തിരുവനന്തപുരം: ഗവർണർമാരെ കേന്ദ്ര സർക്കാർ നിയന്ത്രിക്കുണ്ടെന്ന ആരോപണം തള്ളി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. രാജ്യത്തെ ഗവർണർമാർക്ക് പ്രത്യേക രാഷ്ട്രീയങ്ങളില്ലെന്നും ഭരണഘടനാപരമായ കടമകളാണ് നിർവഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ രണ്ട് സംസ്ഥാനങ്ങളിൽ ഗവർണാറായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണയും സർക്കാരുകളുമായി നല്ല ബന്ധമായിരുന്നു. രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും രാഷ്ട്രീയ പാർട്ടികളുമായും ഊഷ്മള ബന്ധമാണ് കാത്തു സൂക്ഷിച്ചതെന്നും ആർലേക്കർ പറഞ്ഞു. സർക്കാരും ഗവർണറും തമ്മിൽ പരസ്പര ധാരണയിലൂടെ മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.ഗവർണറുടെ വാക്കുകൾ,
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരന്തരം വാർത്തകളിലിടം പിടിച്ചിരുന്നു. അത്തരം സമീപനമായിരിക്കുമോ താങ്കളും സ്വീകരിക്കുക?
'മുൻ ഗവർണർ എല്ലാ ദിവസവും വാർത്തകൾ സൃഷ്ടിക്കുന്നുണ്ടെന്ന് നിങ്ങൾ പറയുന്നു. എന്നാൽ ഞാൻ നിങ്ങളോട് യോജിക്കുന്നില്ല. വാർത്തകൾ സൃഷ്ടിക്കുന്ന സാഹചര്യമായിരുന്നു അത്. ആ സാഹചര്യത്തോട് അദ്ദേഹം പ്രതികരിക്കുകയായിരുന്നു.
സാഹചര്യം, അന്തരീക്ഷം അങ്ങനെ ചെയ്യാൻ ഒരാളെ നിർബന്ധിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, സാഹചര്യം എന്തായിരിക്കുമെന്ന് അനുസരിച്ചായിരിക്കും പ്രവർത്തനം.'സർക്കാരുകൾക്കെതിരെ ഗവർണർമാരെ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം അദ്ദേഹം തള്ളി. ധനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നു കാണിച്ച് നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു ഇത്.
എന്തുകൊണ്ട് അത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്ന് നിങ്ങൾ കരുതുന്നു? എന്തുകൊണ്ടാണ് നിങ്ങൾക്ക് അങ്ങനെ തോന്നുന്നത്? ഗവർണർ കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നത് ധാരണ മാത്രമാണ്. അങ്ങനെയല്ല. ഞാൻ നേരത്തെ പറഞ്ഞതു പോലെ, സാഹചര്യമാണ് ഒരാളെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നത്.
ഞാൻ രണ്ട് സംസ്ഥാനങ്ങളിൽ ഗവർണറായിരുന്നു. കേന്ദ്ര സർക്കാരോ മറ്റാരെങ്കിലുമോ എന്നോട് ഒരു പ്രത്യേക രീതിയിൽ പ്രവർത്തിക്കാൻ പറഞ്ഞിട്ടില്ല. ആ ധാരണ ഇല്ലാതാകണം. ആരിഫ്ജിയോടും ആവശ്യപ്പെട്ടിട്ടില്ല. ആരിഫ്ജി എത്ര സത്യസന്ധനായ വ്യക്തിയാണെന്ന് എനിക്കറിയാം.'
'ഗവർണർമാർ പാർട്ടികൾക്ക് മുകളിലാണ്. എനിക്ക് പാർട്ടി അംഗത്വം ഉണ്ടെങ്കിലും ഗവർണറാകുന്നതിനു മുമ്പ് ഞാൻ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു. സത്യസന്ധമായാണ് ഞാൻ പ്രവർത്തിക്കുന്നത്. എന്തു ചെയ്യണമെന്ന് ഒരു പാർട്ടിയുടേയും ഉപദേശം ഞങ്ങൾ സ്വീകരിക്കുന്നില്ല. ഗവർണർമാർ എന്തു ചെയ്യണം ചെയ്യണ്ട എന്നതൊക്കെ ഭരണഘടന പറയുന്നുണ്ട്. അതിനു ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉപദേശമൊന്നും ഗവർണർമാർക്ക് ആവശ്യമില്ല. നിയമ വിദഗ്ധരുമായി കൂടിയാലോചിക്കാം. വ്യക്തികളെ വിളിച്ച് അഭിപ്രായം തേടാം. ഇവിടെയൊന്നും ഒരു പാർട്ടിയും ചിത്രത്തിലേക്ക് വരുന്നില്ല.'
ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിൽ നടന്ന വിഷയങ്ങളിൽ ഭരണകക്ഷി രാഷ്ട്രീയമില്ലെന്നും ആർലേക്കർ പറയുന്നു.
അന്നത്തെ സാഹചര്യം എന്തായിരുന്നുവെന്ന് എനിക്കറിയില്ല. എന്നാൽ അദ്ദേഹത്തിനു ശരിയെന്നു തോന്നിയ കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടാകും. അക്കാര്യങ്ങളിൽ അദ്ദേഹത്തിനു കേന്ദ്ര നേതൃത്വത്തിന്റേയോ ഏതെങ്കിലും പാർട്ടികളുടേയോ നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ട ആവശ്യമില്ല'- ആർലേക്കർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.