മലപ്പുറം : 2025-26 വാർഷിക പദ്ധതിയുടെ വികസന സെമിനാറിൽ കാർഷിക മേഖലക്കും പാർപ്പിടത്തിനും ആരോഗ്യ വിദ്യാഭ്യാസ മേഖലക്കും മുൻഗണന നൽകുന്ന 156.65 കോടിയുടെ കരട് പദ്ധതി നിർദ്ദേശങ്ങൾ മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ് അവതരിപ്പിച്ചു.
നിലവിലുള്ള ഭരണ സമിതിയുടെ അവസാന വർഷത്തെ വികസന സെമിനാർ ജില്ലാ പഞ്ചായത്തിലെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടത്തിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് എം. കെ. റഫീഖ ഉത്ഘാടനം ചെയ്തു. ഫണ്ടുകൾ വെട്ടികുറച്ചും അനാവശ്യമായി സാങ്കേതികത്വങ്ങൾ അടിച്ചേൽപ്പിച്ചും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്ന സർക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്ന് ഉത്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് ആവശ്യപ്പെട്ടു. സർക്കാരിന്റെ നിയന്ത്രണങ്ങൾക്കിടയിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതി തുക ചെലവഴിക്കാൻ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് എന്ന ഖ്യാതി നേടാൻ മലപ്പുറം ജില്ലാ പഞ്ചായത്തിന് സാധിച്ചത് ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതു ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
കാർഷിക മേഖലയിൽ നടത്തുന്ന വിവിധ നൂതനമായ പദ്ധതികൾക്ക് 25 കോടി, ലൈഫ് ഭവന പദ്ധതിക്കും അതി ദാരിദ്ര്യ വിഭാഗത്തിൽ പെട്ടവർക്ക് ഭവന പദ്ധതിക്കുമായി 12 കോടി, ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കായി 37 കോടി ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി 9 കോടി, ജില്ലാ പഞ്ചായത്തിന് കീഴിലുള്ള റോഡ് പുണരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 25 കോടി, വയോജനങ്ങൾക്കും ഭിന്നശേഷിക്കർക്കുമായി 12 കോടി, വനിതകൾക്കും കുട്ടികളുടെ ക്ഷേമത്തിനുമായി 12 കോടി, കുടിവെള്ള ശുചിത്വ മേഖലയിലെ പദ്ധതികൾക്കും മാലിന്യ നിർമാർജന പദ്ധതികൾക്കുമായി 13 കോടി, പട്ടിക ജാതി മേഖലയിലെ പ്രത്യേക പദ്ധതികൾക്കായി 24 കോടി, പട്ടിക വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 1.89 കോടി എന്നിങ്ങനെയാണ് പ്രധാന പദ്ധതി നിർദേശങ്ങളായി അവതരിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ വിവിധ കൃഷിതോട്ടങ്ങളുടെയും മൃഗ സംരക്ഷണ കേന്ദ്രങ്ങളുടെയും, സീഡ് പോൾട്രി ഫാമുകളുടെയും നവീകരണം, കാർഷിക അഭിവൃദ്ധിക്കായി വി.സി.ബി കളുടെ നിർമ്മാണം, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ ജില്ലാ ആശുപത്രികളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കൽ, വണ്ടൂർ ഹോമിയോ കാൻസർ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം, എച്ച്. ഐ. വി. ബാധിതർക്ക് പോഷകാഹാരം നൽകൽ, ഹൈ സ്കൂൾ, ഹയർ സെക്കന്ററി സ്കൂളുകളിൽ സ്റ്റാഫ് റൂം, ക്ലാസ്സ് റൂം നവീകരണം, ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വയോജന വ്യായാമ കേന്ദ്രങ്ങൾ, ഓപ്പൺ ജിംനേഷ്യം, മിനി സ്റ്റേഡിയങ്ങളുടെ നവീകരണം, വിജയ ഭേരി പദ്ധതി, ഭിന്ന ശേഷിക്കാർക്ക് സ്കോളർഷിപ്പ്, മുച്ചക്ര വാഹനം, അരക്ക് താഴെ തളർന്നവർക്ക് ഇലക്ട്രോണിക്ക് വീൽ ചെയർ, യുവജനങ്ങൾക്കുള്ള പ്രത്യേക പദ്ധതികൾ, തെരുവ് നായ വന്ദ്യംകരണത്തിനായുള്ള പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ, തുടങ്ങിയവായാണ് പ്രധാന പദ്ധതികൾ. പദ്ധതി നിർദ്ദേശങ്ങൾ 15 വർക്കിംഗ് ഗ്രൂപ്പുകളിലായി വിശദമായ ചർച്ചകൾക്ക് ശേഷം ആവശ്യമായ ഭേദഗദി നിർദ്ദേശങ്ങളോടെ ഭരണ സമിതിയിലേക്ക് ശുപാർശ ചെയ്തു. പദ്ധതി രേഖയുടെ പ്രകാശനം ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഉമ്മർ അറക്കലിനു പദ്ധതി രേഖ കൈമാറിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, അംഗങ്ങളായ പി. വി. മനാഫ്, പി.കെ.സി അബ്ദുറഹ്മാൻ, ബഷീർ രണ്ടത്താണി, ഫൈസൽ എടശ്ശേരി, വി.കെ. എം ഷാഫി, എ. പി. സബാഹ്, എ.കെ. സുബൈർ, അഡ്വ. ഷെറോണ സാറ റോയ്, പി. ഷഹാർബാൻ എൻ. എം. രാജൻ, സമീറ പുളിക്കൽ, ശ്രീദേവി പ്രാക്കുന്ന്, വി. പി. ജസീറ, റൈഹാനത്ത് കുറുമാടൻ, കെ.സലീന ടീച്ചർ, എം.പി. ശരീഫ ടീച്ചർ, യാസ്മിൻ അരിമ്പ്ര, ടി. റഹ്മത്തുന്നിസ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികളായ അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ, പി. അബ്ദുൽ കരീം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. ബിജു, എക്സിക്യൂട്ടീവ് എഞ്ചിനീയർ സുൽഫീക്കർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.