തിരുവനന്തപുരം: കോട്ടയത്തെ നഴ്സിങ് കോളേജിലെ റാഗിങ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
നടപടി സസ്പെൻഷനില്‍ ഒതുങ്ങില്ലെന്നും റാഗിങ് അറിഞ്ഞില്ലെന്ന സ്കൂള്‍ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്.റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകള്‍ കാണുമ്പോള്‍ തന്നെ അതിക്രൂരമാണ്. വീഡിയോ മുഴുവൻ കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല. സസ്പെൻഷനില്‍ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉള്‍പ്പെടെ ആലോചിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.
റാഗിങ് അറിഞ്ഞില്ലെന്ന സ്കൂള്‍ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല. സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കോറിഡോറില്‍ ഉണ്ട്. എന്തുകൊണ്ട് അറിയാതെ പോയി. സീനിയർ വിദ്യാർഥികള്‍ എന്തിനു ജൂനിയർ വിദ്യാർത്ഥിളുടെ മുറിയില്‍ പോകണം. അതും ഒരിക്കല്‍ അല്ല. മൂന്നു മാസത്തോളം പീഡനം ഉണ്ടായെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കോളേജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും. പ്രതികള്‍ വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ചത് പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടർന്നാണെന്ന് പൊലീസ് പറയുന്നു. മദ്യമടക്കം വാങ്ങാൻ പരാതിക്കാരനായ വിദ്യാർത്ഥിയോട് പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, വിദ്യാർഥി പണം കൊടുക്കാൻ തയ്യാറായില്ല. പണം കൊടുക്കാതെ വന്നതോടെയാണ് കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെയാണ് പകർത്തിയത്.
നിലവില്‍ കേസില്‍ അഞ്ച് പ്രതികള്‍ മാത്രമാണെന്നാണ് പൊലീസ് നിഗമനം. വിശദമായ പരിശോധനയില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതില്‍ വ്യക്തത വരും. ഇപ്പോഴത്തെ പരാതി പ്രകാരം ഇരയാക്കപ്പെട്ട മുഴുവൻ വിദ്യാർത്ഥികളുടേയും വിശദമായ മൊഴി പൊലീസ് രേഖപ്പെടത്തിയിട്ടുണ്ട്.
പുറത്ത് വന്ന ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടും. പ്രതികളുടെ ഫോണില്‍ മറ്റെന്തെങ്കിലും ദൃശ്യങ്ങളുണ്ടോയെന്ന് അറിയുന്നതിനായി മൊബൈല്‍ ഫോണുകള്‍ ശാസ്ത്രിയ പരിശോധനയ്ക്ക് അയച്ചു. നിലവില്‍ റിമാന്റിലുള്ള പ്രതികളെ പൊലീസ് ഉടൻ കസ്റ്റിയില്‍ വാങ്ങില്ല. വിശദമായി അന്വേഷണത്തിന് ശേഷമായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.