പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക്കേസിലെ പ്രതി ചെന്താമരയെ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.
ഒരു കൂസലുമില്ലാതെ, അക്ഷോഭ്യനായിട്ടായിരുന്നു ചെന്താമര തെളിവെടുപ്പുമായി സഹകരിച്ചത്. തെളിവെടുപ്പിനായി പോത്തുണ്ടി അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. മൂന്ന് ഡിവൈഎസ്പിമാരും 11 ഇന്‍സ്പെക്ടര്‍മാരും അടക്കം 350 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്. ജനകീയ പ്രതിഷേധം കൂടി കണക്കിലെടുത്തായിരുന്നു വന്‍ സന്നാഹത്തെ നിയോഗിച്ചത്. ഡ്രോണ്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തിയിരുന്നു. ആദ്യം സുധാകരനെ കൊലപ്പെടുത്തിയ സ്ഥലത്തും, തുടര്‍ന്ന് അമ്മ ലക്ഷ്മിയെ കൊലപ്പെടുത്തിയ സ്ഥലത്തും തെളിവെടുത്തു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട വഴിയെക്കുറിച്ചും ചെന്താമര പൊലീസിനോട് പറഞ്ഞു. കൃത്യത്തിന് ശേഷം വയലിലൂടെയാണ് രക്ഷപ്പെട്ടത്. വീടിന് പിറകിലൂടെ തെങ്ങിന് തോട്ടം വഴി കനാലിനടുത്തേക്ക് പോയി. അതിന്റെ ഓവിനുള്ളില്‍ കിടന്നു. പൊലീസും നാട്ടുകാരും ആദ്യം തിരയുമ്പോള്‍ വയലിന് സമീപം തന്നെയുണ്ടായിരുന്നു. പിന്നീട് കമ്പിവേലി ചാടി രാത്രി മലയിലേക്ക് കയറിപ്പോയെന്നും ചെന്താമര പറഞ്ഞു.വീടിന് അകത്ത് ആയുധം വെച്ച സ്ഥലവും ചെന്താമര പൊലീസിന് കാണിച്ചു കൊടുത്തു. വിയ്യൂർ സെന്‍ട്രല്‍ ജയിലില്‍ നിന്നും രാവിലെ ചെന്താമരയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകീട്ട് മൂന്നുമണി വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നാളെ ആയുധം വാങ്ങിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. നാളെയോടെ തെളിവെടുപ്പ് പൂര്‍ത്തീകരിക്കാനാണ് പൊലീസിന്റെ ശ്രമം.
അതേസമയം തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്‍ ചെന്താമര ആംഗ്യം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന്, പ്രതിയുടെ വീടിന് തൊട്ട് എതിര്‍വശത്തുള്ള വീട്ടില്‍ താമസിക്കുന്ന പുഷ്പ എന്ന സ്ത്രീ പറഞ്ഞു. ചെന്താമരയുടെ ശല്യത്തിനെതിരെ പുഷ്പ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് തനിക്ക് നേരെയും ചെന്താമര വധഭീഷണി നടത്തിയിരുന്നതായും പുഷ്പ വെളിപ്പെടുത്തിയിരുന്നു. ഭയമാണെന്നും, ഇനി ഈ നാട്ടില്‍ താമസിക്കാന്‍ പേടിയാണെന്നും, അതിനാല്‍ മാറിത്താമസിക്കാനാണ് തീരുമാനമെന്നും പുഷ്പ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.