ന്യൂഡൽഹി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭരണം പിടിച്ചെങ്കിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നത് ബിജെപിക്ക് തലവേദനയായി. തിരഞ്ഞെടുപ്പ് ഫലം വന്നു 12 ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ പാർട്ടിക്കായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനം കാരണമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള പാർട്ടി തീരുമാനം നീളുന്നത് എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഫ്രാൻസ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനം കഴിഞ്ഞു പ്രധാനമന്ത്രി മടങ്ങി എത്തിയിട്ടും മുഖ്യമന്ത്രി ആരാവണം എന്ന തീരുമാനം നീളുകയാണ്. ചർച്ചകളിലെ ഐക്യമില്ലായ്‌മയാണ് തീരുമാനം വൈകിക്കുന്നത് എന്നാണ് അഭ്യൂഹം.
ബിജെപി നിയമസഭാ കക്ഷിയോഗം ഇന്ന് ചേരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും യോഗം ബുധനാഴ്ചത്തേക്കു മാറ്റി. തിങ്കളാഴ്ച മൂന്നുമണിക്ക് തിരഞ്ഞെടുക്കപ്പെട്ട 48 ബിജെപി നിയുക്ത എംഎൽഎമാരും യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ യോഗം മാറ്റിയതോടെ തീരുമാനം നീളുമെന്ന് ഉറപ്പായി. ബുധനാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാൽ തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് കരുതുന്നത്.
നീണ്ട ഇടവേളയ്ക്കു ശേഷം രാജ്യതലസ്ഥാനം തിരിച്ചുപിടിച്ചതിനാൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ വിപുലമായി നടത്താനാണ് ബിജെപിയുടെ ആലോചന. ബിജെപിയുടെ മുഴുവൻ എംപിമാരും പങ്കെടുക്കുന്ന ചടങ്ങിൽ രാജ്യത്തെ ബിജെപി, എൻഡിഎ സഖ്യകക്ഷികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഡൽഹിയിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നത് രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷമായ എഎപി.
ഡൽഹിയുടെ ഭരണം പ്രതിസന്ധിയിലാണെന്നും വിവിധ ഭാഗങ്ങളിൽ സേവനങ്ങൾ എത്തിക്കുന്നതിൽ തടസ്സം നേരിടുന്നതായും അവർ ആരോപിച്ചിരുന്നു. ബിജെപിക്കുള്ളിലെ ആഭ്യന്തര തർക്കം നിമിത്തമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തതെന്ന രാഷ്ട്രീയ ആയുധവും എഎപി തുടക്കത്തിലേ പ്രയോഗിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.