ചെന്നൈ: തമിഴ്നാട്ടിൽ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ത്രിഭാഷാ നയത്തെ എതിർത്ത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിച്ചതിലൂടെ കഴിഞ്ഞ നൂറുവർഷത്തിനുള്ളിൽ 25 ഉത്തരേന്ത്യൻ പ്രാദേശിക ഭാഷകൾ നാമാവശേഷമായെന്നും സ്റ്റാലിൻ പറഞ്ഞു.തമിഴ് ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾക്ക് മേൽ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) എന്നാണ് ഡിഎംകെയുടെ ആരോപണം. എന്നാൽ സ്റ്റാലിന്റെ പരാമർശം വിഡ്ഢിത്തമാണെന്ന് ബിജെപി തിരിച്ചടിച്ചു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് പ്രാദേശിക ഭാഷകളെ കൊല്ലുന്നതിനു പിന്നിൽ. ഉത്തർപ്രദേശും ബിഹാറും ഒരിക്കലും ഹിന്ദി ഹൃദയഭൂമിയായിരുന്നില്ല.ചരിത്രത്തിന്റെ അവശേഷിപ്പ് മാത്രമായിരിക്കുകയാണ് ഈ സംസ്ഥാനങ്ങളിലെ പുരാതനഭാഷ. ഹിന്ദി നിർബന്ധമാക്കിയതോടെയാണ് പുരാതന ഭാഷകൾ ഇല്ലാതായതെന്നും സ്റ്റാലിൻ പറഞ്ഞു.
ഉത്തർപ്രദേശിന്റെ മാതൃഭാഷയല്ല ഹിന്ദി. ഭോജ്‌പുരി, ബുണ്ടേൽഖണ്ഡി (ബുണ്ടേലി) തുടങ്ങിയ ഭാഷകൾ ഉത്തർപ്രദേശിൽ നശിച്ചത് ഹിന്ദി വന്നതോടെയാണ്.
ഉത്തരാഖണ്ഡിൽ നിന്ന് കുമോണിയും അപ്രത്യക്ഷമായി. രാജസ്ഥാൻ, ഹരിയാന, ബിഹാർ, ഛണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും യഥാർഥ ഭാഷകൾ നശിച്ചു. ഭൂതകാലത്തിന്റെ അവശിഷ്ടമായി മാറിയിരിക്കുകയാണ് പല സംസ്ഥാനങ്ങളിലെയും യഥാർഥ ഭാഷകളെന്നും സ്റ്റാലിന്‍ പറഞ്ഞു.
‘‘ഹിന്ദി നിർബന്ധമാക്കിയതിലൂടെ എത്രത്തോളം ഭാഷകൾ നമുക്ക് നഷ്ടമായി എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഭോജ്‌പുരി, മൈഥിലി, അവധി, ബ്രജ്, ബുണ്ടേലി, ഗർവാലി, കുമോണി, മാഗാഹി, മാർവാരി, മാൽവി, ഛത്തീസ്‌ഗഡി, സന്താലി, അംഗിക, ഹോ, ഖരിയ, ഖോർത്ത, കുർമാലി, കുറുഖ്, മുന്ദാരി എന്നിങ്ങനെ ഒട്ടേറെ ഭാഷകളാണ് നമുക്ക് നഷ്ടമായത്. ഇതിന്റെ അവസാനം എന്തെന്ന് അറിയാവുന്നതുകൊണ്ടാണ് തമിഴ്നാട് ത്രിഭാഷാ നയത്തെ എതിർക്കുന്നത്’’ – സ്റ്റാലിൻ എക്സിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.