മോസ്കോ;റഷ്യൻ ബ്രൂവറിയുടെ ബിയർ കാനുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രം പതിപ്പിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. മുൻ ഒഡീഷ മുഖ്യമന്ത്രി നന്ദിനി സത്പതിയുടെ കൊച്ചുമകനായ സുപർണോ സത്പതി വിഷയം ഓൺലൈനിൽ ഉന്നയിച്ചതോടെയാണ് വിവാദം ആളിക്കത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം റഷ്യൻ സർക്കാരുമായി ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു."റഷ്യൻ ബ്രൂവറി റിവോട്ട് 'ഗാന്ധിജി' എന്ന പേരിൽ ബിയർ വിൽക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് റഷ്യൻ പ്രസിഡന്റുമായി സംസാരിക്കണം" എക്സിൽ സുപർണോ സത്പതി കുറിച്ചു. ഗാന്ധിയുടെ ചിത്രം പതിച്ച ബിയർ കാനുകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.48 മണിക്കൂറിനുള്ളിൽ 141,200ൽ അധികം ആളുകൾ ഈ പോസ്റ്റ് കണ്ടു.ഗാന്ധിജിയുടെ പാരമ്പര്യത്തെ അവഹേളിക്കുന്നതായി തോന്നിയതിനെ തുടർന്ന് നിരവധി പേർ ബ്രൂവറിയെ വിമർശിച്ചു. ഗാന്ധി സമാധാനത്തിന്റെയും അഹിംസയുടെയും ആഗോള പ്രതീകമാണെന്നും അദ്ദേഹത്തെ മദ്യവുമായി ബന്ധിപ്പിക്കുന്നത് അനുചിതമാണെന്നും പല ഉപയോക്താക്കളും അഭിപ്രായപ്പെട്ടു. "ഇത് ഞെട്ടിപ്പിക്കുന്നതും അംഗീകരിക്കാൻ കഴിയാത്തതുമാണ്.സമാധാനത്തിനും മദ്യ വർജനത്തിനും ജീവിതം ഉഴിഞ്ഞുവെച്ച ഒരു നേതാവിന്റെ പാരമ്പര്യം ലഘൂകരിക്കുന്ന രീതിയിൽ റഷ്യൻ ബ്രൂവറിയായ റിവോട്ട് 'മഹാത്മജി' എന്ന പേരിൽ ബിയർ വിൽക്കുന്നു. ഇത് ഇന്ത്യയുടെ മൂല്യങ്ങളെയും ജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഗാന്ധിജിയുടെ പേര് ഒരിക്കലും മദ്യം പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കരുത്. ഇത് ഉടൻ അവസാനിപ്പിക്കണം" ഒരാൾ എക്സിൽ കുറിച്ചു.
"ഗാന്ധിജിക്ക് മദ്യവുമായി എന്ത് ബന്ധം? അദ്ദേഹത്തിന്റെ പേരും ചിത്രവും അദ്ദേഹം എന്തിനെല്ലാം എതിരായിരുന്നോ അതിനെ പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല," മറ്റൊരാൾ അഭിപ്രായപ്പെട്ടു. രാഷ്ട്രീയപരമായ വിമർശനങ്ങളും ഉയർന്നു വന്നു. "കോൺഗ്രസ് റഷ്യയിൽ ഇതിനെതിരെ പ്രതിഷേധം നടത്തണം," ഒരാൾ പരിഹസിച്ചു. "ഔപചാരികമായ പരാതിയും പാർലമെന്ററി എത്തിക്സ് കമ്മിറ്റി വ്‌ളാഡിമിർ പുടിനെ വിളിച്ചുവരുത്തുന്നതും വരെ എനിക്ക് തൃപ്തിയുണ്ടാവില്ല," മറ്റൊരാൾ ആവശ്യപ്പെട്ടു.
മുൻപും ഗാന്ധിജിയുടെ ചിത്രം മദ്യത്തിന്റെ പരസ്യങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. 2019ൽ ഇസ്രയേലി മദ്യ കമ്പനി ഇസ്രയേലിന്റെ 71-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളിൽ പതിപ്പിച്ച് വിവാദത്തിലായിരുന്നു. പിന്നീട് കമ്പനി മാപ്പ് പറഞ്ഞു. റഷ്യൻ ബ്രൂവറിയുടെ നടപടി ഓൺലൈനിൽ പ്രതിഷേധം ആളിക്കത്തിക്കുകയാണ്. ദേശീയ ചിഹ്നങ്ങളെ അനുചിതമായ രീതിയിൽ ഉപയോഗിക്കുന്നത് തടയണമെന്നും പലരും ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.