കൊച്ചി: കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റാണ് സ്കൂട്ടർ തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയതെന്ന സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് കെ.എന്‍ ആനന്ദകുമാറിന്റെ ആരോപണം തള്ളി ലാലി വിന്‍സെന്റ്. അനന്തുകൃഷ്ണന് വഴിയാണ് താന്‍ ആനന്ദകുമാറിനെ പരിചയപ്പെട്ടതെന്ന് ലാലി വിന്‍സെന്റ് പ്രതികരിച്ചു.
നാല് വര്‍ഷം മുമ്പ് ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന പരിപാടിയില്‍വെച്ചാണ് ആനന്ദകുമാറിനെ പരിചയപ്പെട്ടത് എന്നാണോര്‍മ. അനന്തുകൃഷ്ണനെ മകനെപ്പോലെ കൊണ്ടുനടക്കുന്ന വ്യക്തിയാണ് ആനന്ദകുമാര്‍. ആനന്ദകുമാറിന്റെ ഓഫീസിലേക്ക് താന്‍ പോയിട്ടില്ലെന്നും അയാള്‍ പറയുന്നത് കള്ളമാണെന്നും ലാലി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്റെ ഓഫീസിലേക്ക് അനന്തുകൃഷ്ണനെ കൊണ്ടുവന്നത് ലാലി വിന്‍സെന്റ് ആണെന്നും അപ്പോഴാണ് പരിചയപ്പെട്ടത് എന്നുമായിരുന്നു ആനന്ദകുമാറിന്റെ ആരോപണം.അനന്തുകൃഷ്ണന്റെ അഭിഭാഷകയായിരുന്ന ലാലി വിന്‍സെന്റ് തട്ടിപ്പുകേസില്‍ ഏഴാം പ്രതിയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെട്ട വിഐപികള്‍ ഈ തട്ടിപ്പിന്റെ ഭാഗമാണെന്നും അവരുടെ പേരുകള്‍ പോലീസിനോട് പറയുമെന്നും ലാലി വിന്‍സെന്റ് വ്യക്തമാക്കി. സാമൂഹ്യ സംഘടനകളും മതസംഘടനകളും സന്യാസ സ്ഥാപനങ്ങും ഈ തട്ടിപ്പില്‍ കണ്ണികളാണെന്നും അവയെല്ലാം തുറന്നുപറയുമെന്നും ലാലി വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്കൂട്ടര്‍ തട്ടിപ്പുകേസിലെ മുഖ്യസൂത്രധാരന്‍ ആനന്ദ കുമാറാണെന്ന നിഗമനത്തിലാണ് പോലീസ്. പിടിയിലായ അനന്തുകൃഷ്ണന് ആനന്ദകുമാറിന്റെ ബിനാമി ആണോയെന്നും എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ ചുമതലയില്‍നിന്ന് ആനന്ദകുമാര്‍ ഒഴിഞ്ഞ സാഹചര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. പകുതി വിലയ്ക്ക് സ്കൂട്ടര്‍, ലാപ്ടോപ്പ്, തയ്യല്‍ മെഷീന്, സോളാര്‍ പാനല്‍ തുടങ്ങിയവ നല്‍കാമെന്ന് പറഞ്ഞ് ആയിരം കോടി രൂപയുടെ തട്ടിപ്പാണ് അനന്തുകൃഷ്ണന് നടത്തിയത്. ഏഴ് പേരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.