പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലെ സംഘർഷത്തിലാണ് രണ്ട് പേർ പിടിയിലായത്.
പോത്തുണ്ടി സ്വദേശികളായ രഞ്ജിത് , ഷിബു എന്നിവരാണ് പിടിയിലായത്. ഔദ്യാഗിക കൃത്യനിർവഹണം തടസപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളിലാണ് കേസ്.നേരത്തെ, ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തില്‍ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് സ്റ്റേഷന്റെ ഗേറ്റും കവാടവും തകർത്തതിനാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി എടുത്തിരിക്കുന്നത്.
അതേസമയം മുൻ വൈരാഗ്യം വെച്ച് ചെന്താമര ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോർട്ട് പറയുന്നത്. മനസ്താപമില്ലാത്ത കുറ്റവാളിയാണ് പ്രതി, തന്‍റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്‍റെ സന്തോഷം പ്രതിക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനായി എലവഞ്ചേരിയില്‍നിന്നും മരപ്പിടി സ്വയം ഘടിപ്പിക്കാൻ കഴിയുന്ന കൊടുവാള്‍ വാങ്ങി. സുധാകരനെ ദിവസങ്ങളോളം വീട്ടിലിരുന്ന് നിരീക്ഷിച്ചു.സുധാകരൻ പുറത്തിറങിയ സമയം വെട്ടി വീഴ്ത്തി. കൊലനടത്തിയ രക്തക്കറപുരണ്ട കൊടുവാള്‍ പ്രതിയുടെ മുറിയില്‍ കട്ടിലിനടിയില്‍ വെച്ചു. ശേഷം പോത്തുണ്ടിമലയിലേക്ക് അതേ വേഷത്തില്‍ ഓടിപ്പോയി.
തന്‍റെ കുടുംബം അകലാൻ കാരണം സുധാകരനും അമ്മയുമാണെന്ന് ചെന്താമര വിശ്വസിച്ചു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. പ്രതിയില്‍ നിന്ന് കൊല്ലപ്പെട്ട സുധാകരന്‍റെ രണ്ട് പെണ്‍മക്കള്‍ക്ക് ഭീഷണിയുണ്ട്.
അയല്‍വാസികള്‍ക്ക് തുടർച്ചയായ വധഭീഷണിയുണ്ട്. പ്രതി ജയിലിന് പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിപ്പോർട്ടില്‍ പൊലീസ് പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.