ന്യൂയോര്‍ക്ക്: ഫോറിന് കറപ്റ്റ് പ്രാക്ട്രീസ് ആക്ട് (എഫ്.പി.സി.എ) താത്ക്കാലികമായി നിര്‍ത്തുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെ അദാനി ഗ്രൂപ്പിനെതിരായ കുറ്റപത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ കത്ത് നല്കി. ബൈഡന് സര്‍ക്കാരിന്റെ കാലത്ത് നല്കിയ കുറ്റപത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് സര്‍ക്കാരിലെ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്കാണ് കത്ത് നല്‍കിയത്.
ലാന്‍സ് ഗുഡന്, പാറ്റ് ഫാലണ്‍, ബ്രാന്‍ഡന്‍ ഗില്‍, മൈക്ക് ഹരിഡോപോളോസ്, വില്യം ആര് ടിമ്മണ്‍സ്, ബ്രയാന്‍ ബാബിന് എന്നിവരാണ് കത്തയച്ചത്.
ഇന്ത്യയെപ്പോലെ ഒരു നയതന്ത്ര പങ്കാളിയുമായുള്ള യു.എസിന്റെ ബന്ധം കണക്കിലെടുത്താല്‍ കുറ്റപത്രം നല്കിയ നടപടി തെറ്റാണെന്ന് കത്തില്‍ പറയുന്നു. ഇന്ത്യ പോലുള്ള സഖ്യകക്ഷികളുമായുള്ള ബന്ധം സങ്കീര്‍ണമാക്കുന്ന തരത്തില്‍ കേസ് തുടരുന്നതിന് വ്യക്തമായ കാരണമില്ല. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കാന് ശ്രമിച്ചെന്നാണ് കേസ്. ഇത് ഇന്ത്യന്‍ അധികാരികള്‍ക്ക് കൈമാറുന്നതിന് പകരം കമ്പനിയുടെ എക്സിക്യൂട്ടീവുകളെ കുറ്റക്കാരാക്കാനാണ് ബൈഡന് ഭരണകൂടം ശ്രമിച്ചത്. അദാനിക്കെതിരായ കുറ്റപത്രവുമായി മുന്നോട്ടുപോകാനുള്ള തീരുമാനം യു.എസിന്റെ താത്പര്യങ്ങള്‍ക്ക് ദോഷമാണ്. കോടികളുടെ ഡോളര്‍ നിക്ഷേപിക്കുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത കമ്പനിക്കെതിരെയുള്ള അനാവശ്യ നടപടികള്‍ നിക്ഷേപകരെ യു.എസിലേക്കെത്തിക്കുന്നതില്‍ പിന്തിരിപ്പിക്കുമെന്നും കത്തില്‍ പറയുന്നു.
അദാനി ഗ്രീന്‍ എനര്‍ജിക്കും യു.എസ് കമ്പനിയായിരുന്ന അസ്യൂര്‍ പവര്‍ ഗ്ലോബലിനും 12 ഗിഗാ വാട്ടിന്റെ സൗരോര്‍ജ പദ്ധതിക്ക് കരാര്‍ ലഭിക്കാന്‍ അദാനി ഗ്രൂപ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 250 ദശലക്ഷം ഡോളര്‍ (ഏകദേശം 2100 കോടി) കൈക്കൂലി കൊടുത്തുവെന്നാണ് യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്സേഞ്ച് കമ്മീഷന് കുറ്റപത്രം പ്രകാരമെടുത്ത കേസില്‍ ആരോപിക്കുന്നത്. ഗൗതം അദാനി, അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി എക്സിക്യൂട്ടീവ് ഡയറക്ടറുമായ സാഗര്‍ അദാനി, കമ്പനിയുടെ സി.ഇ.ഒ വിനീത് ജെയ്ന്‍, അസ്യൂര്‍ പവര്‍ ഗ്ലോബലിന്റെ മുന്‍ എക്സിക്യൂട്ടീവുമാരായ രഞ്ജിത് ഗുപ്ത, രൂപേഷ് അഗര്‍വാള്‍, കനേഡിയന്‍ നിക്ഷേപകന് സിറിള്‍ കബേയ്ന്‍സ്, സൗരഭ് അഗര്‍വാള്‍, ദീപക് മല്‍ഹോത്ര എന്നിവര്‍ക്കെതിരെ എഫ്.പി.സി.എയും ചുമത്തിയിരുന്നു. എന്നാല്‍ ഈ കുറ്റപത്രം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു.ട്രംപ് വീണ്ടും അധികാരത്തില്‍ വന്നതിന് പിന്നാലെ എഫ്.പി.സി.എ താത്ക്കാലികമായി നിര്‍ത്തുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചത് അദാനിയെ രക്ഷിക്കാനാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഈ നിയമപ്രകാരം അമേരിക്കയിലെ വ്യവസായികള്‍ വിദേശ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നത് കുറ്റകരമായിരുന്നു. എന്നാല്‍ ഈ നിയമം ആഗോളതലത്തില്‍ കമ്പനികളെ മോശമായി ബാധിക്കുന്നതിലാണ് നിര്‍ത്തലാക്കുന്നത് എന്നാണ് ട്രംപിന്റെ വിശദീകരണം. എഫ്.സി.പി.എയുമായി ബന്ധപ്പെട്ട് നിലവിലുള്ളതും പഴയതുമായ എല്ലാ കേസുകളും അവലോകനം ചെയ്യുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.