തിരുവനന്തപുരം :കഴിഞ്ഞ വേനൽക്കാലത്തേതുപോലെ ഇത്തവണയും സംസ്ഥാനത്തു പലയിടത്തും ‘അപ്രഖ്യാപിത’ ലോഡ്ഷെഡിങ് വേണ്ടിവരും.
പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതി എത്തിച്ച് വിതരണം ചെയ്യാനുള്ള ശേഷി വിതരണ, പ്രസരണ ശൃംഖലകൾക്കില്ല. വർധിച്ച ആവശ്യം കണക്കിലെടുത്ത് വൈദ്യുതി കടത്തിവിടാൻ നിലവിലെ സംവിധാനങ്ങൾക്കാകില്ല. സംസ്ഥാനത്തെ വൈദ്യുതി പ്രസരണ (ട്രാൻസ്മിഷൻ) ഇടനാഴിയും വിതരണശൃംഖലയും നവീകരിക്കാൻ കെഎസ്ഇബിക്ക് ഉത്സാഹവും പണവുമില്ല.കഴിഞ്ഞ വേനലിൽ വടക്കൻ കേരളത്തിലും ഇടുക്കി തുടങ്ങിയ മലയോര ജില്ലകളിലും തിരുവനന്തപുരം ഉൾപ്പെടെ നഗരങ്ങളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ട അനുഭവമുണ്ടായിട്ടും കെഎസ്ഇബി മുന്നൊരുക്കം വേഗത്തിലാക്കിയില്ല. മലപ്പുറം, ഇടുക്കി, കാസർകോട് ജില്ലകളിലെ ദുരിതം പരിഹരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശമനുസരിച്ചു പ്രഖ്യാപിച്ച പ്രത്യേക പാക്കേജും വിതരണശൃംഖല നവീകരണത്തിനുള്ള ട്രാൻസ്ഗ്രിഡ് 2 പദ്ധതിയും പൂർത്തിയായിട്ടില്ല.പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതി കേരളത്തിലെത്തിക്കുന്നത് ഇന്റർസ്റ്റേറ്റ് ട്രാൻസ്മിഷൻ ലൈൻ വഴിയും കേന്ദ്ര ഗ്രിഡ് വഴിയും 400 കെവി സബ് സ്റ്റേഷനുകളിലൂടെയുമാണ്. കേന്ദ്ര ഗ്രിഡുമായി ബന്ധിപ്പിക്കുന്ന സബ് സ്റ്റേഷനുകളുടെ ശേഷി 600–1000 കെവി നിലവാരത്തിലേക്ക് ഉയർത്തണമെന്നും പുഗളൂർ – തൃശൂർ 320 കെവി പ്രസരണ ലൈനിന്റെ ശേഷി വർധിപ്പിക്കണമെന്നുമുള്ള ആവശ്യം ഏറെക്കാലമായുണ്ട്.
വടക്കൻ കേരളത്തിലെ പ്രതിസന്ധി പരിഹരിക്കാൻ കർണാടകയിലെ ഉഡുപ്പിയിൽനിന്നു വൈദ്യുതി എത്തിക്കാനുള്ള കാസർകോട് കരിന്തളത്തെ 400 കെവി സബ് സ്റ്റേഷൻ നിർമാണവും വൈകുകയാണ്. സംസ്ഥാനത്തെ ഭൂരിഭാഗം ഇന്റർകണക്ടിങ് ട്രാൻസ്ഫോമറുകളും വിതരണ ട്രാൻസ്ഫോമറുകളും ശേഷി കുറഞ്ഞവയാണ്. പുതിയ കണക്‌ഷനുകൾ അനുസരിച്ചു പലയിടത്തും ട്രാൻസ്ഫോമറുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.