ആലപ്പുഴ: മദ്യവും മയക്കുമരുന്നും പോലെ മൊബൈൽ ഫോണിന്റെ അമിതോപയോഗം- കുട്ടികളിൽ മാനസികവും ശാരീരികവുമായ സങ്കീർണാവസ്ഥ സൃഷ്ടിക്കുന്നതായി വനിത-ശിശു വികസന വകുപ്പിന്റെ കണ്ടെത്തൽ.
2023 മുതൽ 2024 അവസാനം വരെ 15,261 കുട്ടികൾക്കാണ് ഇതുമായി ബന്ധപ്പെട്ട് ചികിത്സ നൽകിയത്. വകുപ്പിന്റെ ജില്ലാ റിസോഴ്സ് കേന്ദ്രങ്ങൾ, പാരന്റിങ് ക്ലിനിക്കുകൾ, സ്കൂൾ കൗൺസലിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് പ്രശ്‌നത്തിന്റെ വ്യാപ്തി വ്യക്തമായത്.
അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ പഠനത്തിലെ പിന്നാക്കാവസ്ഥ, മറ്റുള്ളവരുമായി പൊരുത്തപ്പെടാനുള്ള പ്രശ്നം, വിഷാദരോഗം, ഉത്കണ്ഠ, അമിത മാനസികസമ്മർദം, ആത്മഹത്യാ പ്രവണത എന്നിവ കണ്ടെത്തി. ഇത് ലഹരി ഉപയോഗിക്കുന്നവരുടേതിനു തുല്യമാണെന്നും പറയുന്നു.
പോഷകാഹാരക്കുറവ്, വ്യായാമക്കുറവ്, ഉറക്കമില്ലായ്മ എന്നിവയും ഇത്തരം കുട്ടികളിൽ പ്രകടം. ഇവരിൽ മസ്തിഷ്ക വികാസത്തിനും താമസമുണ്ടാകും. പേശീവികസനക്കുറവ്, പൊണ്ണത്തടി എന്നിവയ്ക്കും കാരണമാകും.
പരിഹരിക്കാൻ സർക്കാർ സംവിധാനം
വനിത-ശിശു വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളാണ് പ്രശ്നപരിഹാരത്തിനായി ഇടപെടുന്നത്. വനിത-ശിശു വികസന വകുപ്പ് മുഖേന കുട്ടികളിലും രക്ഷിതാക്കളിലും ബോധവത്കരണം നടത്തുന്നുണ്ട്.
ഗുരുതര കേസുകൾ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലൂടെയാണ് പരിഹരിക്കുന്നത്. മാനസികാരോഗ്യ പ്രൊഫണലുകളുടെ സഹായം ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ മാനസികാരോഗ്യം ഒ.പി.യിൽ ഇതു ലഭ്യമാണ്.
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ബിഹേവിയറൽ പീഡിയാട്രിക് ഒ.പി.യിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിശദമായ മാനസിക വിദ്യാഭ്യാസം നൽകുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ ‘സൗഹൃദ’ ക്ലബ്ബുകളും ഒരുക്കിയിട്ടുണ്ട്.
ഹ്രസ്വദൃഷ്ടി പാഞ്ഞെത്തും
ലണ്ടൻ: മൊബൈൽ ഫോണിലോ അതുപോലുള്ള ഉപകരണങ്ങളിലോ നോക്കിയിരിക്കുന്ന ഓരോ മണിക്കൂറും കുട്ടികൾക്ക് ഹ്രസ്വദൃഷ്ടിയെന്ന കാഴ്ചത്തകരാറുണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നെന്ന് പഠനം. അതിനാൽ, ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം കുറച്ച് കുട്ടികളെ പുറത്തു കളിക്കാൻ വിടണമെന്ന് വിദഗ്‌ധർ നിർദേശിച്ചു.
ദക്ഷിണകൊറിയയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് മൊബൈൽ ഫോൺ ഹ്രസ്വദൃഷ്ടിക്കിടയാക്കുമെന്ന് കണ്ടെത്തിയത്. കണ്ണിന്റെ നീളം കൂടുന്നതോ കണ്ണിലെ ലെൻസിന്റെയോ കോർണിയയുടെയോ വക്രത കൂടുന്നതോ ആണ് ഹ്രസ്വദൃഷ്ടി (മയോപ്പിയ) എന്ന കാഴ്ചവൈകല്യത്തിന് ഇടയാക്കുന്നത്. 2050 ആകുമ്പോൾ ലോകത്തെ 40 ശതമാനം കുട്ടികൾക്കും കൗമാരക്കാർക്കും ഈ വൈകല്യമുണ്ടാകുമെന്ന് ഗവേഷണഫലം പറയുന്നു. 3,35,524 പേർ പങ്കെടുത്ത 45 പഠനങ്ങൾ വിശകലനം ചെയ്താണ് കൊറിയൻ ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. കുട്ടികൾ, കൗമാരക്കാർ എന്നിവരെ സംബന്ധിച്ച വിവരശേഖരമാണ് പഠനത്തിനുപയോഗിച്ചത്.
ദിവസം ഒരു മണിക്കൂർ സ്‌ക്രീനിനുമുന്നിൽ ചെലവിടുന്ന കുട്ടിക്ക് ഹ്രസ്വദൃഷ്ടിവരാനുള്ള സാധ്യത അങ്ങനെ ചെയ്യാത്ത കുട്ടിയെക്കാൾ അഞ്ചുശതമാനം കൂടുതലാണ്. നാലുമണിക്കൂറാണ് സ്‌ക്രീൻ നോക്കിയിരിക്കുന്നതെങ്കിൽ കാഴ്ചവൈകല്യത്തിനുള്ള സാധ്യത 97 ശതമാനം കൂടുതലാണെന്നും ഗവേഷകർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.