ശാസ്താംകോട്ട ;ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗത്തെ സിപിഐ ലോക്കൽ സെക്രട്ടറിയാക്കാനുള്ള നീക്കം കത്തിക്കുത്തിൽ കലാശിച്ചു. സംഘർഷം നിയന്ത്രിക്കാനെത്തിയ മുൻ ലോക്കൽ സെക്രട്ടറിക്ക് കുത്തേറ്റു.
താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന്റെ കയ്യിലെ മുറിവിൽ 7 തുന്നലിട്ടു. ചക്കുവള്ളിയിൽ നടന്ന പോരുവഴി പടിഞ്ഞാറ് ലോക്കൽ സമ്മേളനമാണ് വിഭാഗീയതയെ തുടർന്ന് തമ്മിലടിച്ചു പിരിഞ്ഞത്. ശൂരനാട് മണ്ഡലം കമ്മിറ്റിയിലെ ആദ്യ ലോക്കൽ സമ്മേളനത്തിൽ റിപ്പോർട്ട് അവതരണം മുതൽ തർക്കം ആരംഭിച്ചു. കഴിഞ്ഞ സമ്മേളനത്തിനു ശേഷം ലോക്കൽ സെക്രട്ടറിയായി 6 പേരെ മാറ്റി പരീക്ഷിച്ചെങ്കിലും വിഭാഗീയത അവസാനിച്ചില്ല.9 ബ്രാഞ്ച് കമ്മിറ്റികളും നിർജീവമായി. സർക്കാർ ഉദ്യോഗസ്ഥനും ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗവുമായ നേതാവിനു 6 മാസം മുൻപ് സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു. സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റിയുടെ പാനൽ അംഗീകരിച്ചെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് നേതാക്കൾ ഇതേ ഉദ്യോഗസ്ഥന്റെ പേര് നിർദേശിച്ചതോടെ തർക്കമായി.
15 അംഗ ലോക്കൽ കമ്മിറ്റിയിൽ 12 പേരും പാർട്ടി നിർദേശത്തിനെതിരെ രംഗത്തെത്തി. ഉദ്യോഗസ്ഥരെ അംഗീകരിക്കാൻ കഴിയില്ലെന്നും മറ്റാരുടെ പേര് നിർദേശിച്ചാലും പ്രശ്നമില്ലെന്നും ഇവർ നിലപാട് സ്വീകരിച്ചു.
ശൂരനാട് മണ്ഡലം കമ്മിറ്റിയിലെ 7 ലോക്കൽ സെക്രട്ടറിമാരും സർക്കാർ ഉദ്യോഗസ്ഥരാണെന്നും പാർട്ടി സംവിധാനത്തെ ജോയിന്റ് കൗൺസിൽ പിടിച്ചെടുക്കുന്നത് അംഗീകരിക്കില്ലെന്നും പ്രതിനിധികൾ പറഞ്ഞു. സമ്മേളനം നിയന്ത്രിക്കാനെത്തിയ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഉൾപ്പെടെ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല.
തർക്കം രൂക്ഷമായതോടെ ഭൂരിഭാഗം പ്രതിനിധികളും ലോക്കൽ കമ്മിറ്റിയംഗങ്ങളും സമ്മേളന ഹാളിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനിടെ അനുരഞ്ജന ചർച്ചകൾക്കായി മുൻ ലോക്കൽ കമ്മിറ്റിയംഗവും ശൂരനാട് മണ്ഡലം കമ്മിറ്റിയംഗവുമായ യുവാവിനെ നേതാക്കൾ വിളിച്ചു വരുത്തി.
സംഘർഷം നിയന്ത്രിക്കാനുള്ള നീക്കത്തിനിടെയാണ് ഇദ്ദേഹത്തിന് കത്തി കൊണ്ട് കുത്തേറ്റത്. യുവാവിനെ ആക്രമിച്ച പാർട്ടി അംഗത്തെ ഒരു വിഭാഗം നേതാക്കൾ സംരക്ഷിച്ചെന്നും സംഭവം പൊലീസിൽ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.