പത്തനംതിട്ട ; ഇല്ല, ഇന്ന് സുനാമി മുന്നറിയിപ്പ് ഇല്ല. കടലിൽ പോകാം. സഞ്ചാരികൾക്കും നിയന്ത്രണമില്ല. നന്ദി പറയേണ്ടത് ‘സുനാമി’ വേഗത്തിൽ കർമനിരതരാകാമെന്ന് തെളിയിച്ച കേരളത്തിന്റെ തീരസുരക്ഷാസേനയ്ക്ക്. അവരാണ് ശനി രാവിലെ കേരള തീരത്ത് ജാഗ്രതപുലർത്തണമെന്ന മുന്നറിയിപ്പ് നൽകിയത്.
അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനം ഉണ്ടായി എന്ന് അറിഞ്ഞാൽ ജാഗ്രത പാലിക്കണമെന്നത് അവർക്കു ലഭിച്ചിരിക്കുന്ന നിർദേശമാണ്. എന്നാൽ മുന്നറിയിപ്പിനു മുൻപ് ദുരന്തനിവാരണ അതോറിറ്റിയുമായി ചർച്ച ചെയ്യാൻ വിട്ടുപോയത് ജാഗ്രതാനിർദേശം പിൻവലിക്കേണ്ട സാഹചര്യത്തിലേക്കു നയിച്ചു.
കാസർകോട് തീരത്തോടു ചേർന്ന് ഇന്നലെ പുലർച്ചെ 1.35ന് അറബിക്കടലിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കാസർകോട്ടും മറ്റും നേരിയ മുഴക്കവും ഉണ്ടായി. പുലർച്ചെ 4 ന് കേരള തീരത്തു നിന്ന് ഏകദേശം 1400 കിമീ ദൂരെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ കാൾസ് ബർഗ് കടൽത്തട്ടിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത സൂചിപ്പിക്കുന്ന ഭൂചലനം അനുഭവപ്പെട്ടു. 5.28 ന് 4.7 തീവ്രതയുള്ള തുടർ ചലനവും ഉണ്ടായി. ഇതു കേരള തീരദേശ സേനയെ ഉണർത്തി.
തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്ക് മിന്നിൽ വേഗത്തിൽ സന്ദേശം പാഞ്ഞു. മൈക്ക് അനൗൺസ്മെന്റ് നൽകാനും കടലോര ജാഗ്രതാ സമിതികളെ അറിയിക്കാനും ലോക്കൽ പൊലീസുമായി സഹകരിച്ച് മത്സ്യബന്ധനത്തിനു പോകുന്ന സ്ഥലങ്ങളിൽ നടപടികൾ സ്വീകരിക്കാനുമായിരുന്നു തീരദേശ സേനയുടെ നിർദേശം.എന്നാൽ സുനാമിയോ കടൽതിരയേറ്റമോ കള്ളക്കടൽ പ്രതിഭാസമോ ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിൽ മുൻകൂട്ടി വിവരം ലഭിക്കാൻ ഹൈദരാബാദിലെ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (ഇൻകോയ്സ്) സംവിധാനമുണ്ട്.
ഉടൻ തന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ അവർ വിവരം അറിയിക്കുകയും ചെയ്യും. തീരദേശ സേനയുടെ മുന്നറിയിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാന ദുരന്ത നിവാരണ സേന ഉടൻ രംഗത്തെത്തി.
കാലാവസ്ഥാ വകുപ്പോ ഇൻകോയ്സോ നൽകുന്ന ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ മുന്നറിയിപ്പു നൽകരുതെന്ന കർശന നിർദേശം പുറപ്പെടുവിച്ചു. തീരദേശ സേനയുടെ മുന്നറിയിപ്പ് പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചു. ഇന്ത്യൻ തീരത്ത് സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് 11 മണിയോടെ ഇൻകോയ്സ് വ്യക്തമാക്കിയതോടെ തീരത്ത് ആശങ്ക ഒഴിവായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.