ചാലക്കുടി :നാട്ടിൽ ആഡംബര ജീവിതം നയിച്ചുവന്ന റിജോയിലേക്ക് ഒരിക്കലും ആരുടെയും സംശയം നീണ്ടിരുന്നില്ല. തമാശകൾ പറഞ്ഞും അയൽക്കാരുമായി കൂട്ടുകൂടിയും സമയം ചെലവഴിച്ചിരുന്നു. കവർച്ചയെക്കുറിച്ച് അയൽക്കാർ ചർച്ച ചെയ്യുമ്പോൾ അതിലും റിജോ സജീവമായി പങ്കെടുത്തു.
ഇന്നലെ ഇയാളുടെ വീട്ടിൽ നടത്തിയ കുടുംബയോഗത്തിലും പ്രതി ഇതേ കുറിച്ചു ചർച്ച നടത്തി. ‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള പ്രതികരണം. പ്രതിക്കു വേണ്ടി പൊലീസ് നാടാകെ പരക്കം പായുമ്പോൾ അതിന്റെ വാർത്തകൾ വീട്ടിലിരുന്നു മൊബൈൽ ഫോണിൽ കാണുകയായിരുന്നു റിജോ ആന്റണി.ചെറിയ തെളിവുകൾ പോലും ശേഷിപ്പിക്കാതെ നടത്തിയ കവർച്ചയിൽ താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് അത്രയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. മങ്കിക്യാപ്പും അതിനു മുകളിൽ വച്ച ഹെൽമറ്റും തന്റെ മുഖം കൃത്യമായി മറയ്ക്കും എന്ന് കരുതി.ഇടയ്ക്ക് വഴിയിൽ വസ്ത്രങ്ങൾ മാറുമ്പോൾ പോലും ഹെൽമറ്റ് മാറ്റിയില്ല. ബാങ്കിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് ഉൾ റോഡുകളിലൂടെ മാറി മാറിയാണ് സഞ്ചരിച്ചത്. ഗ്ലൗസ് ധരിച്ചിരുന്നതിനാൽ വിരലടയാളം ലഭിക്കില്ലെന്നും വിശ്വസിച്ചു.
യാത്രയ്ക്കു മുൻപ് നീക്കം ചെയ്ത സ്കൂട്ടറിന്റെ കണ്ണാടി ഇടയ്ക്ക് തിരികെ പിടിപ്പിച്ചും ആശയകുഴപ്പമുണ്ടാക്കാൻ നോക്കി.ഡിവൈഎസ്പിമാരായ കെ.സുമേഷ്, വി.കെ.രാജു, ചാലക്കുടി ഇൻസ്പെക്ടർ എം.കെ.സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇന്ന് ആശാരിപ്പാറയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും.
തുമ്പുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ കവർച്ച എന്ന ആത്മവിശ്വാസത്തോടെ കഴിഞ്ഞ പ്രതിക്ക് തിരിച്ചടിയായത് മാറ്റാതിരുന്ന ഷൂ. ഷൂവിന്റെ അടിയിലെ നിറമാണ് ആളെ തിരിച്ചറിയുന്നതിൽ പ്രധാന വഴിത്തിരിവായത്. അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.കൃത്യംനടത്തിയ ശേഷം മടക്കയാത്രയ്ക്കിടെ വസ്ത്രങ്ങൾ മാറിയും സ്കൂട്ടറിന്റെ കണ്ണാടി മാറ്റിയും ആശയക്കുഴപ്പമുണ്ടാക്കുന്നതിൽ പ്രതി വിജയിച്ചെങ്കിലും മാറ്റമില്ലാതെ തുടർന്ന ഷൂ പൊലീസിന്റെ കണ്ണിൽ പതിഞ്ഞു. വീടു നിർമിച്ചതിന്റെ ബാധ്യത തീർക്കാനായിരുന്നു മോഷണമെന്നു പറഞ്ഞ പ്രതി പിന്നീടിതു മാറ്റിപ്പറഞ്ഞു. നന്നായി മദ്യപിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു. മോഷണം നടത്തി മടങ്ങുന്നതിനിടെ മോഷ്ടിച്ച പണത്തിൽ നിന്ന് കുറച്ചെടുത്ത് ഒരു ലീറ്റർ മദ്യം വാങ്ങിയാണ് വീട്ടിലെത്തിയത്.
മോഷ്ടിച്ച പണത്തിൽ നിന്ന് 2.9 ലക്ഷം രൂപയുടെ കടം വീട്ടിയതായി പ്രതി പൊലീസിനോടു പറഞ്ഞു. പണം കിട്ടിയയാൾ, അറസ്റ്റ് വാർത്തയറിഞ്ഞ് പണം ഡിവൈഎസ്പി ഓഫിസിലെത്തി കൈമാറി. 10 ലക്ഷം രൂപ ബണ്ടിൽ പൊട്ടിക്കാതെ സൂക്ഷിച്ചിരുന്നതു പൊലീസ് കണ്ടെടുത്തതായാണു സൂചന. ബാങ്ക് ജീവനക്കാരെ വിരട്ടാൻ ഉപയോഗിച്ച കറിക്കത്തി വിദേശത്തു നിന്ന് കൊണ്ടു വന്നതാണെന്നു പ്രതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.