ഏറ്റുമാനൂർ; മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കടപ്പൂര് കരക്കാരുടെ കുലവാഴ, കരിമ്പ്, കരിക്കുംകുല സമർപ്പണം ഭക്തിസാന്ദ്രമായി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും വിവിധ ക്ഷേത്രങ്ങളിൽ നിന്നും കുല വാഴകളും വഹിച്ചു കൊണ്ടുള്ള ഘോഷയാത്രകൾ കടപ്പൂര് ദേവീക്ഷേത്ര സന്നിധിയിൽ സംഗമിച്ചു.
സാംസ്കാരിക ഘോഷയാത്രാ സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. കാണക്കാരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം രക്ഷാധികാരി ഡോ. എംജെഎ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും, കെ.എൻ.ശ്രീകുമാർ മുഖ്യ സന്ദേശവും നൽകി.തുടർന്ന് കാരൂർ കൊട്ടാരത്തിൽ കാണിക്കയർപ്പിച്ചു മാളോല, ഒളുക്കാല, ക്ലാമറ്റം, വള്ളിക്കാട് തുടങ്ങി വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയെത്തിയ ഘോഷയാത്രയ്ക്ക് തവളക്കുഴി ജംക്‌ഷനിൽ എത്തിയപ്പോൾ വിവിധ ഹൈന്ദവ സംഘടനകൾ, ഓട്ടോ ഡ്രൈവേഴ്സ്, വ്യാപാരികൾ, നഗരസഭ അധികൃതർ, പൗരസമിതി, ഭക്തജനങ്ങൾ എന്നിവർ ചേർന്ന് പ്രൗഢ ഭംഗീര സ്വീകരണം നൽകി.
തവളക്കുഴിയിൽനിന്നും താലപ്പൊലിയുടെയും നാടൻ കലാരൂപങ്ങളുടെയും വാദ്യഘോഷ മേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രം നഗരിയെ വലം വച്ച് ആറാട്ട് മണ്ഡപത്തിലൂടെ ക്ഷേത്രസന്നിധിയിലെത്തി ഘോഷയാത്ര സമാപിച്ചു.
ക്ഷേത്രത്തിൽ ദേവസ്വം ബോർഡിന്റെയും ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ ഘോഷയാത്രയെ സ്വീകരിച്ച് കുല വാഴകളും, കരിമ്പ്, കരിക്കിൻ കുലകളും ഏറ്റുവാങ്ങി. തുടർന്നു കരക്കാർ ഉത്സവത്തിനായി ദേശ കാണിക്ക തിരുനടയിൽ സമർപ്പിച്ച് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം നടത്തി. അടുത്ത വർഷത്തെ ഘോഷയാത്ര നടത്തിപ്പിനായി അനുമതി വാങ്ങി ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്തതോടെ ഈ വർഷത്തെ കുലവാഴ സമർപ്പണ ഘോഷയാത്ര പൂർത്തിയായി.
ഘോഷയാത്രക്ക് ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.ആർ.ശശികുമാരൻ നായർ, സെക്രട്ടറി മനോജ് കൃഷ്ണൻ നായർ, ശ്രീ മഹാദേവ സാംസ്കാരിക സമിതി പ്രസിഡന്റ് കെ.എൻ.ശ്രീകുമാർ, ദീപു മോഹനൻ, വി.കെ.സുകുമാരൻ എന്നിവർ നേതൃത്വം വഹിച്ചു.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഇന്ന് രാവിലെ 6.30ന് പഞ്ചരത്ന കീർത്തനാലാപനം. 9.30 ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരും സംഘവും അവതരിപ്പിക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം, 10.45ന് കൊടിയേറ്റ്. 11നു സാംസ്കാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും –മന്ത്രി വി എൻ. വാസവൻ. 11.30ന് ടി.എസ്.രാധാകൃഷ്ണജിയുടെ ഭക്തിഗാന തരംഗിണി. വൈകുന്നേരം 5ന് മെഗാ തിരുവാതിര, 6ന് കാഴ്ചപ്പന്തൽ സ്വിച്ച് ഓൺ കർമം, വൈക്കം 7ന് വിജയലക്ഷ്മിയുടെ സംഗീതവിരുന്ന്, രാത്രി 12ന് നൃത്തനൃത്യങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.