കോട്ടയം :കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം സ്ഥാപക മേധാവിയും പ്രമുഖ ഹൃദ്രോഗ ചികിത്സാവിദഗ്ധനുമായ കോട്ടയം ഗാന്ധിനഗർ പുള്ളോലിക്കൽ ഡോ. ജോർജ് ജേക്കബ് (94) അന്തരിച്ചു.
പാമ്പാടി കോത്തല പുള്ളോലിക്കൽ കുടുംബാംഗമാണ്. ഭൗതികശരീരം ബുധനാഴ്ച വൈകിട്ട് ആറിന് വസതിയിൽ എത്തിക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 3.30ന് പാമ്പാടി ഈസ്റ്റ് സെന്റ് മേരീസ് ചെറിയ പള്ളിയിൽ. 1964ൽ ജനറൽ മെഡിസിൻ അസിസ്റ്റന്റ് പ്രഫസറായാണ് കോട്ടയം മെഡിക്കൽ കോളജിൽ സേവനം ആരംഭിച്ചത്.1970ൽ കാർഡിയോളജി വിഭാഗം ആരംഭിച്ചപ്പോൾ മേധാവിയും പ്രഫസറുമായി നേതൃത്വം ഏറ്റെടുത്തു. മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകി. കൊൽക്കത്ത മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ഡോ. ജോർജ് ജേക്കബ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ റജിസ്ട്രാർ ഇൻ കാർഡിയോളജി ആൻഡ് ജനറൽ മെഡിസിൻ ആയിരുന്നു.1960 മുതൽ 64 വരെ ഇംഗ്ലണ്ടിലെ ബ്രിസ്റ്റൽ യൂണിവേഴ്സിറ്റിയിൽ കാർഡിയോളജി വിഭാഗം റജിസ്ട്രാർ ആയിരുന്നു. 1986ൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ശേഷം രണ്ടു പതിറ്റാണ്ടോളം കോട്ടയം കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി പ്രവർത്തിച്ചു. പ്രമുഖരായ ഒട്ടേറെ ഡോക്ടർമാരുടെ അധ്യാപകൻ കൂടിയായ ഡോ. ജോർജ് ജേക്കബ് മധ്യകേരളത്തിലെ ആദ്യകാല ഹൃദ്രോഗ ചികിത്സാവിദഗ്ധരിൽ പ്രമുഖനാണ്.
ഭാര്യ: ഡോ. മേരി ജോർജ് കോട്ടയം മെഡിക്കൽ കോളജിലെ അനസ്തീസിയ വിഭാഗം മുൻ ഡയറക്ടറാണ്. കോട്ടയം വേളൂർ മണപ്പുറം കുടുംബാംഗം. മക്കൾ: ദീപ ജോർജ്, ഡോ. തോമസ് ജോർജ് (കൺസൽറ്റന്റ് കാർഡിയോളജിസ്റ്റ്, കാരിത്താസ് ആശുപത്രി), ഡോ. അനില ജോർജ് (കൺസൽറ്റന്റ് പീഡിയാട്രിഷ്യൻ, ബോസ്റ്റൺ, യുഎസ്). മരുമക്കൾ: കൊല്ലാട് മുല്ലശേരിൽ ജോർജ് പോൾ (ബിസിനസ്, ഡൽഹി), വടവുകോട് കാടായത്ത് സ്നേഹ തോമസ്, കോട്ടയം തിരുവാതുക്കൽ ഡോ. അജിത് തോമസ് (കൺസൽറ്റന്റ് ന്യൂറോ സർജൻ, യുഎസ്).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.