തൊടുപുഴ: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി.
ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ, മുൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവരുൾപ്പെടെ പത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനാണ് അനുമതി.കണ്ണംപടി പുത്തൻപുരയ്ക്കൽ സരുൺ സജിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയത്. 2022 സെപ്റ്റംബർ 20 നാണ് സംഭവം.
നടപടി വിവാദമായതോടെ സർക്കാർ നിർദ്ദേശപ്രകാരം വനംവകുപ്പ് സിസിഎഫ് നീതു ലക്ഷ്മി അന്വേഷണം നടത്തി. കേസ് കെട്ടിച്ചമച്ചതാണെന്നും പിടിച്ചെടുത്ത മാംസം വന്യജീവിയുടേതല്ലന്നും കണ്ടെത്തി.
കേസിൽ ബി രാഹുൽ ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരും അറസ്റ്റിലാകുകയും റിമാൻഡിൽ കഴിയേണ്ടി വരികയും ചെയ്തു. മനുഷ്യാവകാശ കമ്മീഷനും പട്ടിക ജാതി പട്ടിക വർഗ കമ്മീഷനും സംഭവത്തിൽ ഇടപെട്ടു. സരുൺ സജിയുടെ കുടുംബവും ഉള്ളാട മഹാസഭയും നടത്തിയ സമരത്തെ തുടർന്ന് പ്രതികളായ വനവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കി.
2024 ജനുവരിയിൽ പ്രോസിക്യൂഷൻ അനുമതി തേടി പൊലീസ് സർക്കാരിന് കത്ത് നൽകി. എന്നാൽ പ്രതികളുടെ സ്വാധീനം മൂലം ഒരു വർഷത്തിനു ശേഷമാണ് അനുമതി നൽകിയത്. അധികം വൈകാതെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.