കാസർകോട്: ഒളിച്ചുകളിക്കിടെ ടാർ വീപ്പയില്‍ ഒളിച്ചിരുന്ന നാല് വയസുകാരി ടാറില്‍ കുടുങ്ങി. രണ്ട് മണിക്കൂർ കുട്ടി ടാർവീപ്പയില്‍ കുടുങ്ങിക്കിടന്നു.
അഗ്നിരക്ഷാ സേനയും പൊലീസും മെഡിക്കല്‍ സംഘവുമെത്തി കുട്ടിയെ പുറത്തെടുത്തു.കാസർകോട് ചട്ടഞ്ചാലില്‍ ആണ് സംഭവം. ചട്ടഞ്ചാല്‍ എംഐസി കോളജിന് സമീപം താമസിക്കുന്ന കുടുംബത്തിലെ കുട്ടി സഹോദരിക്കൊപ്പം ഒളിച്ചുകളിക്കുമ്പോഴാണ് അപകടം. ഒളിച്ചിരിക്കാൻ വേണ്ടി കല്ലില്‍ ചവിട്ടി വീപ്പയിലേക്ക് കുട്ടി ഇറങ്ങുകയായിരുന്നു.
സമീപത്തെ റോഡ് ടാറിങ്ങിന് ഉപയോഗിച്ച ടാറാണ് വീപ്പയില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ അരയോളം ടാറില്‍ മുങ്ങി. ടാറില്‍ ഉറച്ചുപോയ കുട്ടിയെ പുറത്തെടുക്കാൻ സാധിക്കാതെ വന്നപ്പോള്‍ പൊലീസിലും അഗ്നിരക്ഷാ സേനയേയും വിവരമറിയിക്കുകയായിരുന്നു.ടാർ ഇളകാൻ വേണ്ടി വീപ്പയിലേക്ക് ഡീസല്‍ ഒഴിച്ചുകൊടുക്കുകയും വീപ്പയുടെ പകുതി ഭാഗം മുറിച്ചു മാറ്റുകയും ചെയ്തു. ടാർ ഇളകാൻ വൈകിയതോടെ കൈകൊണ്ട് ടാർ തോണ്ടിയെടുത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ പരിരക്ഷയ്ക്കായി പൊയ്നാച്ചിയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറേയും നഴ്സിനേയും വിളിച്ചുവരുത്തിയിരുന്നു.
കുട്ടിയെ നായന്മാർ മൂലയിലെ ആശുപത്രിയിലേക്ക് മാറ്റി. എസ്‌ഐ വി കെ അനീഷിന്റെ നേതൃത്വത്തില്‍ പൊലീസും ലീഡിങ് ഫയർ ആൻഡ് സേഫ്റ്റി ഓഫിസർ പി സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്. നാട്ടുകാരും രക്ഷാദൗത്യത്തില്‍ പങ്കാളികളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.