കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രത്യേക താല്‍പര്യം എടുത്താണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ആദ്യപടിയായി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ ആർ. എൻ സിംഗ് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശം നല്‍കി. ഇതിന് അംഗീകാരം ലഭിക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങള്‍ തുടങ്ങും. ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് എയർപോർട്ട് സ്റ്റേഷന് സ്ഥലം നിർദ്ദേശിച്ചതെന്ന് മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. അടുത്തിടെ മന്ത്രി അശ്വിനി വൈഷ്ണവിനൊപ്പം തൃശൂർ വരെ പ്രത്യേക ട്രെയിനില്‍ യാത്ര ചെയ്തിരുന്നു. അന്ന് എയർപോർട്ട് സ്റ്റേഷനെ കുറിച്ച് ചർച്ച ചെയ്തിരുന്നുവെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
പുതിയ രൂപരേഖ പ്രകാരം സ്റ്റേഷന്റെ സ്ഥാനം സോളർ പാടത്തിന് സമീപമാണ്. ഇവിടെ ട്രാക്കിന് സമീപം റെയില്‍വേയുടെ ഭൂമിയും ലഭ്യമാണ്. അത്താണി ജംഗ്ഷൻ- എയർപോർട്ട് റോഡിലെ മേല്‍പ്പാലം കഴിഞ്ഞാകും പ്ലാറ്റ്ഫോം ആരംഭിക്കുക. ഇവിടെ നിന്നും ഒന്നര കിലോമീറ്ററാണ് വിമാനത്താവളത്തിലേക്കുള്ള ദൂരം. ഈ റൂട്ടില്‍ സിയാല്‍ ഇലക്‌ട്രിക്ക് ബസ് സർവ്വീസ് നടത്തും.24 കോച്ചുകളുള്ള ട്രെയിൻ നിർത്താൻ സാധിക്കുന്ന തരത്തില്‍ രണ്ട് പ്ലാറ്റ്ഫോമുകളാണ് നിർമിക്കുക. വന്ദേഭാരത്, ഇന്റർസിറ്റി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടാകും. പ്ലാറ്റ്ഫോമില്‍ നിന്നും ഇറങ്ങുന്നത് റണ്‍വേ അതിർത്തിയിലുള്ള ചൊവ്വര- നെടുവന്നൂർ- എയർപോർട്ട് റോഡിലേക്കാണ്.
നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്ത് ആദി ശങ്കരാചാര്യരുടെ പേരില്‍ പുതിയ റെയില്‍വേ സ്റ്റേഷൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വിഷയം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ബിജെപി നേതാക്കള്‍ക്ക് അന്ന് ഉറപ്പുനല്‍കിയിരുന്നു.കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ,സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബുഎന്നിവരും അന്ന് ജില്ലാ നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.