ചെര്‍ണോബില്‍: 1986 ല്‍ ആണവദുരന്തം നടന്ന ചെര്‍ണോബില്‍ ആണവ നിലയത്തിലെ നാലാം റിയാക്ടറിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന ന്യൂ സേഫ് കണ്‍ഫൈന്‍മെന്റ് (എന്എസ്സി) ഷെല്‍റ്ററിന് നേരെ ഡ്രോണ്‍ ആക്രമണം. വെള്ളിയാഴ്ചയാണ് (ഫെബ്രുവരി 14) സംഭവം. ആക്രമണത്തില്‍ ഷെല്‍റ്ററിന്റെ മേല്‍ക്കൂരയ്ക്ക് ആഘാതമേല്‍ക്കുകയും തീപ്പിടിത്തമുണ്ടാവുകയും ചെയ്തു. എന്നാല്‍ അഗ്നിസുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടലിലൂടെ തീയണച്ചു.
യുക്രൈന് പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്കി ആക്രമണം നടന്നതായി സ്ഥിരീകരിച്ചു. ലോകത്തെ വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന കെട്ടിടത്തിന് മുകളിലാണ് വന്സ്ഫോടകവസ്തുക്കള് വഹിച്ചുകൊണ്ടുള്ള ഡ്രോണ്‍ പതിച്ചതെന്ന് സെലന്‍സ്കി പറഞ്ഞു. ആക്രമണത്തെ അപലപിച്ച സെലന്‍സ്കി ഇത് ഭീകരവാദപ്രവര്‍ത്തനമാണെന്ന് ആരോപിച്ചു.കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഡ്രോണ്‍ വന്ന് പതിച്ച് പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
എന്‍എസ് സിയുടെ അകത്തേക്ക് ആക്രമണം ബാധിച്ചിട്ടില്ലെന്നും കെട്ടിടത്തിനുള്ളിലേയും പുറത്തേയും വികിരണ നിരക്ക് സാധാരണ നിലയിലാണെന്നും ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) റിപ്പോര്‍ട്ടില്‍ പറയുന്നു. ആളപായവും ഉണ്ടായിട്ടില്ല.അതേസമയം, ഈ ആക്രമണത്തിന് പിന്നാലെ യുക്രൈനിലെ ആണവ കേന്ദ്രങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. റഷ്യയുമായി നടന്നുവരുന്ന യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല.
1986 ഏപ്രില്‍ 26 നാണ് ചെര്‍ണോബില്ലിലെ റിയാക്ടര്‍ 4 പൊട്ടിത്തെറിച്ചത്. റിയാക്ടര്‍ നിന്നിടത്ത് നിന്നുള്ള വികിരണം തടയുന്നതിന് റിയാക്ടര്‍ നിന്ന സ്ഥലത്തെ പൂര്‍ണമായി മറച്ചുവെക്കും വിധം സ്റ്റീലും കോണ്‍ക്രീറ്റും ഉപയോഗിച്ച് ഒരു സാര്‍ക്കോഫോഗസ് അഥവാ ഷെല്‍റ്റര്‍ നിര്‍മിച്ചു. 1996 ആയപ്പോഴേക്കും ഈ നിര്‍മിതി ദുര്‍ബലമാവുകയും വികിരണ തോത് വര്‍ധിക്കുകയും ചെയ്യുന്ന സ്ഥിതി വന്നു. ഇതിന് ശേഷം 2017 ലാണ് പഴയ ഷെല്‍റ്ററിനെ മൂടും വിധം പുതിയ സാര്‍ക്കോഫോഗസ് നിര്‍മിച്ചത്. ഈ നിര്‍മിതിയുടെ മേല്കൂരയിലാണ് ഡ്രോണ്‍ സ്ഫോടനം ഉണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.