക്ഷകളോ നിലവിലില്ലെന്നതാണ് കർഷകരെ രംഗംവിടാൻ പ്രേരിപ്പിക്കുന്നത്. രാത്രിയാകുന്നതോടെ നാട്ടിൽ പരന്നുനടക്കുന്ന കാട്ടുപന്നികളെ പിടിച്ചുകൊണ്ടുപോകുന്നതിനോ കൊന്നുകളയാനോ സമഗ്രപദ്ധതികളില്ലാതെ കാർഷികരംഗത്ത് തുടരാനാവില്ലെന്നാണ് ഭൂരിപക്ഷ കർഷകരുടെയും നിലപാട്.കാട്ടുപന്നിശല്യം ഇപ്പോൾ ഒന്നോ, രണ്ടോ തദ്ദേശസ്ഥാപനങ്ങളിലെ മാത്രം പ്രശ്‌നമല്ല.
കൃഷിക്കും മനുഷ്യർക്കും പൊതുനിരത്തുകളിലൂടെ വാഹനങ്ങളിൽ യാത്രചെയ്യുന്നവർക്ക് വരെ അതിരൂക്ഷമായ പ്രശ്നമാണ് ഗ്രാമസഭകളിലും നിരന്തരമായി ഈ വിഷയം ചർച്ചയാകാറുണ്ട്. കാട്ടുപന്നിശല്യം പൂർണമായി ഒഴിവാക്കാനും നഷ്ടങ്ങൾ സംഭവിച്ചവർക്ക് പരിരക്ഷയൊരുക്കാനും സർക്കാർ തലത്തിൽ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നു കോഡൂർ , വികസന സ്ഥിരംസമിതി അധ്യക്ഷ, ഫാത്തിമ വട്ടോളി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.