ബെംഗളൂരു: വിവാദമായ മുഡ ഭൂമിയിടപാട് അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി ജി. സിദ്ധരാമയ്യയ്ക്ക് ക്ലീന്‍ ചിറ്റ് നല്കി ലോകായുക്ത പോലീസ്. കേസില്‍ ആരോപണവിധേയരായ സിദ്ധരാമയ്യ, ഭാര്യ ബി.എം. പാര്‍വതി, പാര്‍വതിയുടെ സഹോദരന് മല്ലികാര്‍ജുന സ്വാമി, മല്ലികാര്‍ജുനയ്ക്ക് ഭൂമി നല്കിയ ദേവരാജു എന്നിവര്‍ക്കെതിരെ മതിയായ തെളിവില്ലെന്നാണ് കേസില്‍ അന്വേഷണം നടത്തിയ ലോകായുക്ത പോലീസ് ബുധനാഴ്ച കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ നവംബറിലാണ് പ്രത്യേക കോടതി സിദ്ധരാമയ്യയെ ചോദ്യം ചെയ്യാന്‍ ലോകായുക്ത പോലീസിന് അനുമതി നല്‍കിയത്. ഏറ്റെടുത്ത ഭൂമിക്ക് പകരം അതിനേക്കാള്‍ മൂല്യമേറിയ ഭൂമി പകരം നല്കി എന്നതാണ് മുഡ (മൈസൂരു നഗരവികസന അതോറിറ്റി - Mysuru Urban Development Authority) അഴിമതിക്കേസ്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയില്‍ നിന്ന് മുഡ 3.2 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും അതിന് പകരമായി അതിനേക്കാള്‍ മൂല്യമുള്ള സ്ഥലത്ത് 14 പ്ലോട്ടുകള്‍ നല്കി എന്നുമായിരുന്നു ആരോപണം.3000-4000 കോടി രൂപയുടെ അഴിമതിയാണ് നടന്നത് എന്നും ആരോപണം ഉയര്‍ന്നിരുന്നു. സഹോദരന് മല്ലികാര്‍ജുന സ്വാമിയാണ് പാര്‍വതിക്ക് ഈ ഭൂമി നല്‍കിയത്. ആരോപണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മുഖ്യമന്ത്രിയെ വിചാണ ചെയ്യാന്‍ കര്‍ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്ലോത് അനുമതി നല്‍കിയിരുന്നു.
ഗവര്‍ണറുടെ നടപടി ഹൈക്കോടതി അംഗീകരിക്കുകയും പിന്നാലെ പ്രത്യേക കോടതി ലോകായുക്ത പോലീസിന് അന്വേഷണച്ചുമതല നല്‍കുകയുമായിരുന്നു.കേസില്‍ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു ലോകായുക്ത പോലീസിന് പ്രത്യേക കോടതിയുടെ നിര്‍ദേശം. 'ആരോപണവിധേയരായ ഒന്ന് മുതല്‍ നാലുവരെയുള്ളര്ക്കെതിരെ കുറ്റം തെളിയിക്കാന്‍ തക്കതായ തെളിവുകളില്ല.
ഇതുസംബന്ധിച്ച അന്തിമറിപ്പോര്‍ട്ട് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്,' കേസില്‍ ആരോപണം ഉന്നയിച്ച സാമൂഹികപ്രവര്ത്തകന് സ്നേഹമയി കൃഷ്ണയ്ക്ക് ലോകായുക്ത പോലീസ് നല്കിയ കത്തില്‍ പറയുന്നു. കേസ് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണം എന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.