തിരുവനന്തപുരം: സാമൂഹിക മാധ്യമത്തിൽ പരസ്പരം വാക്പോരുമായി കെ.ആർ. മീരയും ബെന്യാമിനും. ഗാന്ധിവധവുമായി ബന്ധപ്പെട്ട കെ.ആർ. മീരയുടെ പോസ്റ്റിനെതിരേയാണ് ബെന്യാമിൻ രംഗത്തെത്തിയത്. കടുത്ത ഭാഷയിൽ കെ.ആർ. മീരയെ വിമർശിച്ചുകൊണ്ടായിരുന്നു ബെന്യാമിന്റെ പോസ്റ്റ്.
ഇതിന് പിന്നാലെ കെ.ആർ. മീര അതേ ഭാഷയിൽ തന്നെ ബെന്യാമിന് മറുപടി നൽകി. ഇത് രാഷ്ട്രീയനേതാക്കളും ഏറ്റെടുക്കുകയായിരുന്നു.ഗാന്ധിവധത്തിൽ ഹിന്ദുമഹാസഭയ്ക്കൊപ്പം കോൺഗ്രസിനേയും വിമർശിച്ചുകൊണ്ടായിരുന്നു കെ.ആർ. മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'തുടച്ചു നീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു, കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുസഭ' എന്നായിരുന്നു കെ.ആർ. മീരയുടെ ആദ്യ പോസ്റ്റ്. ഇതിന് മറുപോസ്റ്റ് ആയാണ് ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചത്.'കെ.ആർ. മീര പറഞ്ഞത് ശുദ്ധ അസംബന്ധം. ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയിൽ വിമർശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞു കൊണ്ട് എഴുതുന്നതാണ് അപകടം' എന്നായിരുന്നു ബെന്യാമിന്റെ പോസ്റ്റ്.
ഇതിന് മറുപടിയായി കെ.ആർ. മീര; 'ബെന്യാമിൻ ഉപയോഗിച്ച ഭാഷയിൽത്തന്നെ ഞാൻ മറുപടി പറയുന്നു: ഗാന്ധിനിന്ദയ്ക്ക് എതിരേ ശക്തമായി പ്രതിഷേധിക്കാൻ പോലും ചങ്കുറപ്പില്ലാതെ എന്റെ പോസ്റ്റിനെ ശുദ്ധ അസംബന്ധം എന്നു പറയുന്ന ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് എനിക്കും ധാരാളം പറയാനുണ്ട്. എന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണ്. അന്നും ഇന്നും എന്റെ നിലപാടുകളിൽനിന്നു ഞാൻ അണുവിട മാറിയിട്ടില്ല.
ഞാൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും അപ്പക്കഷ്ണങ്ങൾ മോഹിച്ചു പ്രസ്താവന നടത്തിയിട്ടുമില്ല. എന്നെ വിമർശിക്കുന്നതുവഴി കോൺഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരിൽനിന്നു കിട്ടാനുള്ള അപ്പക്കഷ്ണങ്ങൾകൂടി പോരട്ടെ എന്നാണു ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നു. ഞാനാണു മഹാ പണ്ഡിതൻ, ഞാനാണു മഹാമാന്യൻ, ഞാനാണു സദാചാരത്തിന്റെ കാവലാൾ എന്നൊക്കെ മേനി നടിക്കുന്നതുകൊള്ളാം. കൂടുതൽ എഴുതുന്നില്ല' എന്ന് മീര ഫേസ്ബുക്കിൽ കുറിച്ചു.മീരയുടെ പോസ്റ്റിന് പ്രതികരണവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ഫിക്ഷൻ എഴുതാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട്, ഈ പോസ്റ്റിലും അത് കാണാൻ കഴിയുന്നുവെന്ന് മീരയ്ക്ക് മറുപടിയുമായി ടി. സിദ്ദിഖ് എം.എൽ.എ. രംഗത്തെത്തി.
ഇരുവരുടേയും പോര് രാഷ്ട്രീയ നേതാക്കളും ഏറ്റെടുത്തു. പ്രമുഖ മലയാള നോവലിസ്റ്റുകൾ ഇതെന്ത് ഭാവിച്ചാണ് എന്ന പരിഹാസവുമായി വി.ടി. ബൽറാം രംഗത്തെത്തി. 'എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്നത്! ഈ പ്രമുഖ മലയാള നോവലിസ്റ്റുകൾ ഇതെന്ത് ഭാവിച്ചാണ്!! ഒന്നുമില്ലെങ്കിലും സംഘ് പരിവാറിന് വിദൂരമായിപ്പോലും വിജയ സാധ്യതയില്ലാത്ത തൃത്താല പോലുള്ള ഏതെങ്കിലും മണ്ഡലങ്ങളിൽ ഒരുമിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്താനുള്ളവരാണ് നിങ്ങൾ എന്ന് മറന്നുപോവരുത്. 2026 ഇങ്ങ് അടുത്തെത്താനായി' എന്ന് വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. അടിയന്തരമായി ഇടപെടൽ വേണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
അടുത്ത പത്മഭൂഷനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് സംഘികൾ ആഗ്രഹിക്കുന്ന പോസ്റ്റ് മുഖപുസ്തകത്തിൽ മീര പോസ്റ്റ് ചെയ്തതെന്ന് കെപിസിസി അംഗം റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.