അഹമ്മദാബാദ്: കേരളം രഞ്ജി ഫൈനലിരികെ. സമ്മര്‍ദത്തിന്റെ പരകോടി അതിജീവിച്ചാണ് സെമിയില്‍ ഗുജറാത്തിനെതിരെ ഫൈനല്‍ സാധ്യത തുറക്കുന്ന രണ്ട് റണ്‍സിന്റെ നിര്‍ണായക ലീഡ് കേരളം പിടിച്ചത്. ഏറക്കുറേ സാധ്യതകള്‍ അസ്തമിച്ചെന്ന് കരുതിയിടത്ത് നിന്ന് പൊരുതിക്കയറി ലീഡ് പിടിച്ചെടുക്കുകയായിരുന്നു.
ഏഴിന് 429 റണ്‍സുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിനെതിരെ 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. കേരളം 455 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. സെമിയിലേക്ക് വഴിതുറന്ന് ഒരു റണ്‍ ലീഡാണെങ്കില്‍ ഫൈനലിലേക്ക് ഒരുപക്ഷേ വഴിതുറക്കുക ഈ രണ്ട് റണ്‍ ലീഡായിരിക്കും.
അവസാനദിവസം ആദിത്യ സർവാതെയും ജലജ് സക്സേനയും ചേർന്ന് ഗുജറാത്തിനെ സമ്മർദത്തിന്റെ കൊടുമുടിയിൽക്കയറ്റി കളി കേരളത്തിന്റെ വരുതിയിലാക്കുകയായിരുന്നു. വെള്ളിയാഴ്ച മത്സരത്തിനിറങ്ങുമ്പോള്‍ കേരള സ്കോറിലേക്ക് 29 റണ്‍സിന്റെ ദൂരമുണ്ടായിരുന്നു ഗുജറാത്തിന്. എന്നാല്‍ 436-ല്‍ ജയ്മീത് പട്ടേലിനെ പുറത്താക്കി സാര്‍വതെ കേരളത്തിന് ദിവസത്തിലെ ആദ്യത്തെ ബ്രേക്ക്ത്രൂ നല്കി. പിന്നാലെ സിദ്ദാര്‍ഥ് ദേശായിയെയും സാര്‍വതെ തന്നെ മടക്കി. തലേദിവസം ക്രീസില്‍ പിടിച്ചുനിന്ന ഈ രണ്ടുപേരും പുറത്തായതോടെ ഏറക്കുറെ അപകടം ഒഴിവായി. പക്ഷേ, പത്താംവിക്കറ്റില്‍ അര്‍സാന്‍ നഗ്വാസ്വല്ലയും പ്രിയാജിത്സിങ് ജഡേജയും ഏറെനേരം പിടിച്ചുനിന്നത് കേരളത്തെ കുഴക്കി. ഇരുവരും എട്ടു ഓവര്‍ പിടിച്ചുനിന്ന് ഏഴു റണ്‍സ് നേടി. ഒടുക്കം രണ്ട് റണ്‍സകലെവെച്ച് അര്‍സാനെ സാര്‍വതെ തന്നെ മടക്കി.
കേരളത്തിന് രണ്ട് റണ്‍സിന്റെ ലീഡ്. അഞ്ചാംദിനം ഓപ്പണര്‍മാരായ പ്രിയാങ്ക് പാഞ്ചലിന്റെയും (148 റണ്‍സ്) ആര്യ ദേശായിയുടെയും (73) ഇന്നിങ്സുകളാണ് ഗുജറാത്തിനെ മികച്ച നിലയിലെത്തിച്ചത്. കേരളത്തിനായി ജലജ് സക്സേനയും ആദിത്യ സര്‍വാതെ നാലുവിക്കറ്റുകൾവീതം നേടി. അവസാന ദിവസത്തെ മൂന്നുവിക്കറ്റും സാർവാതെയ്ക്കാണ്.നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം രണ്ടുദിവസവും ഒരുമണിക്കൂറും ക്രീസില്‍ നിലയുറപ്പിച്ച് 457 റണ്‍സെടുത്തിരുന്നു. 187 ഓവറാണ് കേരളം ബാറ്റുചെയ്തത്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലന്‍ സെഞ്ചുറിയും (177) ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെയും (69) തകര്‍പ്പനടിക്കാരന്‍ സല്മാന് നിസാറിന്റെയും (52) അര്‍ധ സെഞ്ചുറികളുമാണ് കേരളത്തെ മികച്ച ടോട്ടലിലെത്തിച്ചത്. അക്ഷയ് ചന്ദ്രന്, രോഹന് കുന്നുമ്മല്‍, ജലജ് സക്സേന എന്നിവര്‍ 30 വീതം റണ്‍സും നേടി.
മൂന്നുവിക്കറ്റ് വീഴ്ത്തിയ നഗ്വാസ്വല്ലയാണ് ഗുജറാത്തിന്റെ വിക്കറ്റുവേട്ടക്കാരിലെ മുന്പന്. ക്യാപ്റ്റന്‍ ചിന്തന്‍ ഗജ രണ്ടും പി.ജഡേജ, രവി ബിഷ്ണോയ്, വിഷാല്‍ ജയ്സ്വാള്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.ഒന്നാം ഇന്നിങ്സ് ലീഡ് ലക്ഷ്യംവെച്ചായിരുന്നു കേരളം സാവധാനത്തില്‍ സ്കോര്‍ നീക്കിയതെങ്കില്‍, ഗുജറാത്തിന് ആ നിലപാടായിരുന്നില്ല. വിക്കറ്റ് കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ സ്കോര്‍വേഗം കൂട്ടി. മൂന്നാംദിനം 222-ല്‍ ഒന്ന് എന്ന നിലയില്‍ കളിയവസാനിപ്പിച്ച ഗുജറാത്ത് കേരളത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. പക്ഷേ, നാലാംദിനം ജലജ് സക്സേന നാലുവിക്കറ്റുകള്‍ നേടി കേരളത്തിന്റെ പ്രതീക്ഷകളെ പുനരുജ്ജീവിപ്പിച്ചു.
ഗുജറാത്തിന്റെ വിക്കറ്റുകള്‍ അടിക്കടി വീണുകൊണ്ടിരുന്നു. ഇതിനിടെ ഫലം അങ്ങോട്ടും ഇങ്ങോട്ടും മാറിമറിയുന്ന അവസ്ഥയായി. ഒടുക്കം 357-ല്‍ ഏഴ് എന്ന നിലയില്‍ ഗുജറാത്തിനെ പ്രതിരോധിക്കാന്‍ കേരളത്തിന് കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് വിക്കറ്റുണ്ടായില്ല. വ്യാഴാഴ്ച കളിയവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. കേവലം 28 റണ്‍സ്കൂടി നേടിയാല്‍ കേരളാ സ്കോര്‍ മറികടക്കാം. ഇന്നൊരു ദിവസം മാത്രമാണ് ബാക്കിനില്‍ക്കുന്നത് എന്നിതിനാല്‍ ഇനി ഈ ടെസ്റ്റില്‍ ജയപ്രതീക്ഷ നന്നേ കുറവാണ്. അതിനാല്‍ ഒന്നാം ഇന്നിങ്സ് ലീഡുള്ളവര്‍ ഫൈനലില്‍ പ്രവേശിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.