ഇടുക്കി; 2 വർഷം മുൻപ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ കുട്ടിക്കാനത്ത് എത്തിയപ്പോൾ സോഫിയയുടെ ഭർത്താവ് ഇസ്മായിൽ കണ്ടു സംസാരിച്ചു. കാട്ടാനയെ കണ്ട് ഓടിയ ഭാര്യ വീണു പരുക്കേറ്റ കാര്യം മന്ത്രിയോടു പറഞ്ഞു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നു മന്ത്രി ഉറപ്പുനൽകി.
തോളിൽ തട്ടി ആശ്വസിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അതേ സ്ഥലത്തു വച്ചുതന്നെ കാട്ടാനയുടെ ആക്രമണത്തിൽ സോഫിയയുടെ ജീവൻ പൊലിഞ്ഞു.2023ൽ വനം വകുപ്പ് കുട്ടിക്കാനത്തു സംഘടിപ്പിച്ച വനസൗഹൃദ സദസ്സിൽ പങ്കെടുക്കാനാണു മന്ത്രിയെത്തിയത്. കാട്ടാനയും പുലിയും ഉൾപ്പെടെയുള്ളവ കാരണം പ്രദേശത്തു ജീവിക്കാനാകുന്നില്ലെന്ന പരാതിയുമായാണ് ഇസ്മായിലും സോഫിയയും മന്ത്രിയെ കാണാനെത്തിയത്. ഇതിനു കുറച്ചു ദിവസം മുൻപായിരുന്നു കാട്ടാനയെക്കണ്ട് ഓടിയ സോഫിയയ്ക്കു പരുക്കേറ്റത്.വീട്ടുമുറ്റത്തു പുലിയെക്കണ്ട് ഓടി വീണും സോഫിയയ്ക്കു പരുക്കേറ്റിട്ടുണ്ട്. ജന്മനാ കേൾവിക്കുറവുള്ള മകൾ ആമിനയും കാട്ടാനയെക്കണ്ട് പേടിച്ച് ഓടി വീണു പരുക്കേറ്റിരുന്നു. മുണ്ടക്കയത്തുനിന്ന് 22 കിലോമീറ്റർ മാറിയുള്ള കൊമ്പൻപാറ മുൻപു ജനവാസമേഖലയായിരുന്നു. ജീപ്പുയാത്ര മാത്രം സാധ്യമായ വഴിയാണ് ഇവിടേക്കുള്ളത്. ഇപ്പോൾ കൊമ്പൻപാറയിൽ ശേഷിക്കുന്നത് 3 കുടുംബങ്ങൾ മാത്രം. ഇവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് കലക്ടർ വി.വിഘ്നേശ്വരി ഇന്നലെ നൽകിയ ഉറപ്പ്.
2018ൽ തുടങ്ങിയതാണു കാട്ടാനകളുടെ വരവ്. വനം വകുപ്പിൽ പരാതി പറഞ്ഞിട്ടും ഫലമില്ലാതെ വന്നതോടെ ജനങ്ങൾ കുടിയിറങ്ങിത്തുടങ്ങി. പശുവിനെയും ആടിനെയും വളർത്തിയാണു പലരും കഴിഞ്ഞിരുന്നത്. വളർത്തുമൃഗങ്ങളെ പുലി പിടിക്കാൻ തുടങ്ങിയതോടെ ജീവിതമാർഗം മുടങ്ങി സ്ഥലംവിട്ടുപോയവരുമുണ്ട്. സോഫിയയുടെ 8 ആടുകളെയാണ് പുലി കൊന്നു തിന്നത്. വളർത്തുനായയെയും പിടിച്ചുതിന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.