മുംബൈ: 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും നവംബര്‍ മാസത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനുമിടയിലുള്ള കാലയളവില്‍ മഹാരാഷ്ട്രയില്‍ 70 ലക്ഷം പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ത്തെന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരേ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്ത്. മഹാരാഷ്ട്രയിലെ ജനങ്ങളെയും അവര്‍ നടത്തിയ ജനാധിപത്യ വിധിയേയുമാണ് അപമാനിച്ചിരിക്കുന്നതെന്നാണ് ഫഡ്നാവിസ് എക്സില്‍ കുറിച്ചത്.
"നിങ്ങള്‍ മഹാരാഷ്ട്രയിലെ ജനങ്ങളെയും, ഛത്രപതി ശിവജിയും ഭാരതരത്ന ഡോ. ബാബാ സാഹേബ് അംബേദ്കറും മഹാത്മാ ഫുലെയും വീര്‍ സവര്‍ക്കറും പിറന്ന നാടിയെയുമാണ് അപമാനിച്ചിരിക്കുന്നത്. നിങ്ങളുടെ പാര്‍ട്ടിയെ പരാജയപ്പെടുത്തി മഹാരാഷ്ട്രയിലെ ജനങ്ങള്‍ എന്‍.ഡി.എയ്ക്ക് നല്കിയ ജനവിധിയെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുന്നത്." മഹാരാഷ്ട്രയെ അപമാനിക്കുന്നതിന് പകരം ആത്മപരിശോധന നടത്തുകയാണ് ചെയ്യേണ്ടതെന്നാണ് ഫഡ്നാവിസ് പറയുന്നത്.
ആത്മപരിശോധന നടത്തേണ്ടതിന് പകരം അപമാനപ്രചാരണത്തില് മുഴുകുകയാണ് ചെയ്യുന്നത്. ഇതിന് മഹാരാഷ്ട്രയിലെ ജനങ്ങളോട് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും ഫഡ്നാവിസ് ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷമുള്ള നന്ദിപ്രമേയത്തിലാണ് 2024 നവംബറില്‍ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടിപ്പിലെ എന്‍.ഡി.എ. സംഖ്യത്തിന്റെ വിജയത്തില്‍ രാഹുല്‍ ഗാന്ധി സംശയം പ്രകടിപ്പിച്ചത്.
"മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യ സംഖ്യത്തിന് വലിയ വിജയമുണ്ടായ ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിലുള്ള ചുരുങ്ങിയ കാലയളവില്‍ ഹിമാചലിലെ ജനസംഖ്യയുടെ അത്രയും വരുന്ന ആളുകളെ മഹാരാഷ്ട്രയില്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു. ഇത് കേവലം ആരോപണമല്ല. കുറഞ്ഞ കാലയളവില്‍ ഇത്രയും ആളുകള്‍ വോട്ടര്‍പട്ടിയില്‍ പേര് ചേര്‍ത്ത മാജിക്കില്‍ എന്തോ പ്രശ്നമുണ്ടെന്ന് ശ്രദ്ധയില്‍പെടുത്തുകയാണ്." ഇതായിരുന്നു രാഹുല്‍ പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.