അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയില്‍ നിന്ന് വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങള്‍ കൈക്കലാക്കി വില്‍പന നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.
ആശുപത്രിയുടെ സിസിടിവി നെറ്റ്‍വർക്ക് ഹാക്ക് ചെയ്താണ് ദൃശ്യങ്ങള്‍ കൈക്കലാക്കിയത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. കൈക്കലാക്കിയ ദൃശ്യങ്ങള്‍ ക്യു.ആർ കോഡ് രൂപത്തിലാക്കി വില്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.ഡല്‍ഹി സ്വദേശിയായ രോഹിത് സിസോദിയ എന്നയാളാണ് ഏറ്റവുമൊടുവില്‍ പിടിയിലായത്. ആശുപത്രിയിലെ ലേബർ റൂമില്‍ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്ന സമയത്തുള്ള ദൃശ്യങ്ങളാണ് ഇവർ പകർത്തി വിറ്റത്.
സിസിടിവി ദൃശ്യങ്ങള്‍ ക്യൂ.ആർ കോഡ് രൂപത്തിലാക്കുകയും അവ സംഘത്തിലെ മറ്റുള്ളവർക്ക് വില്‍ക്കുകയും ചെയ്തു. യുട്യൂബ്, ടെലിഗ്രാം ചാനലുകള്‍ വഴിയായിരുന്നു ഈ വില്‍പ്പനയെന്നും അഹമ്മദാബാദ് സൈബർ ക്രൈം പൊലീസ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
ഫെബ്രുവരി 17നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രാജ്കോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇവർ ചോർത്തിയെടുത്തത്. കേസില്‍ പൊലീസ് നേരത്തെ തന്നെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.മൂന്ന് യുട്യൂബ് ചാനലുകള്‍ വഴിയായിരുന്നു വില്‍പന. ഈ ചാനലുകളുടെ ഡിസ്ക്രിപ്ഷനില്‍ ടെലഗ്രാം ഗ്രൂപ്പുകളുടെ ലിങ്ക് നല്‍കി. ഗ്രൂപ്പുകളില്‍ എത്തുന്നവരില്‍ നിന്ന് 2000 രൂപ വാങ്ങിയാണത്രെ വീഡിയോ വിറ്റത്.
പിടിയിലായ പ്രതികള്‍ വിവിധ ആശുപത്രികളും ഓഫീസുകളും സ്കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള അര ലക്ഷത്തോളം സിസിടിവി ദൃശ്യങ്ങള്‍ ചോർത്തിയിരുന്നുഎന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പലരുടെയും വീടുകളിലുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും ഇവർ ചോർത്തിയിട്ടുണ്ട്. സംഘത്തിലെ എല്ലാവർക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.