ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിനു മുൻപായി ആണവോർജ നിയമങ്ങളിൽ ഭേദഗതി ലക്ഷ്യമിട്ട് ഇന്ത്യ. ആണവോർജ ഉൽപാദന മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്നു ശനിയാഴ്ചത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
ഇതിനായി ആണവോർജ ഉൽപാദനത്തിന് സർക്കാരിനെ മാത്രം അനുവദിക്കുന്ന ആണവോർജ നിയമത്തിലും ആണവനിലയങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട സിവിൽ ലയബിലിറ്റി ഓഫ് ന്യൂക്ലിയർ ഡാമേജ് നിയമത്തിലും മാറ്റം വരുത്തുമെന്നും ആയിരുന്നു പ്രഖ്യാപനം. എട്ടു വർഷത്തിനുള്ളിൽ ചെറു മോഡുലാർ ന്യൂക്ലിയർ റിയാക്ടർ (എസ്എംആർ) നിർമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങൾക്കായി ന്യൂക്ലിയർ എനർജി മിഷൻ സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.ആണവോർജ മേഖലയിലെ ഇന്ത്യൻ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്ത്സ്, ഇന്ദിരാഗാന്ധി അറ്റോമിക് റിസർച് സെന്റർ, ഭാഭ അറ്റോമിക് റിസർച് സെന്റർ എന്നിവയെ കരിമ്പട്ടികയിൽനിന്ന് യുഎസ് ഒഴിവാക്കിയതിന് ആഴ്ചകൾക്കു പിന്നാലെയാണ് ആണവോർജ രംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
ഈ മാസം പ്രധാനമന്ത്രി നടത്തുന്ന യുഎസ് സന്ദർശനത്തിനിടെ ആണവ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തുമെന്നാണു സൂചന. ഇന്ത്യ–യുഎസ് ആണവക്കരാർ നടപ്പാക്കുന്നതിൽ പുതിയ ഭേദഗതി കാര്യമായ പങ്കുവഹിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു. സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് നിയമത്തിലെ കടുത്ത നിയന്ത്രണങ്ങളാണ് ആണവക്കരാർ യാഥാർഥ്യമാകുന്നതിനു തടസമായിരുന്ന പ്രധാന കാരണങ്ങളിലൊന്ന്.
2005ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ–യുഎസ് ആണവ സഹകരണത്തിനുള്ള ചർച്ച തുടങ്ങിയത്. എന്നാൽ നിയന്ത്രണങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളിലും തട്ടി മൂന്നുവർഷം കൊണ്ട് ചർച്ചകൾ വഴിമുട്ടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.