കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് പരോള്‍ വാരിക്കോരി നല്കിയ വിഷയത്തില്‍ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ കെ രമ എംഎല്‍എ. കെ സി രാമചന്ദ്രനുള്‍പ്പടെ ആയിരത്തിലധികം ദിവസമാണ് പരോള്‍ കൊടുത്തിരിക്കുന്നതെന്നും എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും കെ കെ രമ ചോദിക്കുന്നു.
ഹൈക്കോടതിയാണല്ലോ പ്രതികള്‍ക്ക് ശിക്ഷ ഇരട്ടിപ്പിച്ചത്. ഇതില്‍ എന്താണ് ഇനി ചെയ്യണ്ടതെന്ന് ഹൈക്കോടതി തന്നെ തീരുമാനിക്കട്ടെ. പ്രതികളുടെ വായില്‍ നിന്ന് എന്തെങ്കിലും പുറത്ത് വന്നാല്‍ സിപിഐഎം നേതൃത്വത്തിന് അത് ശുഭകരമായിരിക്കില്ല എന്ന ധാരണം നേതാക്കന്മാര്ക്കുണ്ട്. അതുകൊണ്ടാണ് ഇവരെ സംരക്ഷിക്കാന്‍ ഇത്രമാത്രം വ്യഗ്രത.
അല്ലെങ്കില്‍ എത്ര പ്രതികള്‍ ജയിലിനുള്ളിലുണ്ട്. അവരോടൊന്നും ഈ സഹാനുഭൂതി കാണിക്കുന്നില്ലല്ലോ? ഈ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പോകുന്നതിന് മുന്‍പ് അവരെ പുറത്ത് കൊണ്ടുവരാന്‍ നീക്കം നടത്തുമെന്നതില്‍ ഒരു സംശയവും വേണ്ട. ഹൈക്കോടതിയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ശിക്ഷാ ഇളവിനു വേണ്ടിയുള്ള പട്ടികയില്‍ ഇവരുടെ പേരുള്‍പ്പെടുത്തിയില്ലേ. മാധ്യമങ്ങള്‍ ആ പട്ടിക പുറത്ത് കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ അവര്‍ പുറത്തിറങ്ങുമായിരുന്നില്ലേ? – രമ വ്യക്തമാക്കി.ടി പി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ വാരിക്കോരിയാണ് നല്‍കിയത്. കൊടി സുനിക്ക് പരോള്‍ ലഭിച്ചത് 60 ദിവസമാണ്. കെ സി രാമചന്ദ്രന്, ട്രൗസര്‍ മനോജ്, അണ്ണന് സജിത്ത് എന്നിവര്‍ക്ക് ആയിരം ദിവസത്തിലധികം പരോള്‍ ലഭിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള പരോള്‍ക്കണക്ക് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.കെ സി രാമചന്ദ്രന് 1081 ദിവസവും, ട്രൗസര്‍ മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവും പരോള്‍ ലഭിച്ചു. ആറു പേര് 500ലധികം ദിവസം ജയിലിന് പുറത്തായിരുന്നു. ടി കെ രാജേഷ് – 940, മുഹമ്മദ് ഷാഫി – 656, ഷിനോജ് – 925, റഫീഖ് – 782, കിര്‍മാണി മനോജ് – 851, എം സി അനൂപ് – 900 എന്നിങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ലഭിച്ചത്.
ചില പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കി മോചിപ്പിക്കാനുള്ള നീക്കം അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കണക്കുകള്‍ കൂടി പുറത്ത് വന്നത്. എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കോവിഡ് സ്പെഷ്യല്‍ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോള്‍ അനുവദിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.