തിരുവനന്തപുരം : നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന്‍റെ ചുരുളഴിക്കാൻ പൊലീസ്. ആശുപത്രിയില്‍ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
അഫാന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയില്‍ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ് ഗോകുലം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന അഫാന്‍റെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഉമ്മയുടെ മൊഴിയെടുത്ത് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമം. കൂട്ടക്കൊലയക്ക് പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. ആറുപേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് ഇന്നലെ കയറിച്ചെന്ന അഫാനെ ചുറ്റിപ്പറ്റി ഇപ്പോഴും ഒരുപാട് സംശയങ്ങള്‍ ബാക്കിയാണ്. ഗള്‍ഫിലുള്ള ബാപ്പയുടെ കടം തീർക്കാൻ പണം തരാത്തതിന്റെ പ്രതികാരമായാണ് ബന്ധുക്കളെ കൊന്നതെന്നായിരുന്നു അഫാൻ നേരത്തെ നല്‍കിയ മൊഴി. ഈ മൊഴിക്കപ്പുറം രണ്ടാം ദിവസം അന്വേഷണം അഫാൻറെ ഇടപാടുകളെ ചുറ്റിപ്പറ്റിയാണ്. കോളേജ് പഠനം പൂർത്തിയാക്കാത്ത അഫാന് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് ഇതുവരെയുള്ള വിവരം. നിത്യചെലവിന് പോലും മറ്റ് പലരെയും ആശ്രയിക്കുന്നു. ബന്ധുക്കളോടെല്ലാം ആവശ്യപ്പെട്ട പണം എന്തിന് വേണ്ടിയാണെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.അഫാൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് ഉറപ്പിക്കലാണ് കേസില്‍ ഇനി നിർണ്ണായകം. അതിക്രൂരമായി ചുറ്റികയുമായി ഓടിനടന്ന് ഏറ്റവും പ്രിയപ്പെട്ടവരെ കൊല്ലുന്ന മാനസികനിലയിലേക്ക് എങ്ങനെ അഫാൻ എത്തിയെന്നാണ് അറിയേണ്ടത്. അഫാൻറ രക്തപരിശോധനാഫലമാണ് പ്രധാനം. കൊലപാതകപരമ്പര പൂർത്തിയാക്കിയശേഷം അഫാൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാൻ പോയത് പരിചയമുള്ള ശ്രീജിത്തിൻറെ ഓട്ടോയിലാണ്. അഫാന് ഒരു കൂസലുമുണ്ടായിരുന്നില്ലെന്ന് ശ്രീജിത്ത് പറയുന്നു.
കൊലപാതകത്തിന്റെ കാരണമടക്കം എല്ലാമറിയുന്നത് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ്മ മാത്രമാണ്. പക്ഷെ ചികിത്സയിലായതിനാല്‍ ഉമ്മയുടെ മൊഴിയെടുക്കാനായിട്ടില്ല. ഇനി കാര്യങ്ങള്‍ പറയേണ്ട ഏക വ്യക്തി അഫാനാണ്. ആശുപത്രിയിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം കസ്റ്റഡിയിലെടുത്ത് അഫാനെ ചോദ്യം ചെയ്താല്‍ മാത്രമാകും കേരളം നടുങ്ങിയ കൂട്ടക്കൊലയിലെ ചുരുളഴിയൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.