തൃശൂർ ;ഭാര്യ അയച്ച പണമെല്ലാം ധൂർത്തടിച്ച് കളഞ്ഞു, ഒടുവിൽ ഭാര്യ നാട്ടിൽ വരുമെന്നായപ്പോൾ മോഷണത്തിറങ്ങി. ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നടന്ന വൻ കവർച്ചയുടെ കാരണമെന്തെന്ന് തിരക്കിയ പൊലീസിനോട് പിടിയിലായ ആശാരിക്കാട് സ്വദേശി റിജോ ആന്റണി പറഞ്ഞത് ഇങ്ങനെ.
ഭാര്യ വിദേശത്ത് നിന്നും മടങ്ങിവരുന്നുവെന്ന് അറിഞ്ഞതോടെയാണ് ഇയാൾ മോഷണം ആസൂത്രണം ചെയ്തത്. ധൂർത്തടിച്ച പണം തിരികെ വയ്ക്കാനായിരുന്നു മോഷണം. 15 ലക്ഷം രൂപയിൽ 5 ലക്ഷം ഇയാൾ ചെലവാക്കിയെന്നാണ് വിവരം. ബാക്കി 10 ലക്ഷമാണ് പൊലീസ് പിടിച്ചെടുത്തത്.പ്രതിയെ പിടികൂടാൻ ശാസ്ത്രീയ മാർഗങ്ങൾ പലതും പൊലീസ് ഉപയോഗിച്ചു.ബാങ്കിലെ അക്കൗണ്ടുകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു. ഒടുവിൽ പ്രതി പ്രദേശവാസി തന്നെയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. സ്വന്തം സ്കൂട്ടറിലാണ് ഇയാൾ മോഷണത്തിനെത്തിയത്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനം ഓടിച്ചത്. ബാങ്ക് കവർച്ചാക്കേസുകൾ അന്വേഷിച്ചു പരിചയമുള്ള ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി ആയിരുന്നു പൊലീസിന്റ അന്വേഷണം.
ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറകൾ പരിശോധിച്ചും ഇടപാടുകാരെ നിരീക്ഷിച്ചുമൊക്കെയാണ് അന്വേഷണം പുരോഗമിച്ചത്. സംഭവ ദിവസം രാത്രി 11 വരെ ബാങ്ക് ജീവനക്കാരെ പുറത്തുപോകാൻ പൊലീസ് അനുവദിച്ചിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്നും അവധിയിലായിരുന്ന ഒരാളിൽ നിന്നും പലവട്ടം മൊഴിയെടുത്തു.
മുഴുവൻ ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ വീണ്ടുമെത്തി മൊഴി രേഖപ്പെടുത്തി. സംഭവം നടന്ന് 52ാം മണിക്കൂറിലാണ് പ്രതി പൊലീസ് പിടിയിലാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.