തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിലെ കവര്‍ച്ചാ കേസില്‍ വഴിത്തിരിവ്. പ്രതി രക്ഷപ്പെട്ടത് തൃശ്ശൂര്‍ ഭാഗത്തേക്കാണെന്ന് സൂചന ലഭിച്ചു. സി.സി.ടി.വി. പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രതി പോലീസിനെ കബളിപ്പിക്കാന്‍ ആദ്യം അങ്കമാലി ദിശയിലേക്ക് പോയെന്നും പിന്നീട് തൃശ്ശൂര്‍ ഭാഗത്തേക്ക് വരികയായിരുന്നുമെന്നാണ് നിഗമനം. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ് പോലീസ്.
20-ലേറെ പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം കഴിഞ്ഞ രാത്രി മുഴുവന്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്തുവരികയായിരുന്നു. ഇതില്‍നിന്നാണ് പോലീസിനെ കബളിപ്പിക്കാന്‍ പ്രതി ശ്രമിച്ചുവെന്ന സൂചന നല്കുന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ അതിര്‍ത്തികളിലടക്കം നിരീക്ഷണം ശക്തമാക്കി. നേരത്തെ നടത്തിയ തിരച്ചിലുകളില്‍ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
പ്രതി സംസ്ഥാനം വിട്ടിട്ടുണ്ടാവാമെന്ന സംശയവും പോലീസ് പ്രകടിപ്പിക്കുന്നുണ്ട്. 47 ലക്ഷം രൂപയുണ്ടായിരുന്നിട്ടും എന്തുകൊണ്ട് 15 ലക്ഷം മാത്രം പ്രതി കൈക്കലാക്കിയെന്നതും പോലീസിനെ കുഴപ്പിക്കുന്ന ചോദ്യമാണ്. മൂന്നുമിനിറ്റുകൊണ്ടായിരുന്നു കവര്‍ച്ച നടത്തിയത്.
ഇതില്‍ എട്ടുസെക്കന്റോളം മാത്രമാണ് കാഷ് കൗണ്ടറിലുണ്ടായിരുന്നത്. പരമാവധി പണം കവരാന്‍ ശ്രമിക്കുന്നതിന് പകരം മൂന്ന് കെട്ടുകളിലായി 15 ലക്ഷം രൂപമാത്രമാണ് പ്രതി കൈക്കലാക്കിയത്. ഇത് എന്തുകൊണ്ടാവാമെന്നതിന് ഉത്തരം കണ്ടെത്താനാണ് പോലീസ് ശ്രമം.
മോഷണസമയത്ത് ഹിന്ദി സംസാരിച്ചതും പോലീസിനെ കബളിപ്പിക്കാനാണെന്നാണ് കരുതുന്നത്. വളരെ ചുരുക്കം വാക്കുകളായിരുന്നു ഇയാള്‍ ഹിന്ദിയില്‍ ഉപയോഗിച്ചത്. കൊള്ളയടിക്കുമ്പോള്‍ പരമാവധി പണം കൈക്കലാക്കുന്നതാണ് ഉത്തരേന്ത്യന്‍ സംഘങ്ങളുടെ രീതിയെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു.
അതിനാല്‍ പ്രതി മലയാളി തന്നെയാവാമെന്നും പ്രാഥമികമായി നിഗമനത്തിലെത്തിച്ചേര്‍ന്നിട്ടുണ്ട്.പ്രതി സഞ്ചരിച്ച വാഹനം കണ്ടെത്താന്‍ കഴിയാത്തതും അന്വേഷണത്തില്‍ വലിയ വെല്ലുവിളിയാണ്. വാഹനത്തിന്റെ നമ്പര്‍ മനസിലാക്കാന്‍ പോലും പോലീസിന് സാധിച്ചിട്ടില്ല. ഹൈവേയിലൂടെ യാത്രചെയ്യുമ്പോള്‍ മിക്കവാറും സി.സി.ടി.വികള്‍ ഒഴിവാക്കിയാണ് യാത്ര ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.