പാരീസ്: ഫ്രഞ്ച് പട്ടണമായ കലയ്സിലെ ഉപയോഗത്തിലില്ലാത്ത രണ്ട് വെയര്‍ഹൗസുകള്‍ക്കുള്ളില്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ച പ്രതിഫലിപ്പിക്കുന്നത് കുടിയേറ്റക്കാരോടുള്ള ബ്രിട്ടന്റെ നയമാണ്.
ജര്‍മ്മനിയും, ഇറ്റലിയും, സ്വീഡനും, നെതര്‍ലന്‍ഡ്സുമൊക്കെ കുടിയേറ്റത്തിനെതിരെ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വന്നപ്പോഴും, മൃദുസമീപനം പുലര്‍ത്തുന്ന ബ്രിട്ടനിലേക്ക് കടക്കാന്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് ആ വെയര്‍ ഹൗസില്‍ ഉണ്ടായിരുന്നത്. ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പം വരുന്ന രണ്ട് വെയര്‍ഹൗസുകളിലുമായി 1500ല്‍ അധികം ടെന്റുകള്‍ കെട്ടിയിട്ടാണ് അവര്‍ താമസിക്കുന്നത്.എത്രയും പെട്ടെന്ന് ബ്രിട്ടനിലേക്ക് കടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഇത്രയും പേര്‍ക്ക് ഉപയോഗിക്കാന്‍ അവിടെയുള്ളത് കൈവിരലിലെണ്ണാവുന്ന ശൗച്യാലയങ്ങള്‍ മാത്രം. ക്ഷീണിച്ച് അവശരായ മനുഷ്യരെയാണ് അവിടെകണ്ടെത്താനായതെന്ന് അവിടം സന്ദര്‍ശിച്ച സ്യൂ റീഡ്, സ്റ്റീവ് ഫിന് എന്നിവര്‍ ഡെയ്ലി മെയിലില്‍ എഴുതുന്നു. കൂടുതല്‍ പേരും സുഡാനില്‍ നിന്നുള്ളവരാണ്. കാല്പെരുമാറ്റം കേട്ട് ടെന്റില്‍ നിന്നും നുഴഞ്ഞ് പുറത്തു കടന്ന ചിലര്‍ തങ്ങളോട് ആന്റിബയോട്ടിക്കുകള്‍ ചോദിച്ചു എന്നും അവര്‍ എഴുതുന്നു.
ക്ഷയരോഗവും, ഹെപ്പറ്റൈറ്റിസ് ബി യും എച്ച് ഐ വിയുമൊക്കെ ബാധിച്ചവര്‍ അക്കൂട്ടത്തില്‍ ഉണ്ടെന്ന് അവര്‍ പറയുന്നു. ഫ്രഞ്ച് അധികൃതര്‍ മരുന്ന് തരില്ല എന്ന് പറഞ്ഞ, ഈജിപ്തില്‍ നിന്നുള്ള ഒരു 38കാരന് പറഞ്ഞത്, ഒരുനാള്‍ ഇംഗ്ലണ്ടില്‍ എത്താന്‍ കഴിഞ്ഞാല്‍ അവിടെ മരുന്നുകള്‍ സൗജന്യമായി നല്‍കും എന്നാണ്. എന്നും ഉച്ചയ്ക്ക് ഒരു മണിയോടെ ഒരുവെളുത്ത വാനില്‍ ചോറും കോഴിക്കറിയും എത്തും. അതിനായി ക്യൂ നില്‍ക്കണം. ഒരു ചാരിറ്റി സംഘടന നല്കുന്ന സൗജന്യ ഭക്ഷണമാണിത്.
അത്യന്തം ക്ലേശകരമായ ജീവിതത്തിലൂടെ കടന്നു പോകുമ്പോഴും, ഇവരെ മുന്നോട്ട് നയിക്കുന്നത് വാഗ്ദത്ത ഭൂമിയായ ബ്രിട്ടനില്‍ എത്താനാവുമെന്ന സ്വപ്നമാണ്. ഇവിടെ താമസിക്കുന്നവരില്‍ പലരും ലിബിയ വഴി ആദ്യമെത്തിയത് ഇറ്റലിയിലായിരുന്നു. ഇവരെ ഇറ്റലി പുറത്താക്കിയതോടെയാണ് ഫ്രാന്‍സിലെത്തിയത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോണി, തന്റെ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. അനധികൃതമായി ബോട്ടുകളിലെത്തുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കുകയില്ല എന്ന് അവര്‍ വ്യക്തമായി പറഞ്ഞു കഴിഞ്ഞു.
അഭയാര്‍ത്ഥികള്‍ ഇവിടെ താമസിക്കുന്ന വിവരം കലയ്സ് നിവാസികളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ഇതിനകത്തു നിന്നുള്ള ചിത്രങ്ങളും ഇതുവരെ പുറത്ത് വന്നിട്ടില്ല. അന്തേവാസികളില്‍ ചിലര്‍ക്ക് സിഗരറ്റ് പാക്കറ്റുകള്‍ നല്‍കിയപ്പോഴാണ് തങ്ങളെ അവര്‍ അകത്തേക്ക് ക്ഷണിച്ചതെന്ന് മെയില്‍ ഓണ്‍ലൈന്‍ പ്രതിനിധികള്‍ പറയുന്നു. ഇറ്റലി മാത്രമല്ല, ജര്‍മ്മനിയും, സ്വീഡനുമൊക്കെ കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുന്നതിനുള്ള നിലപാടുകള്‍ എടുത്തതോടെ, അനധികൃത കുടിയേറ്റക്കാരുടെ സ്വപ്നഭൂമിയായി ബ്രിട്ടന് മാറിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.